ബുക്കര്‍ ജേതാവായ അരുന്ധതി റോയ്, ഇടതുപക്ഷക്കാരിയായ കനേഡിയന്‍ എഴുത്തുകാരി നവോമി ക്ലെയിന്‍, നൊബേൽ ജേതാവായ ഫ്രഞ്ച് എഴുത്തുകാരി ആനി എര്‍നൊ, റേച്ചല്‍ കുഷ്നര്‍ തുടങ്ങിയ എഴുത്തുകാരാണ് ഫലസ്തീന്‍ അനുകൂല നിലപാട് സ്വീകരിച്ചിരിക്കുന്നത്.
ഇസ്രഈല്‍ പ്രസാധകരെ ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള സംയുക്ത പ്രസ്താവനയില്‍ ഒപ്പുവെച്ചുകൊണ്ടാണ് എഴുത്തുകാര്‍ ഫലസ്തീന്‍ ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്. ഇസ്രഈല്‍-ഫലസ്തീന്‍ യുദ്ധത്തിന്റെ ആദ്യഘട്ടം മുതല്‍ ഫലസ്തീന്‍ ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച വ്യക്തിയാണ് ഇന്ത്യക്കാരി കൂടിയായ അരുന്ധതി റോയ്.
2024 പെന്‍ പിന്റര്‍ പുരസ്‌കാരം നേടിയ അരുന്ധതി റോയ്, പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം സമ്മാനത്തുക ഫലസ്തീന്‍ കുട്ടികള്‍ക്കായുള്ള ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് അറിയിച്ചിരുന്നു. ഫലസ്തീനികളുടെ ചെറുത്തുനില്‍പ്പിനെ കുറിച്ച് സമൂഹത്തില്‍ അവബോധം വളര്‍ത്താന്‍ പ്രയത്നിക്കുമെന്നും അരുന്ധതി റോയ് വ്യക്തമാക്കിയിരുന്നു.
ഇതിനുപിന്നാലെയാണ് ഇസ്രഈല്‍ പ്രസാധകരെ ബഹിഷ്‌കരിക്കാനുള്ള തീരുമാനത്തിലേക്ക് കൂടി അരുന്ധതി റോയ് എത്തിയിരിക്കുന്നത്.
ഫലസ്തീനികള്‍ക്കെതിരായ വംശഹത്യയെ പിന്തുണക്കുന്ന ഇസ്രഈലിലെ പ്രസാധകരുമായി സഹകരിക്കില്ലെന്നാണ് സംയുക്ത പ്രസ്താവനയില്‍ പറയുന്നത്. ഇസ്രഈലുമായി ബന്ധമുള്ള സാംസ്‌കാരിക പരിപാടികളില്‍ പങ്കെടുക്കില്ലെന്നും പ്രസ്താവന വ്യക്തമാക്കുന്നു.
വംശഹത്യയെ ന്യായീകരിക്കുന്നതും വെള്ളപൂശുന്നതുമായ നിലപാടുകളാണ് ഇസ്രഈല്‍ പ്രസാധകര്‍ സ്വീകരിക്കുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു. ഫലസ്തീന്‍ ജനതയുടെ അവകാശങ്ങളെ പരസ്യമായി അംഗീകരിക്കാത്ത സ്ഥാപനങ്ങള്‍ ഇനിയും ബഹിഷ്‌കരിക്കപ്പെടുമെന്നും പ്രസ്താവന വ്യക്തമാക്കി.
21ാം നൂറ്റാണ്ടില്‍ കുട്ടികള്‍ക്കെതിരെ നടക്കുന്ന ഏറ്റവും വലിയ യുദ്ധമാണ് ഗസയിലേതെന്നും എഴുത്തുകാര്‍ ചൂണ്ടിക്കാട്ടി. നിലവില്‍ കണക്കുകള്‍ പ്രകാരം, 16456 കുട്ടികളാണ് ഇസ്രഈലിന്റെ ആക്രമണത്തില്‍ ഗസയില്‍ കൊല്ലപ്പെട്ടത്.
ഇസ്രഈല്‍ അനുകൂല നിലപാട് സ്വീകരിച്ചതില്‍ ടാറ്റ, മാക് ഡൊണാള്‍സ്, സ്റ്റാര്‍ ബക്‌സ്, സാറ ഉള്‍പ്പെടെയുള്ള കമ്പനികള്‍ക്കെതിരെ ബഹിഷ്‌കരണാഹ്വാനം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് എഴുത്തുകാരുടെ നീക്കം.
2023 ഒക്ടോബര്‍ ഏഴിന് ആരംഭിച്ച യുദ്ധത്തില്‍ ഗസയില്‍ ഇതുവരെ 43,362 ഫലസ്തീനികളെയാണ് ഇസ്രഈല്‍ കൊലപ്പെടുത്തിയത്.
Content Highlight: More than 1,000 writers decided to boycott Israeli publishers