| Tuesday, 17th September 2024, 8:31 pm

ലെബനനില്‍ പേജറുകള്‍ പൊട്ടിത്തെറിച്ച് ഹിസ്ബുള്ള അംഗങ്ങളടക്കം ആയിരത്തിലധികം പേര്‍ക്ക് പരിക്ക്; പരിക്കേറ്റവരില്‍ ഇറാന്‍ സ്ഥാനപതിയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെയ്‌റൂട്ട്: ലെബനനില്‍ ഹിസ്ബുള്ള പ്രവര്‍ത്തകര്‍ ഉപയോഗിക്കുന്ന പേജറുകള്‍ പൊട്ടിത്തെറിച്ച് ഹിസ്ബുള്ള അംഗങ്ങളടക്കം ആയിരത്തിലധികം പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്. പരിക്കേറ്റവരില്‍ ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇസ്രഈലുമായുള്ള ഒരു വര്‍ഷത്തിലേറെയായി നിണ്ടുനില്‍ക്കുന്ന സംഘര്‍ഷത്തിനിടയിലെ ഏറ്റവും വലിയ സുരക്ഷാ വീഴ്ചയാണ് ചൊവ്വാഴ്ചയുണ്ടായിരിക്കുന്നത് എന്നാണ് പേര് വെളിപ്പെടുത്താത്ത ഒരു ഹിസ്ബുള്ള അംഗത്തെ ഉദ്ധരിച്ച് കൊണ്ട് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ആശയവിനിമയത്തിന് ഉപയോഗിക്കുന്ന പേജറുകള്‍ ഹാക്ക് ചെയ്താണ് പൊട്ടിത്തെറിയുണ്ടാക്കിയതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. അപകടത്തില്‍ ലെബനനിലെ  ഇറാന്‍ സ്ഥാനപതി മുജ്തബ അമാനിക്കും പരിക്കേറ്റിട്ടുണ്ടെന്ന് ഇറാനിലെ വാര്‍ത്താ ഏജന്‍സിയായ മെഹര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

രാജ്യത്തിന്റെ തെക്ക്, കിഴക്ക് പ്രദേശങ്ങള്‍, ബെയ്‌റൂട്ടിന്റെ തെക്കന്‍ മേഖലയിലുള്ള പ്രാന്ത പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ഒരേ സമയം സ്‌ഫോടനങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. ഹിസ്ബുള്ളയുടെ ആശയവിനിമയ ഉപകരണങ്ങള്‍ അപഹരിക്കപ്പെട്ടെന്നും മുറിവേറ്റും തലയില്‍ ചോരയൊലിച്ചുമുള്ള തറയില്‍ കിടക്കുന്ന മനുഷ്യരുടെ ചിത്രങ്ങള്‍ ലെബനനിലൂടനീളം പ്രചരിക്കുന്നതായും അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.

രക്തം വാര്‍ന്ന് കിടക്കുന്ന മനുഷ്യരുടെ ചിത്രങ്ങള്‍ പ്രദേശങ്ങളില്‍ പരിഭ്രാന്തി പരത്തുന്നുണ്ടെന്നും ആംബുലന്‍സുകള്‍ പരക്കെ പോകുന്നതിന്റെ ശബ്ദങ്ങള്‍ കേള്‍ക്കുന്നതായും റിപ്പോര്‍ട്ടിലുണ്ട്. ആശുപത്രികളില്‍ നിന്ന് രക്തം ആവശ്യപ്പെട്ടുള്ള അറിയിപ്പുകളും വരുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളിലുണ്ട്.

കെട്ടിടങ്ങളില്‍ നിന്ന് ആളുകള്‍ കൂട്ടത്തോടെ പുറത്തേക്ക് ഓടിയിരുന്നതായും പലചരക്ക് കടകള്‍ ഉള്‍പ്പടെയുള്ള സ്ഥാപനങ്ങളിലെ ചെറിയ ഹാര്‍ഡ് വെയര്‍ ഡിവൈസുകളും പൊട്ടിത്തെറിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. കൂടുതല്‍ അപകടം ഒഴിവാക്കാനായി പേജറുകള്‍ ഉപയോഗിക്കുന്നത് താത്കാലികമായി നിര്‍ത്തിവെക്കാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

content highlights: More than 1,000 injured, including Hezbollah members in pagers explosion in Lebanon; The Iranian ambassador was among the injured

We use cookies to give you the best possible experience. Learn more