മുംബൈ: സമാജ് വാദി പാര്‍ട്ടി പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് സഖ്യത്തിലേക്ക് കൂടുതല്‍ അംഗങ്ങള്‍. ഒരു എം.എല്‍.എ മാത്രമുള്ള സ്വാഭിമാനി ഷേത്കരി സംഘടനും സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ചു.
തിങ്കളാഴ്ച മൂന്ന് പാര്‍ട്ടികളും ചേര്‍ന്ന മഹാ വികാസ് അഘാഡി 162 എം.എല്‍.എമാരെ അണി നിരത്തി ശക്തി പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടി സഖ്യത്തിന് പിന്തുണ അറിയിച്ചത്.
മഹാരാഷ്ട്ര നിയമസഭയില്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസ് ഭൂരിപക്ഷം തെളിയിക്കേണ്ടത് എപ്പോഴെന്നതില്‍ സുപ്രീം കോടതി വിധി പറയാനിരിക്കെയാണ് സഖ്യം കൂടുതല്‍ പിന്തുണ നേടുന്നത്.
രണ്ടാഴ്ചയാണു നവംബര്‍ 23 മുതല്‍ ഗവര്‍ണര്‍ ഭഗത് സിങ് കോശ്യാരി അനുവദിച്ച സമയമെന്നാണ് ബി.ജെ.പിക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ മുകുള്‍ റോത്തഗി സുപ്രീംകോടതിയില്‍ വാദിക്കുന്നത്.
അതേസമയം എത്രയും വേഗം ഭൂരിപക്ഷം തെളിയിക്കാന്‍ നിര്‍ദ്ദേശിക്കണമെന്നാണ് ഹരജിക്കാരായ ശിവസേനയുടെയും എന്‍.സി.പിയുടെയും കോണ്‍ഗ്രസിന്റെയും ആവശ്യം.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഇതില്‍ കോടതി കഴിഞ്ഞവര്‍ഷം കര്‍ണാടക കേസില്‍ സ്വീകരിച്ച നിലപാട് സ്വീകരിക്കുമോ എന്നതിലേക്കാണ് എല്ലാവരും ഉറ്റുനോക്കുന്നത്. അങ്ങനെയെങ്കില്‍ ഫഡ്നാവിസിനോട് ഉടന്‍ ഭൂരിപക്ഷം തെളിയിക്കാന്‍ കോടതി ഇന്നുത്തരവിടും.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ