| Wednesday, 12th May 2021, 8:33 am

രാജ്യത്ത് വാക്‌സിന്‍ ക്ഷാമം രൂക്ഷം; കൊവിഡ് വാക്‌സിന്‍ നേരിട്ട് ഇറക്കുമതി ചെയ്യാന്‍ ബി.ജെ.പി സംസ്ഥാനങ്ങളും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൊവിഡ് വാക്‌സിന്‍ വിദേശത്ത് നിന്നും നേരിട്ട് ഇറക്കുമതി ചെയ്യാനൊരുങ്ങി കൂടുതല്‍ സംസ്ഥാനങ്ങള്‍. കര്‍ണാടകയാണ് വാക്‌സിന്‍ ഇറക്കുമതി ചെയ്യുന്നതിനെ കുറിച്ച് ചിന്തിക്കുകയാണെന്ന് അറിയിച്ചിട്ടുള്ളത്. രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം തീവ്ര വ്യാപനത്തിലെത്തുകയും അതേസമയത്ത് തന്നെ വാക്‌സിന്‍ ക്ഷാമം രൂക്ഷമാകുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് വാക്‌സിന്‍ ഇറക്കുമതി ചെയ്യാന്‍ കൂടുതല്‍ സംസ്ഥാനങ്ങള്‍ രംഗത്തുവന്നിരിക്കുന്നത്.

നേരത്തെ ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ എന്നീ സംസ്ഥാനങ്ങള്‍ വാക്‌സിന്‍ ഇറക്കുമതി ചെയ്യുന്ന തീരുമാനത്തിലേക്ക് നീങ്ങുകയാണെന്ന് അറിയിച്ചിരുന്നു. ആന്ധ്രാപ്രദേശും തെലങ്കാനയും സമാനമായ തീരുമാനങ്ങള്‍ പങ്കുവെച്ചിരുന്നു.

രാജ്യത്ത് കൊവിഡ് പടര്‍ന്നുപിടിക്കുമ്പോഴും കൊവിഡ് വ്യാപനം കുറഞ്ഞ വിദേശ രാജ്യങ്ങളിലേക്കായിരുന്നു കേന്ദ്ര സര്‍ക്കാര്‍ വാക്‌സിന്‍ കയറ്റിയയച്ചിരുന്നത് എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് ഇന്ത്യ കടുത്ത വാക്‌സിന്‍ ക്ഷാമം നേരിടുകയാണെന്ന് വ്യക്തമാക്കുന്ന നടപടികളുമായി സംസ്ഥാനങ്ങള്‍ മുന്നോട്ടുവന്നിരിക്കുന്നത്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളടക്കമാണ് വാക്‌സിന്‍ ക്ഷാമത്തെ തുടര്‍ന്ന് വിദേശത്ത് നിന്നും ഇറക്കുമതി ചെയ്യാനുള്ള തീരുമാനെമെടുത്തിരിക്കുന്നത്.

അതേസമയം 18 കോടി വാക്‌സിന്‍ ഇതുവരെ സൗജന്യമായി വിതരണം നടത്തിയെന്നും അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ 7,29,610 വാക്‌സിന്‍ കൂടി വിതരണം ചെയ്യുമെന്നുമാണ് കേന്ദ്രം അറിയിച്ചിട്ടുള്ളത്. 90 ലക്ഷം വാക്‌സിന്‍ കൂടി വിതരണം ചെയ്യാനുണ്ടെന്നും കേന്ദ്രം അറിയിച്ചു.

എന്നാല്‍ അപ്പോഴും രണ്ടാം ഡോസ് വാക്‌സിന്‍ വിതരണം ചെയ്യുന്നതില്‍ തന്നെ കനത്ത ക്ഷാമം നേരിടുമെന്നാണ് സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും വ്യക്തമാക്കുന്നത്. ഇത് വാക്‌സിന്‍ കുത്തിവെപ്പിലൂടെ പ്രതിരോധം കൈവരിക്കാനുള്ള നീക്കങ്ങളെ ദോഷകരമായി ബാധിക്കുമെന്നും സംസ്ഥാനങ്ങള്‍ പറയുന്നു.

വാക്സിന്‍ ക്ഷാമം ശക്തമായ സാഹചര്യത്തില്‍ വിദേശത്ത് നിന്നും നേരിട്ട് വാക്സിന്‍ ഇറക്കുമതി ചെയ്യുന്നതിനെ കുറിച്ച് ആലോചിക്കുന്നതായി മഹാരാഷ്ട്ര മന്ത്രി ആദിത്യ താക്കറെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. മുംബൈയിലെ ജനങ്ങളെ എത്രയും വേഗം വാക്സിനേറ്റ് ചെയ്യാനാണ് ഈ നടപടിയെ കുറിച്ച് ആലോചിക്കുന്നതെന്നും ആദിത്യ താക്കറെ പറഞ്ഞു.

‘മുംബൈയ്ക്ക് വേണ്ടി വിദേശത്ത് നിന്നും വാക്സിന്‍ ഇറക്കുമതി ചെയ്യുന്നതിനെ കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കുകയാണ്. അങ്ങനെ ഞങ്ങള്‍ക്ക് ചെയ്യാന്‍ സാധിച്ചാല്‍ മൂന്ന് ആഴ്ച കൊണ്ട് മുംബൈയിലെ മുഴുവന്‍ ജനങ്ങളെയും വാക്സിനേറ്റ് ചെയ്യാനുള്ള കൃത്യമായി പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഇതിന് എത്ര ചെലവാകുമെന്നത് ഒരു പ്രശ്നമേയല്ല, എത്രയും വേഗം വാക്സിനേറ്റ് ചെയ്യാനുള്ള നടപടികളെ കുറിച്ചാണ് ആലോചിക്കുന്നത്,’ ആദിത്യ താക്കറെ പറഞ്ഞു.

നേരത്തെ കേന്ദ്രത്തിന്റെ വാക്സിന്‍ നയത്തിനെതിരെ വലിയ വിമര്‍ശനമുയര്‍ന്നിരുന്നു. രാജ്യത്ത് നിര്‍മ്മിക്കുന്ന വാക്സിന്റെ 50 ശ്തമാനം കേന്ദ്രം വാങ്ങി സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്യുമെന്നും ബാക്കി ആവശ്യമായ വാക്സിന്‍ നിര്‍മ്മാതാക്കളില്‍ നിന്നും സംസ്ഥാനങ്ങളോടും സ്വകാര്യ ആശുപത്രികളോടും നേരിട്ട് വാങ്ങണമെന്നും അതിന്റെ വില കമ്പനികള്‍ നിശ്ചയിക്കുമെന്നുമുള്ള സര്‍ക്കാരിന്റെ നയമാണ് വലിയ വിമര്‍ശനങ്ങള്‍ക്ക് വിധേയമായത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: More states to import Covid vaccine from foreign countries

We use cookies to give you the best possible experience. Learn more