ന്യൂദല്‍ഹി: ബി.ജെ.പി എം.പിയും റെസ്ലിങ് ഫെഡറേഷന്‍ മുന്‍ അധ്യക്ഷനുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരായ ലൈംഗിക പീഡനാരോപണത്തില്‍ ഗുസ്തി താരങ്ങള്‍ നടത്തുന്ന പ്രതിഷേധത്തിന് പിന്തുണയുമായി കൂടുതല്‍ കായിക താരങ്ങള്‍.
തന്റെ സഹ കായികതാരങ്ങള്‍ നീതി ആവശ്യപ്പെട്ട് തെരുവിലിറങ്ങുന്നത് കാണുമ്പോള്‍ വേദനയുണ്ടെന്നും കേസില്‍ വേഗത്തിലുള്ള നടപടിയുണ്ടാകണമെന്നും ഒളിമ്പിക് സ്വര്‍ണ മെഡല്‍ ജേതാവ് നീരജ് ചോപ്ര പറഞ്ഞു. ട്വീറ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘നമ്മുടെ കായികതാരങ്ങള്‍ നീതി ആവശ്യപ്പെട്ട് തെരുവിലിറങ്ങുന്നത് എന്നെ വേദനിപ്പിക്കുന്നു. മഹത്തായ നമ്മുടെ രാഷ്ട്രത്തെ പ്രതിനിധീകരിക്കാനും നമ്മെ അഭിമാനിപ്പിക്കാനും കഠിനമായി പരിശ്രമിച്ചവരാണവര്‍.
ഒരു രാഷ്ട്രമെന്ന നിലയില്‍, ഓരോ വ്യക്തിയുടെയും, അത്ലറ്റിന്റെയും അന്തസും ആത്മാഭിമാനവും സംരക്ഷിക്കാന്‍ ഭരണകൂടത്തിന് ബാധ്യതയുണ്ട്,’ നീരജ് ചോപ്ര എഴുതി.
ക്രിക്കറ്റ് ലോകകപ്പ് ജേതാവായ കപില്‍ ദേവും ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായെത്തി. ‘ഇവര്‍ക്ക് എന്നെങ്കിലും നീതി ലഭിക്കുമോ,’ എന്നാണ് ബജ്റംഗും വിനേഷും ഉള്‍പ്പെടുന്ന ഒരു പത്രസമ്മേളനത്തിന്റെ ചിത്രം തന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പ്രൊഫൈലില്‍ ഒരു സ്റ്റോറിയായി പോസ്റ്റ് ചെയ്ത് അദ്ദേഹം പറഞ്ഞത്.
അതേസമയം, താരങ്ങളുടെ പ്രതിഷേധത്തെ വിമര്‍ശിച്ച ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് പി.ടി ഉഷക്കെതിരെയും വിമര്‍ശനം ഉയരുന്നുണ്ട്.
താരങ്ങളുടെ പ്രതിഷേധം കായികരംഗത്തിനും രാജ്യത്തിന്റെ പ്രതിച്ഛായക്കും ദോഷമുണ്ടാക്കുന്നതാണെന്നായിരുന്നു പി.ടി. ഉഷ പറഞ്ഞിരുന്നത്.
ബ്രിജ് ഭൂഷണിനെതിരായ സമരം രാജ്യത്തിന്റെ പ്രതിച്ഛായക്ക് ദോഷമുണ്ടാക്കുമെന്ന് പറയുമ്പോള്‍ അയാള്‍ക്കെതിരായ പീഡന ആരോപണങ്ങളും, കേസ് രജിസ്റ്റര്‍ ചെയ്യാതിരിക്കുന്നതുമൊക്കെ ഇന്ത്യയില്‍ റോസാപ്പൂക്കളുടെ ഗന്ധം പടര്‍ത്തുകയാണല്ലോ അല്ലേ എന്നാണ് ഇതിന് മറുപടിയായി തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര ട്വിറ്ററില്‍ കുറിച്ചത്.
ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ നടപടി ആവശ്യപ്പെട്ട് കൊണ്ട് ഞായറാഴ്ചയാണ് സാക്ഷി മാലിക്കും വിനേഷ് ഫോഗാട്ടുമുള്‍പ്പെടെയുള്ള ഗുസ്തി താരങ്ങള്‍ പ്രതിഷേധം ആരംഭിച്ചത്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ജനുവരിയിലും താരങ്ങള്‍ പ്രതിഷേധിച്ചിരുന്നു.
Content Highlight: More sportspersons support wrestlers’ protest