തിരുവനന്തപുരം: ജലന്ധര്‍ ബിഷപ്പിനെതിരെ ആരോപണങ്ങളുമായി കൂടുതല്‍ കന്യാസ്ത്രീകള്‍ രംഗത്ത്. ബിഷപ്പ് നിരന്തരം ലൈംഗീക ചുവയോടെ പെരുമാറിയിരുന്നെന്നും നിര്‍ബന്ധ ആലിംഗനത്തിന് ഇരയാക്കിയിരുന്നതായും കന്യാസ്ത്രീകള്‍ മൊഴിനല്‍കി.
നിരവധി അനുഭവങ്ങള്‍ ഇത്തരത്തില്‍ ഉണ്ടായിട്ടുണ്ട്. ബിഷപ്പിന്റെ ഇത്തരത്തിലുള്ള പെരുമാറ്റത്തിനെ തുടര്‍ന്ന് രണ്ട് പേര്‍ സഭാ വസ്ത്രം ഉപേക്ഷിച്ചതായും മൊഴിയുണ്ട്. ബിഷപ്പിന്റെ നേതൃത്വത്തില്‍ നടന്ന “ഇടയനോടൊപ്പം ഒരു ദിവസം” എന്ന പേരില്‍ നടത്തിയ പരിപാടിയിലും ഇത്തരത്തിലുള്ള അനുഭവങ്ങള്‍ ഉണ്ടായെന്നും കന്യാസ്ത്രീകള്‍ നല്‍കിയ മൊഴിയില്‍ പറയുന്നു.
Also Read 377ാം വകുപ്പിനെതിരായ പോരാട്ടത്തില്‍ സഹായിച്ചവരും വിലങ്ങുതടിയായി നിന്നവരും
ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസില്‍ ഇരയായ കന്യാസ്ത്രീ നേരത്തെ മജിസ്ട്രേറ്റിനു മുമ്പില്‍ രഹസ്യമൊഴി നല്‍കിയിരുന്നു. ചങ്ങനാശ്ശേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലായിരുന്നു മൊഴി രേഖപ്പെടുത്തിയത്. ക്രിമിനല്‍ നടപടിക്രമം 164 ആം വകുപ്പു പ്രകാരമാണ് മൊഴി രേഖപ്പെടുത്തിയത്. 2014ല്‍ കുറവിലങ്ങാട്ടെ മഠത്തില്‍ വെച്ച് ബിഷപ്പ് പീഡിപ്പിച്ചെന്നാണ് കന്യാസ്ത്രീയുടെ പരാതി.
എന്നാല്‍ അച്ചടക്ക നടപടി സ്വീകരിച്ചതിലെ വൈരാഗ്യംമൂലമാണ് കന്യാസ്ത്രീ ആരോപണം ഉന്നയിച്ചിരിക്കുന്നതെന്നായിരുന്നു ഈ പരാതിയെ കുറിച്ച് ബിഷപ്പിന്റെ വാദം.
നേരത്തെ ബിഷപ്പിന്റെ വാദത്തെ പിന്തുണച്ചും കന്യാസ്ത്രീയെ തള്ളി പറഞ്ഞും മിഷനറീസ് ഓഫ് ജീസസ് സന്യാസി സമൂഹം രംഗത്തെത്തിയിരുന്നു. സഭയില്‍ പോലും കന്യാസ്ത്രി പരാതി ഉന്നയിച്ചില്ലെന്നായിരുന്നു വാദം.