| Tuesday, 28th July 2020, 9:41 pm

എറണാകുളത്ത് കൊവിഡ് വ്യാപനം രൂക്ഷം; ഫോര്‍ട്ട് കൊച്ചിയില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തും, നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും: വി.എസ് സുനില്‍കുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലുവ: കൊവിഡ് രോഗവ്യാപനം കൂടിയ സാഹചര്യത്തില്‍ എറണാകുളം ജില്ലയിലെ കൂടുതല്‍ മേഖലകളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. ഫോര്‍ട്ടുകൊച്ചി-മട്ടാഞ്ചേരി മേഖലയില്‍ രോഗവ്യാപനം കൂടിയ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി കര്‍ഫ്യൂ പ്രഖ്യാപിക്കുമെന്നും കളമശ്ശേരി നഗരസഭ കണ്ടൈന്‍മെന്റ് സോണാക്കാന്‍ ആലോചിക്കുന്നുണ്ടെന്നും മന്ത്രി വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു.

ജില്ലയില്‍ മൊത്തത്തില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നില്ല. രോഗം രൂക്ഷമായ പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും. ജില്ലയിലെ ചിലഭാഗങ്ങളില്‍ രോഗവ്യാപനം നിയന്ത്രണത്തിലാകുമ്പോള്‍ മറ്റ് സ്ഥലങ്ങളില്‍ രോഗം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യമാണിപ്പോള്‍. ഇതു സംബന്ധിച്ച് പൊലീസിനും ആരോഗ്യവകുപ്പിനും നിര്‍ദേശം നല്‍കിയിട്ടുണ്ട് -മന്ത്രി വ്യക്തമാക്കി.

27 വാര്‍ഡുകളുള്ള പ്രദേശമാണ് ഫോര്‍ട്ടുകൊച്ചി-മട്ടാഞ്ചേരി മേഖല. ഇവിടത്തെ 2, 3, 20 വാര്‍ഡുകളിലാണ് കൂടുതല്‍ രോഗബാധയുള്ളത്. ഈ പ്രദേശങ്ങളെ ബന്ധിപ്പിച്ച് പൊലീസ് പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ട്. ഈ മേഖലയില്‍ ആലുവയ്ക്ക് സമാനമായ രീതിയില്‍ കര്‍ഫ്യൂ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ നിര്‍ദേശിച്ചിട്ടുണ്ട്- മന്ത്രി പറഞ്ഞു.

അതേസമയം കളമശേരി ഇന്‍ഡസ്ട്രിയല്‍ ഏരിയയായതിനാല്‍ ഇളവുകള്‍ അനുവദിച്ചുകൊണ്ട് കണ്ടെയ്ന്‍മെന്റ് സോണാക്കാന്‍ ആലോചിക്കുന്നതായും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് പുതുതായി 1167 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 679 പേര്‍ക്കാണ് ഇന്ന് കൊവിഡ് രോഗമുക്തിയുണ്ടായത്. 888 പേര്‍ക്ക് ഇന്ന് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. ഇതില്‍ 55 പേരുടെ ഉറവിടം വ്യക്തമല്ല.

122 പേര്‍ വിദേശത്ത് നിന്നും 96 പേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 33 ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു.

നാല് മരണമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. എറണാകുളം സ്വദേശി 82 വയസ്സുള്ള അബൂബക്കര്‍, കാസര്‍കോട് സ്വദേശി 70 വയസ്സുള്ള അബ്ദുറഹിമാന്‍, ആലപ്പുഴയിലെ 65 വയസ്സുള്ള സൈനുദ്ദീന്‍, തിരുവനന്തപുരത്ത് 65 വയസ്സുള്ള സെല്‍വമണി എന്നിവരാണ് മരിച്ചത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Latest Stories

We use cookies to give you the best possible experience. Learn more