| Saturday, 5th June 2021, 7:36 am

അവശ്യ സര്‍വീസ് മാത്രം; ഇന്നു മുതല്‍ സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഇന്നു മുതല്‍ ജൂണ്‍ ഒമ്പതു വരെ സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍. കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തില്‍ കുറയാത്ത സാഹചര്യത്തിലാണ് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. നിയന്ത്രണങ്ങള്‍ ശക്തമായി നടപ്പാക്കാന്‍ കൂടുതല്‍ പൊലീസിനെ നിയോഗിച്ചിച്ചിട്ടുണ്ട്. നേരത്തെ പ്രഖ്യാപിച്ചതു പ്രകാരം ബുധന്‍ വരെയാണ് സംസ്ഥാനത്തെ ലോക്ഡൗണ്‍.

അവശ്യ സാധനങ്ങളുടെ കടകള്‍, വ്യവസായ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ അസംസ്‌കൃത വസ്തുക്കളും മറ്റും (പാക്കേജിങ് ഉള്‍പ്പെടെ) വില്‍ക്കുന്ന സ്ഥാപനങ്ങള്‍, നിര്‍മാണ സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ എന്നിവയ്ക്കു മാത്രമാണ് 5 ദിവസം പ്രവര്‍ത്തനാനുമതി. നിലവില്‍ പ്രവര്‍ത്തനാനുമതിയുള്ള മറ്റു വിപണന സ്ഥാപനങ്ങള്‍ ഈ ദിവസങ്ങളില്‍ തുറക്കില്ല.

സംസ്ഥാനത്തിനകത്തു യാത്രാനുമതിയുള്ളവര്‍ക്ക് (ഡെലിവറി ഏജന്റുമാര്‍ ഉള്‍പ്പെടെ) കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ട. എന്നാല്‍ സംസ്ഥാനത്തിന് പുറത്തുനിന്നു വരുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.

സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, കോര്‍പ്പറേഷനുകള്‍, കമ്മിഷനുകള്‍ തുടങ്ങിയവ 50 ശതമാനം ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ജൂണ്‍ പത്തിനേ പ്രവര്‍ത്തനം ആരംഭിക്കുകയുള്ളു. അനാവശ്യ യാത്ര നടത്തുന്നവര്‍ക്കെതിരെയും യാത്രാ പാസുകള്‍ ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

We use cookies to give you the best possible experience. Learn more