ന്യൂദല്‍ഹി: മുത്തലാഖ് ബില്‍ രാജ്യസഭയിലും പാസായി. ബില്‍ സെലക്ട് കമ്മിറ്റിക്കു വിടണമെന്ന ആവശ്യം തള്ളിയതിനു പിന്നാലെ നടന്ന വോട്ടെടുപ്പിലും സര്‍ക്കാരിന് അനുകൂലമായാണു കാര്യങ്ങള്‍ സംഭവിച്ചത്. ഇതോടെ മുത്തലാഖ് ചൊല്ലുന്ന ഭര്‍ത്താക്കന്മാര്‍ക്ക് മൂന്നുവര്‍ഷത്തെ തടവുശിക്ഷ നല്‍കാനുള്ള നിയമം രൂപീകൃതമാകും.
99 പേര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 84 പേരാണ് എതിര്‍ത്ത് വോട്ട് ചെയ്തത്. വോട്ടെടുപ്പിനിടെ എ.ഐ.ഡി.എം.കെ, ജെ.ഡി.യു അംഗങ്ങള്‍ സഭ ബഹിഷ്‌കരിച്ചു. ബി.എസ്.പി, ടി.ആര്‍.എസ്, ടി.ഡി.പി പാര്‍ട്ടി അംഗങ്ങള്‍ ആരുംതന്നെ സഭയിലുണ്ടായില്ല.
നേരത്തേ സെലക്ട് കമ്മിറ്റിക്കു വിടണമെന്ന ആവശ്യത്തെ 100 പേര്‍ എതിര്‍ത്തപ്പോള്‍ അനുകൂലിച്ചത് 84 പേരാണ്.
ബില്ലില്‍ ഭേദഗതി വേണമെന്നുള്ളതുകൊണ്ടാണ് അത് സെലക്ട് കമ്മിറ്റിക്കു വിടണമെന്ന ആവശ്യം മുന്നോട്ടുവെച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് വ്യക്തമാക്കി. ബില്ലിനെതിരെ വോട്ട് ചെയ്യുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.