മലപ്പുറം: ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ തെളിവുകള്‍ നല്‍കിയ കെ.എ റഊഫിനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജബ്ബാര്‍ ഹാജി. കുഞ്ഞാലിക്കുട്ടിക്കെതിരെ റഊഫ് നടത്തിയ നീക്കങ്ങളുടെ കൂടുതല്‍ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും വരുംദിവസങ്ങളില്‍ ഇവ വെളിപ്പെടുത്തുമെന്നാണ് ജബ്ബാര്‍ ഹാജി പറയുന്നത്.[]
കുഞ്ഞാലിക്കുട്ടിക്കെതിരെ പുതിയ പെണ്‍കുട്ടികളെ രംഗത്തിറക്കാനുള്ള നീക്കങ്ങള്‍ സംബന്ധിച്ച കൂടുതല്‍ തെളിവുകള്‍ പുറത്തുവിടുമെന്നാണ് ജബ്ബാര്‍ അറിയിച്ചിരിക്കുന്നത്. കുഞ്ഞാലിക്കുട്ടിയുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മധ്യസ്ഥനായി നില്‍ക്കണമെന്നും റൗഫ് ആവശ്യപ്പെട്ടിരുന്നതായും പ്രശ്‌നങ്ങള്‍ പരിഹരിച്ചാല്‍ നല്ലൊരു തുക പ്രതിഫലമായി നല്‍കാമെന്നും റഊഫ് വാഗ്ദാനം നല്‍കിയതായും ജബ്ബാര്‍ ഹാജി പറഞ്ഞു.
കൊണ്ടോട്ടിയിലെ ക്വാറി പ്രശ്‌നം പരിഹരിച്ചാല്‍ ഐസ്‌ക്രീം കേസില്‍ വെളിപ്പെടുത്തലുമായി എത്തിയ പെണ്‍കുട്ടിയെ പിന്‍വലിക്കാമെന്ന റഊഫിന്റെ ആവശ്യം അടങ്ങിയ ടെലിഫോണ്‍ സംഭാഷണം കഴിഞ്ഞ ദിവസം ജബ്ബാര്‍ ഹാജി പുറത്ത് വിട്ടിരുന്നു.
ക്വാറി പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ ഒരു പെണ്‍കുട്ടിയെ കൂടി രംഗത്തിറക്കുമെന്നും റൗഫ് ഭീഷണിപ്പെടുത്തുന്നുണ്ട്. ഇതിനെ തുടര്‍ന്ന് കുഞ്ഞാലിക്കുട്ടിയുമായുള്ള പ്രശ്‌നത്തില്‍ ഒത്തു തീര്‍പ്പിന് ശ്രമിക്കാമെന്ന് ജബ്ബാര്‍ ഹാജി മറുപടി പറയുന്നതും ക്ലിപ്പിങ്ങില്‍ ഉണ്ടായിരുന്നു.
അതേസമയം, ജബ്ബാര്‍ ഹാജിയെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ റിമാന്‍ഡിലാണ് റഊഫ് ഇപ്പോള്‍. ഭീഷണിക്കേസില്‍ റഊഫിനെ കുടുക്കി കൂടുതല്‍ കേസുകളില്‍ പ്രതിചേര്‍ക്കുകയും പാക്കിസ്ഥാന്‍ ചാരനെന്ന് പ്രചരണം നടത്തുകയും ചെയ്യുന്നതായും ആരോപണമുണ്ട്. റഊഫിന്റെ കേസുകള്‍ മാത്രം അന്വേഷിക്കാന്‍ പ്രത്യേകം ഡി.വൈ.എസ്.പിയെ ചുമതലപ്പെടുത്തിയതായും അറിയുന്നു.