തിരുവനന്തപുരം: സന്നദ്ധരക്ത ദാനത്തിന് കൂടുതല്‍ പേര്‍ മുന്നോട്ട് വരണമെന്നും രക്തം ദാനം ചെയ്യുന്നതിനെ ഭയപ്പാടോടെ കാണുന്ന മനോഭാവം ശരിയല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക രക്തദാതാ ദിനാചരണവും ബ്ലഡ് മൊബൈല്‍ ബസിന്റെ ഉദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഓരോ തുള്ളി രക്തത്തിനും ഒരു ജീവന്‍ രക്ഷിക്കാനാവും. രക്തത്തിന് പകരമായി രക്തമല്ലാതെ മറ്റൊന്നുമില്ല. സന്നദ്ധരക്തദാനത്തിന് കൂടുതല്‍ പേര്‍ മുന്നോട്ട് വരണം. അങ്ങേയറ്റം മഹത്വപൂര്‍ണമായ കാരുണ്യ പ്രവൃത്തിയാണത്. രക്തം ദാനം ചെയ്യുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നുണ്ടെന്നത് നല്ല കാര്യമമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കൂടുതല്‍ തവണ രക്തം ദാനം ചെയ്തവരെ ചടങ്ങില്‍ ആദരിച്ചു.
രക്ത സാമ്പിളുകള്‍ വേര്‍തിരിക്കുന്ന സെപറേഷന്‍ യൂണിറ്റുകളും രക്ത ബാങ്കുകളും എല്ലാ ജില്ലാ ആശുപത്രികളിലും സ്ഥാപിക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ആരോഗ്യ മന്ത്രി കെ.കെ ശൈലജ അറിയിച്ചു.