കൊലപാതകത്തിന് പിന്നില്‍ ആര്‍.എസ്.എസ്, സംഘപരിവാറിനെ ഒറ്റപ്പെടുത്താന്‍ കൂടുതല്‍ ആളുകള്‍ തയ്യാറാകണം: എ. വിജയരാഘവന്‍
Kerala News
കൊലപാതകത്തിന് പിന്നില്‍ ആര്‍.എസ്.എസ്, സംഘപരിവാറിനെ ഒറ്റപ്പെടുത്താന്‍ കൂടുതല്‍ ആളുകള്‍ തയ്യാറാകണം: എ. വിജയരാഘവന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 21st February 2022, 10:42 am

കണ്ണൂര്‍: തലശേരിയില്‍ സി.പി.ഐ.എം പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം ആസൂത്രിതമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍. കണ്ണൂരിലെ സമാധാന അന്തരീക്ഷം തകര്‍ക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് വിജയരാഘവന്‍ പറഞ്ഞു.

അക്രമം സംഘടിപ്പിച്ചവരുടെ ലക്ഷ്യം നാട്ടില്‍ കലാപമുണ്ടാക്കുകയാണ്. ആര്‍.എസ്.എസ് അടയാളപ്പെടുത്തുന്നത് തന്നെ അക്രമത്തിലൂടെയാണ്. എല്ലാ സമാധാനകാംക്ഷികളും പ്രതിഷേധം രേഖപ്പെടുത്തേണ്ട സംഭവമാണിതെന്നും അദ്ദേഹം പറഞ്ഞു.

‘കുടുംബാംഗങ്ങളുടെ മുന്നില്‍ വെച്ചാണ് ആക്രമണമെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. നാടാകെ പ്രതിഷേധം രേഖപ്പെടുത്തണം. സംഘപരിവാറിനെ ഒറ്റപ്പെടുത്താന്‍ ഇനിയും കൂടുതല്‍ ആളുകള്‍ തയ്യാറാകണം എന്ന് നമ്മളെ ബോധ്യപ്പെടുത്തുന്ന സംഭവമാണിത്,’ വിജയരാഘവന്‍ പറയുന്നു.

അത്യന്തം വേദനാജനകവും പ്രതിഷേധാര്‍ഹവുമായ സംഭവമാണിത്. കണ്ണൂര്‍ ജില്ലയില്‍ തികഞ്ഞ സമാധാന അന്തരീക്ഷമാണ് നിലനില്‍ക്കുന്നത്. സി.പി.ഐ.എമ്മിന്റെ ദേശീയ സമ്മേളനം കണ്ണൂരില്‍ നടക്കുന്നതിന്റെ ഭാഗമായി പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. ജില്ലയിലെ സമാധാന അന്തരീക്ഷം തകര്‍ക്കുയെന്ന ഗൂഢാലോചനയാണ് അക്രമത്തിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.

‘സി.പി.ഐ.എമ്മിന്റെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഇന്ന് പതാക ദിനം ആചരിക്കുകയാണ്. ആ ദിവസം തന്നെ ആര്‍.എസ്.എസ് ആക്രമണം ആസൂത്രണം ചെയ്തത് യാദൃശ്ചികമല്ല. എല്ലാ വിഭാഗം ജനങ്ങളും ഇത്തരം തെറ്റായ നീക്കങ്ങള്‍ക്ക് എതിരെ പ്രതിഷേധിക്കാന്‍ തയ്യാറാകണം,’ വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.

തിങ്കളാഴ്ച പുലര്‍ച്ചയാണ് സി.പി.ഐ.എം പ്രവര്‍ത്തകനായ പുന്നോല്‍ സ്വദേശി ഹരിദാസനെ വെട്ടിക്കൊന്നത്. മത്സ്യത്തൊഴിലാളിയാണ് ഹരിദാസന്‍. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ പുലര്‍ച്ചെയാണ് ഹരിദാസനെ ബൈക്കിലെത്തിയ നാലംഗ സംഘം വെട്ടിക്കൊന്നത്.

ഹരിദാസന്റെ ശരീരമാസകലം വെട്ടേറ്റിട്ടുണ്ട്. ഹരിദാസന്റെ കാല്‍ പൂര്‍ണമായും അറ്റുപോയ നിലയിലായിരുന്നു. വെട്ട് കൊണ്ട് ഗുരുതരവാസ്ഥയിലായ ഹരിദാസനെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. വീടിനടുത്ത് വെച്ചാണ് വെട്ടേറ്റത്. മൃതദേഹം നിലവില്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിലാണ്.

വീടിനു സമീപത്ത് വെച്ച് നടന്ന ആക്രമണമായതിനാല്‍ ബഹളം കേട്ട് ബന്ധുക്കളും സംഭവ സ്ഥലത്ത് എത്തുകയായിരുന്നു. ഹരിദാസന് നേരെയുള്ള അക്രമം തടയാന്‍ ശ്രമിക്കുന്നതിനിടെ സഹോദരന്‍ സുരനും വെട്ടേറ്റു.

ഒരാഴ്ച മുമ്പ് ഉത്സവവുമായി ബന്ധപ്പെട്ട് പുന്നോലില്‍ പ്രദേശത്ത് സി.പി.ഐ.എം ബി.ജെ.പി സംഘര്‍ഷമുണ്ടായിരുന്നു. ഇതിന്റെ പിന്നാലെയാണ് ഹരിദാസന് നേരെ ആക്രമണമുണ്ടായത്.

കൊലപാതകത്തെ തുടര്‍ന്ന് തലശേരി നഗരസഭ ന്യൂമാഹി പഞ്ചായത്ത് എന്നിവിടങ്ങളില്‍ ഇന്ന് ഹര്‍ത്താല്‍ ആചരിക്കും. രാവിലെ ആറ് മണിക്ക് ആരംഭിക്കുന്ന ഹര്‍ത്താല്‍ വൈകീട്ട് ആറ് വരെ നീളും.


Content Highlights: More people should be prepared to isolate the Sangh Parivar: a. Vijayaraghavan