| Tuesday, 11th January 2022, 3:51 pm

എന്നെപ്പോലെ കൂടുതല്‍ പേര്‍ വരും ദിവസങ്ങളില്‍ രംഗത്തുവരും; സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന്റെ വിശദമായ തെളിവ് കൈമാറി: ബാലചന്ദ്ര കുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നടന്‍ ദിലീപിനെതിരെയുള്ള വധഗൂഢാലോചന കേസില്‍ തെളിവുകള്‍ അന്വേഷണ സംഘത്തിന് കൈമാറിയെന്ന് സംവിധായകന്‍ ബാലചന്ദ്ര കുമാര്‍. കേസിലെ ഓഡിയോ റെക്കോര്‍ഡുകളാണ് കൈമാറിയത്. കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫിസിലെത്തിയാണ് ബാലചന്ദ്ര കുമാര്‍ മൊഴി നല്‍കിയത്.

തെളിവുകള്‍ കൃത്രിമമായി ഉണ്ടാക്കിയതല്ലെന്ന് ബാലചന്ദ്ര കുമാര്‍ പറഞ്ഞു. തന്നെ പൊലീസ് ഇറക്കിയതാണെന്ന് ദിലീപ് പറയുന്നുണ്ടെന്നും പറ്റുമെങ്കില്‍ തെളിവുകള്‍ പുറത്തുവിടട്ടെയെന്നും അദ്ദേഹം പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന്റെ മുഴുവന്‍ തെളിവുകള്‍ കൈമാറിയതായും ശബ്ദം ദിലീപിന്റേതാണെന്ന് തെളിയിക്കാന്‍ സഹായകമായ സംഭാഷണവും കൈമാറിയതായും ബാലചന്ദ്ര കുമാര്‍ പറഞ്ഞു.

തന്നെ പോലെ കൂടുതല്‍ ആളുകള്‍ വരും ദിവസങ്ങളില്‍ തെളിവുകളുമായി രംഗത്ത് വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതുവരെ ആരംു വരാതിരുന്നതിന് കാരണം ഭായമാണെന്നും അദ്ദേഹം പറഞ്ഞു.

ദിലീപുമായുണ്ടായിരുന്നത് സുതാര്യമായ സാമ്പത്തിക ഇടപാടുകള്‍ മാത്രമാണെന്നും പരാതി തല്‍കിയതിന് ശേഷവും ഭീഷണിയുണ്ടായിരുന്നെന്നുും ബാലചന്ദ്രന്‍ പറഞ്ഞു.

അതേസമയം, നടിയെ ആക്രമിച്ച കേസില്‍ സിനിമ താരങ്ങളുടെ മൊഴി മാറ്റത്തിന്റെ കാരണം കണ്ടെത്തുന്നതിന് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നടന്‍ സിദ്ദിഖ്, ഇടവേള ബാബു, ഭാമ, ബിന്ദു പണിക്കര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവരാണ് കോടതിയില്‍ മൊഴി മാറ്റിയിരുന്നത്.

20 സാക്ഷികളാണ് വിചാരണയ്ക്കിടെ കൂറുമാറി പ്രതിഭാഗത്ത് ചേര്‍ന്നിരുന്നത്. ഇവരുടെ കൂറു മാറ്റത്തിന്റെ സാമ്പത്തിക ശ്രോതസ് പൊലീസ് അന്വേഷിക്കും.

അതേസമയം, കേസിലെ പ്രധാന സാക്ഷി സാഗറിനെ മൊഴി മാറ്റാന്‍ പ്രേരിപ്പിച്ചത് ദിലീപും സംഘവുമെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത് വന്നിട്ടുണ്ട്. റിപ്പോര്‍ട്ടര്‍ ടി.വിയാണ് ഇതുസംബന്ധിച്ച തെളിവുകള്‍ പുറത്തുവിട്ടത്.

കാവ്യ മാധവന്റെ ഡ്രൈവര്‍ സുനീറും ദിലീപിന്റെ അഭിഭാഷകനായ ഫിലിപ്പും ആലപ്പുഴയിലെ റെയ്ബാന്‍ ഹോട്ടലില്‍ വെച്ച് സാഗറിന് പണം കൈമാറിയെന്നതിന്റെ തെളിവുകളാണ് പുറത്തുവരുന്നത്.

സാഗറിന്റെ മനസുമാറ്റിയെടുത്ത് പണം കൈമാറിയ കാര്യം ദിലീപിനോട് സഹോദരന്‍ അനൂപ് പറയുന്നതിന്റെ ശബ്ദരേഖകളും പുറത്തുവന്നിട്ടുണ്ട്.

ഹോട്ടലില്‍ മുറിയെടുത്തത് സുധീറിന്റെ പേരിലാണെന്ന് തെളിയിക്കുന്ന ഹോട്ടല്‍ രജിസ്റ്ററിന്റെ പകര്‍പ്പും ഇതുമായി ബന്ധപ്പെട്ട് ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ ശബ്ദരേഖയും റിപ്പോര്‍ട്ടര്‍ ചാനല്‍ പുറത്തുവിട്ടിട്ടുണ്ട്.

നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ദിലീപിന്റെ കൈയില്‍ എത്തിയിട്ടുണ്ടെന്നതിന്റെ പ്രധാന സാക്ഷിയായിരുന്നു സാഗര്‍. മാത്രമല്ല കാവ്യയ്ക്കും ഇതില്‍ പങ്കുണ്ടെന്ന രീതിയിലായിരുന്നു സാഗര്‍ നേരത്തെ നല്‍കിയ മൊഴി.

നടിയെ ആക്രമിച്ച സംഭവത്തിന് പിന്നാലെ പള്‍സര്‍ സുനി ലക്ഷ്യയിലെത്തി ഒരു കവര്‍ കൊടുക്കുന്നത് താന്‍ കണ്ടിരുന്നതായാണ് സാഗര്‍ നേരത്തെ നല്‍കിയിരുന്ന മൊഴി. എന്നാല്‍ ഇയാള്‍ പിന്നീട് അത് മാറ്റുകയായിരുന്നു.

മൊഴി മാറ്റാന്‍ സാഗറിനുമേല്‍ സ്വാധീനം ചെലുത്തിയിരുന്നുവെന്ന റിപ്പോര്‍ട്ട് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. അതിനായി ആലപ്പുഴയിലെ ഹോട്ടലിലെ ബില്ല് ഉള്‍പ്പെടെയായിരുന്നു അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കിയത്. ഇത് ശരിവെയ്ക്കുന്ന സംഭാഷണവും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: More people like me will be on the scene in the days to come;  Balachandra Kumar

We use cookies to give you the best possible experience. Learn more