തെളിവുകള്‍ കൃത്രിമമായി ഉണ്ടാക്കിയതല്ലെന്ന് ബാലചന്ദ്ര കുമാര്‍ പറഞ്ഞു. തന്നെ പൊലീസ് ഇറക്കിയതാണെന്ന് ദിലീപ് പറയുന്നുണ്ടെന്നും പറ്റുമെങ്കില്‍ തെളിവുകള്‍ പുറത്തുവിടട്ടെയെന്നും അദ്ദേഹം പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന്റെ മുഴുവന്‍ തെളിവുകള്‍ കൈമാറിയതായും ശബ്ദം ദിലീപിന്റേതാണെന്ന് തെളിയിക്കാന്‍ സഹായകമായ സംഭാഷണവും കൈമാറിയതായും ബാലചന്ദ്ര കുമാര്‍ പറഞ്ഞു.
തന്നെ പോലെ കൂടുതല്‍ ആളുകള്‍ വരും ദിവസങ്ങളില്‍ തെളിവുകളുമായി രംഗത്ത് വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതുവരെ ആരംു വരാതിരുന്നതിന് കാരണം ഭായമാണെന്നും അദ്ദേഹം പറഞ്ഞു.
ദിലീപുമായുണ്ടായിരുന്നത് സുതാര്യമായ സാമ്പത്തിക ഇടപാടുകള്‍ മാത്രമാണെന്നും പരാതി തല്‍കിയതിന് ശേഷവും ഭീഷണിയുണ്ടായിരുന്നെന്നുും ബാലചന്ദ്രന്‍ പറഞ്ഞു.
അതേസമയം, നടിയെ ആക്രമിച്ച കേസില്‍ സിനിമ താരങ്ങളുടെ മൊഴി മാറ്റത്തിന്റെ കാരണം കണ്ടെത്തുന്നതിന് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നടന്‍ സിദ്ദിഖ്, ഇടവേള ബാബു, ഭാമ, ബിന്ദു പണിക്കര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവരാണ് കോടതിയില്‍ മൊഴി മാറ്റിയിരുന്നത്.
20 സാക്ഷികളാണ് വിചാരണയ്ക്കിടെ കൂറുമാറി പ്രതിഭാഗത്ത് ചേര്‍ന്നിരുന്നത്. ഇവരുടെ കൂറു മാറ്റത്തിന്റെ സാമ്പത്തിക ശ്രോതസ് പൊലീസ് അന്വേഷിക്കും.
അതേസമയം, കേസിലെ പ്രധാന സാക്ഷി സാഗറിനെ മൊഴി മാറ്റാന്‍ പ്രേരിപ്പിച്ചത് ദിലീപും സംഘവുമെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത് വന്നിട്ടുണ്ട്. റിപ്പോര്‍ട്ടര്‍ ടി.വിയാണ് ഇതുസംബന്ധിച്ച തെളിവുകള്‍ പുറത്തുവിട്ടത്.
കാവ്യ മാധവന്റെ ഡ്രൈവര്‍ സുനീറും ദിലീപിന്റെ അഭിഭാഷകനായ ഫിലിപ്പും ആലപ്പുഴയിലെ റെയ്ബാന്‍ ഹോട്ടലില്‍ വെച്ച് സാഗറിന് പണം കൈമാറിയെന്നതിന്റെ തെളിവുകളാണ് പുറത്തുവരുന്നത്.
നടിയെ ആക്രമിച്ച സംഭവത്തിന് പിന്നാലെ പള്‍സര്‍ സുനി ലക്ഷ്യയിലെത്തി ഒരു കവര്‍ കൊടുക്കുന്നത് താന്‍ കണ്ടിരുന്നതായാണ് സാഗര്‍ നേരത്തെ നല്‍കിയിരുന്ന മൊഴി. എന്നാല്‍ ഇയാള്‍ പിന്നീട് അത് മാറ്റുകയായിരുന്നു.
മൊഴി മാറ്റാന്‍ സാഗറിനുമേല്‍ സ്വാധീനം ചെലുത്തിയിരുന്നുവെന്ന റിപ്പോര്‍ട്ട് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. അതിനായി ആലപ്പുഴയിലെ ഹോട്ടലിലെ ബില്ല് ഉള്‍പ്പെടെയായിരുന്നു അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കിയത്. ഇത് ശരിവെയ്ക്കുന്ന സംഭാഷണവും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.