അഹമ്മദാബാദ്: രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഗുജറാത്തില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു. സംസ്ഥാനത്ത് കോണ്‍ഗ്രസ് വിട്ട് ഇനിയും എം.എല്‍.എമാര്‍ എത്തുമെന്ന് പേര് വെളിപ്പെടുത്താത്ത മന്ത്രി കൂടിയായ ബി.ജെ.പി നേതാവ് ദി പ്രിന്റിനോട് പറഞ്ഞു.
‘കോണ്‍ഗ്രസ് മുങ്ങുന്ന കപ്പലാണ്. അസ്വസ്ഥരായ നേതാക്കള്‍ ആ പാര്‍ട്ടി വിടുന്നു. അവര്‍ രാജിവെക്കുന്നതില്‍ ബി.ജെ.പിയെ കുറ്റപ്പെടുത്തുന്നത് എന്തിനാണ്? ഇനിയും എം.എല്‍.എമാര്‍ രാജിവെക്കും’, അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസില്‍ നിന്ന് നേതാക്കള്‍ രാജിവെക്കുന്നത് ആഭ്യന്തരപ്രശ്‌നം മൂലമാണെന്ന് ബി.ജെ.പി വൈസ് പ്രസിഡണ്ട് കെ.സി പട്ടേലും പറഞ്ഞു.
അതേസമയം എം.എല്‍.എമാര്‍ പാര്‍ട്ടി വിടാന്‍ കാരണം ബി.ജെ.പിയാണെന്ന് കോണ്‍ഗ്രസ് ആവര്‍ത്തിച്ചു. കൂറുമാറ്റത്തിനും കുതിരക്കച്ചവടത്തിനും ബി.ജെ.പി വിദഗ്ധരാണെന്ന് പ്രതിപക്ഷ നേതാവ് പരേഷ് ധനാനി പറഞ്ഞു.
അതേസമയം എം.എല്‍.എമാരെ കോണ്‍ഗ്രസ് റിസോര്‍ട്ടിലേക്ക് മാറ്റിയിരിക്കുകയാണ്. പാര്‍ട്ടിയുടെ 65 എം.എല്‍.എമാരേയും മൂന്ന് റിസോര്‍ട്ടിലേക്കാണ് മാറ്റിയിരിക്കുന്നത്.
നേരത്തെ എട്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ നിയമസഭാംഗത്വവും പാര്‍ട്ടി അംഗത്വവും രാജിവെച്ചിരുന്നു. രാജിവെച്ച കോണ്‍ഗ്രസ് എം.എല്‍.എമാരില്‍ ചിലര്‍ ബി.ജെ.പിക്കൊപ്പം ചേര്‍ന്നിട്ടുണ്ട്. മറ്റുള്ളവര്‍ മുഖ്യമന്ത്രി വിജയ് രൂപാണിയുമായി ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.
എം.എല്‍.എമാര്‍ രാജിവെക്കുന്നതിന് മുമ്പ് കോണ്‍ഗ്രസിനും ബി.ജെ.പിക്കും രണ്ടുപേരേ വീതം ജയിപ്പിക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ പുതിയ അംഗബലമനുസരിച്ച് കോണ്‍ഗ്രസിന് ഒരാളെ മാത്രമേ വിജയിപ്പിക്കാന്‍ സാധിക്കു.