ഇന്ത്യയില്‍ നിന്ന് ബംഗ്ലാദേശിലേക്ക് മടങ്ങുന്ന കുടിയേറ്റക്കാരുടെ എണ്ണം വര്‍ധിച്ചതായി ബി.എസ്.എഫ് റിപ്പോര്‍ട്ട്
national news
ഇന്ത്യയില്‍ നിന്ന് ബംഗ്ലാദേശിലേക്ക് മടങ്ങുന്ന കുടിയേറ്റക്കാരുടെ എണ്ണം വര്‍ധിച്ചതായി ബി.എസ്.എഫ് റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 18th December 2020, 12:26 pm

ന്യൂദല്‍ഹി: ബംഗ്ലാദേശിലേക്ക് മടങ്ങി പോകുന്ന ഇന്ത്യയിലെ ബംഗ്ലാദേശി കുടിയേറ്റക്കാരുടെ എണ്ണം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഇന്ത്യയിലേക്ക് കുടിയേറുന്നതിനേക്കാള്‍ ഇരട്ടി പേരാണ് ഇന്ത്യയില്‍ നിന്ന് ബംഗ്ലാദേശിലേക്ക് മടങ്ങി പോകുന്നതെന്നാണ് ബിഎസ്എഫിന്റെയും നാഷണല്‍ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെയും രേഖകളില്‍ വ്യക്തമാക്കുന്നത്.

ഈ വര്‍ഷം ഡിസംബര്‍ 14 വരെയുള്ള കണക്കനുസരിച്ച് ബംഗ്ലാദേശിലേക്ക് കടക്കാന്‍ ശ്രമിച്ച 3173 കുടിയേറ്റക്കാരെ ബി.എസ്.എഫ് പിടികൂടിയിരുന്നു. അതേസമയം 1115 പേരാണ് ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായത്.

2019, 2018, 2017 എന്നീ വര്‍ഷങ്ങളില്‍ ഇന്ത്യ വിടുന്നവരുടെ ബംഗ്ലാദേശി കുടിയേറ്റക്കാരുടെ എണ്ണം യഥാക്രമം 2638, 2971, 821 എന്നിങ്ങനെയാണ്. ഇതേ വര്‍ഷങ്ങളില്‍ ഇന്ത്യയിലേക്ക് വന്നവരുടെ എണ്ണം 1351, 1118, 871 എന്നിങ്ങനെയാണ്.

ബംഗ്ലാദേശിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ 892 ഇന്ത്യക്കാരെയും രേഖകളില്ലാതെ ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ച 276 പേരെയും പൊലീസ് 2017ല്‍ പിടികൂടിയിരുന്നു. എന്നാല്‍ ഈ രേഖകള്‍ എന്‍.സി.ആര്‍.ബിയുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ലഭ്യമല്ല.

ബംഗ്ലാദേശിലേക്ക് കുടിയേറുന്ന കുടിയേറ്റക്കാരുടെ എണ്ണം വര്‍ധിച്ചതിന് ഒരു കാരണം,കൊവിഡ് മഹാമാരി വന്നതിന് ശേഷം ജോലി ഇല്ലാതായതാണെന്ന് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ബംഗ്ലാദേശിലേക്ക് കടക്കുന്നതിന് യഥാവിധിയുള്ള രേഖകള്‍ ആവശ്യമില്ലാത്തതിനാല്‍ നിലവില്‍ രേഖപ്പെടുത്തിയിട്ടുള്ള കണക്കുകളെക്കാള്‍ കൂടുതല്‍ പേര്‍ ഇന്ത്യയില്‍ നിന്ന് ബംഗ്ലാദേശിലേക്ക് പോയിട്ടുണ്ടാകുമെന്നാണ് മറ്റൊരു ഉദ്യോഗസ്ഥന്‍ പറഞ്ഞത്.

‘അവര്‍ പിടിക്കപ്പെട്ടാലും അവരെ ഞങ്ങള്‍ വിട്ടയക്കും. അതേസമയം അറസ്റ്റ് ചെയ്യപ്പെടുകയാണെങ്കില്‍ അത് മറ്റു നിയമ പ്രക്രിയകളിലേക്ക് കടക്കും. മാത്രമല്ല, അവര്‍ ദേശീയത തെളിയിക്കുന്നത് വരെ അവരെ തടവിലേക്കേണ്ടി വരും,’ പേര് വെളിപ്പെടുത്താനാകാത്ത ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

മറ്റൊരു ഉദ്യോഗസ്ഥന്‍ പറഞ്ഞത് ഈ വര്‍ഷം ഓഗസ്റ്റ് ഒന്നിനും നവംബര്‍ 15നും ഇടയ്ക്ക് അതിര്‍ത്തി കടക്കുന്നതിനിടയില്‍ 50ഓളം ബംഗ്ലാദേശി കുടിയേറ്റക്കാരെ ബംഗ്ലാദേശ് ബോര്‍ഡര്‍ ഗാര്‍ഡുകള്‍ക്ക് കൈമാറിയെന്നാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: More migrants returning to Bangladesh, shows BSF data