സിദ്ധുവിന് ഇന്ത്യയില്‍ നിന്നുള്ളതിനേക്കാള്‍ കൂടുതല്‍ സ്‌നേഹവും ആദരവും പാകിസ്ഥാനില്‍ നിന്ന് കിട്ടുന്നുണ്ട്: കേന്ദ്രമന്ത്രി
national news
സിദ്ധുവിന് ഇന്ത്യയില്‍ നിന്നുള്ളതിനേക്കാള്‍ കൂടുതല്‍ സ്‌നേഹവും ആദരവും പാകിസ്ഥാനില്‍ നിന്ന് കിട്ടുന്നുണ്ട്: കേന്ദ്രമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 29th November 2018, 4:57 pm

ന്യൂദല്‍ഹി: കര്‍താര്‍പൂര്‍ ഇടാനാഴി ഉദ്ഘാടന വേളയില്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനില്‍ നിന്നും പ്രശംസയേറ്റു വാങ്ങിയ നവജോത് സിങ് സിദ്ധുവിനെതിരെ വിമര്‍ശനവുമായി അകാലിദള്‍ നേതാവും കേന്ദ്ര മന്ത്രിയുമായ ഹര്‍സിമ്രത് കൗര്‍ ബാദല്‍. സിദ്ധു പാകിസ്താന്‍ ഏജന്റാണെന്നും രാഹുല്‍ ഗാന്ധി ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്നും ഹര്‍സിമ്രത് പറഞ്ഞു.

ഇന്ത്യക്കാരെ കൊന്നൊടുക്കുന്ന പാക് സൈനിക മേധാവി ഖമര്‍ ജാവേദ് ബജ്‌വയുമായി സിദ്ധു ആലിംഗനം ചെയ്‌തെന്നും ഹര്‍സിമ്രത് പറഞ്ഞു. കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പ്രതിനിധിയായി ഹര്‍സിമ്രത് കൗറും പാകിസ്താനിലേക്ക് പോയിരുന്നു. എന്നാല്‍ സിദ്ധു പോയിരുന്നത് ഇമ്രാന്‍ ഖാന്റെ ക്ഷണപ്രകാരമായിരുന്നു.

പാകിസ്താനില്‍ സിദ്ധുവിന് കൂടുതല്‍ സ്‌നേഹവും ആദരവും കിട്ടുന്നുണ്ടെന്നാണ് അവിടെ ചെന്നപ്പോള്‍ മനസിലായത്. അവിടെ അദ്ദേഹത്തിന് നല്ല ബന്ധങ്ങളുണ്ട്. പാക് പഞ്ചാബില്‍ മത്സരിക്കാന്‍ സിദ്ധുവിനെ ഇമ്രാന്‍ ക്ഷണിക്കുകയുണ്ടായി ഹര്‍സിമ്രത് പറഞ്ഞു.

സിദ്ധു സാഹോദര്യത്തെ കുറിച്ചും സമാധാനത്തെ കുറിച്ചുമാണ് സംസാരിക്കുന്നതെന്നും പാക് പഞ്ചാബില്‍ വന്ന് മത്സരിച്ചാല്‍ പോലും സിദ്ധു ജയിക്കുമെന്നും ഇമ്രാന്‍ഖാന്‍ പറഞ്ഞിരുന്നു. എന്തുകൊണ്ടാണ് സിദ്ധുവിനെ വിമര്‍ശിക്കുന്നതെന്നറിയില്ലെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നു. ചടങ്ങില്‍ പ്രിയ സുഹൃത്തെന്നാണ് ഇമ്രാന്‍ ഖാനെ സിദ്ധു അഭിസംബോധന ചെയ്തിരുന്നത്.