ജെറുസലേം: ഇസ്രഈല്‍ ആക്രമണത്തില്‍ കൂടുതല്‍ മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ചൊവ്വാഴ്ച പുലര്‍ച്ചെ ഗാസ മുനമ്പില്‍ ഇസ്രഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഫലസ്തീനിയന്‍ റിപ്പോര്‍ട്ടറും ഒരു ഫോട്ടോഗ്രാഫറും മരിച്ചതായിട്ടുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
പടിഞ്ഞാറന്‍ ഗാസയിലെ റിമാല്‍ ജില്ലയില്‍ നടന്ന അക്രമണത്തില്‍ സയീദ് അല്‍-തവീല്‍, മുഹമ്മദ് സോബ് എന്നീ മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി
ആശുപത്രിവൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഫലസ്തീന്‍ മാധ്യമങ്ങളായ ഐന്‍ മീഡിയയുടെ ഫോട്ടോഗ്രാഫര്‍ ഇബ്രാഹിം മുഹമ്മദ് ലാഫി, സ്മാര്‍ട്ട് മീഡിയയുടെ റിപ്പോര്‍ട്ടര്‍ മുഹമ്മദ് ജാര്‍ഗൂണ്‍ എന്നിവരുടെ മരണവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ കമ്മിറ്റി ടു പ്രൊട്ടക്ട് ജേര്‍ണലിസ്റ്റും കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.
അല്‍-ഗാദ് എന്ന ചാനലിന്റെ ലേഖകന്‍ ഇബ്രാഹിം ഖാനന് പരിക്കേറ്റതായും, അല്‍-നജാഹ് ചാനലിലെ നിദാല്‍ അല്‍-വാഹിദി, ഐന്‍ മീഡിയ ഏജന്‍സിയിലെ ഹൈതം അബ്ദുല്‍വാഹിദ് എന്നിവരെ കാണാതായതായും ഈ റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതുവരെ ആറ് മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.