ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാറിനെതിരെ സംഘപരിവാറിന്റെ തൊഴിലാളി സംഘടനയായ ഭാരതീയ മസ്ദൂര്‍ സംഘ് പ്രസിഡന്റ് സി.കെ സജി നാരായണന്‍. മോദിഭരണത്തില്‍ സൃഷ്ടിക്കപ്പെട്ടതിനേക്കാള്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുത്തുകയാണ് ഉണ്ടായത് എന്നാണ് അദ്ദേഹം പറഞ്ഞത്. ഔട്ട്‌ലുക്ക് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
തൊഴിലവസരങ്ങള്‍ ഉണ്ടാക്കാന്‍ ആത്മാര്‍ത്ഥമായ ശ്രമം സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടായി. എന്നാല്‍ അതില്‍ പരാജയപ്പെട്ടു. ഉനേരിട്ടുള്ള വിദേശ നിക്ഷേപമാണ് എല്ലാ സാമ്പത്തിക പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരമെന്നാണ് നീതി ആയോഗ് വിശ്വസിക്കുന്നത് എന്നത് ഇതിന് ഉദാഹരണമാണ്. ഇത് ചെറുകിട സംരംഭങ്ങളെ ഇല്ലാതാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പരാജയപ്പെട്ട പ്രത്യയശാസ്ത്രമായ മുതലാളിത്തത്തിന് പകരം മറ്റൊന്ന് തേടുകയാണ് ലോകമൊന്നാകെ. സാധാരണക്കാരന്റെ പ്രതീക്ഷകള്‍ നിറവേറ്റുന്ന സംവിധാനമല്ല നീതി ആയോഗ്. യഥാര്‍ത്ഥ ഇന്ത്യയെ മനസിലാക്കാന്‍ നീതി ആയോഗിന് കഴിയില്ല. അതിനാലാണ് നീതി ആയോഗിനെതിരെ ബി.എം.എസ് പ്രമേയം പാസാക്കിയതെന്നും അദ്ദേഹം പറയുന്നു.
തൊഴിലാളികളുടെ ക്ഷേമത്തിനായി നിലകൊള്ളുന്ന സംഘടനയാണ് ബി.എം.എസ്. തൊഴിലാളികളോടുള്ള മനോഭാവം അനുസരിച്ചാണ് കേന്ദ്രസര്‍ക്കാറിനെ തങ്ങള്‍ വിലയിരുത്തുക. പ്രചോദനം നല്‍കുന്ന വ്യക്തിയാണ് നരേന്ദ്രമോദിയെങ്കിലും നയപരമായ പ്രശ്‌നങ്ങള്‍ കാരണം അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ വിഫലമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.