| Saturday, 20th April 2019, 12:45 pm

ഞങ്ങളും മനുഷ്യരാണ്; നബീറിന്റെ പുറത്ത് ഓം പതിച്ചതിനെതിരെ ആഞ്ഞടിച്ച് അസദുദ്ദീന്‍ ഉവൈസി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: തിഹാര്‍ ജയിലില്‍ മുസ്‌ലിം തടവുകാരന്റെ ശരീരത്തില്‍ പഴുപ്പിച്ച ലോഹം കൊണ്ട് ‘ഓം’ ചാപ്പ കുത്തിയ സംഭവത്തിനെതിരെ എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി. ഒരോ ദിവസവും രാജ്യത്തെ മുസ്‌ലിംങ്ങളെ അപമാനിക്കാന്‍ പുത്തന്‍ വഴികള്‍ കണ്ടെത്തുകയാണെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

‘നമ്മളെ അപമാനിക്കാന്‍ ഒരോ ദിവസവും പുത്തന്‍ രീതികള്‍ കണ്ടെത്തുകയാണ്. ഒരു വ്യക്തിയെ പശുവിനെ ചാപ്പ കുത്തുന്നതു പോലെ ചാപ്പ കുത്തുന്നത് അസാധാരണവും മനുഷ്യത്വരഹിതമാണ്. ഞങ്ങള്‍ സ്വകാര്യ വസ്തുക്കളല്ല. ഞങ്ങള്‍ മനുഷ്യരാണ്. (നബീറിനെ ആ പ്രത്യേക ചിഹ്നം വെച്ച് ചാപ്പ കുത്താന്‍ മറ്റെന്തെങ്കിലുമായിരിക്കും കാരണം എന്ന ധാരണ ഒരിക്കലും പാടില്ല)’– ഉവൈസി തന്റെ ട്വീറ്റില്‍ പറയുന്നു.

ആയുധക്കടത്ത് കേസില്‍ തടവില്‍ കഴിയുന്ന ദല്‍ഹി സ്വദേശി നബീറിന് നേരെയായിരുന്നു തിഹാര്‍ ജയില്‍ ജീവനക്കാരുടെ പീഡനം.

കോടതിയില്‍ ഷര്‍ട്ട് അഴിച്ച് ‘ഓം’ എന്ന് ചാപ്പകുത്തിയത് കാട്ടിയ നബീര്‍ ജയില്‍ അധികൃതര്‍ മാരകമായി മര്‍ദിക്കുകയും പട്ടിണിക്കിടുകയും ചെയ്തതായും തുറന്നു പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. വെള്ളിയാഴ്ച കാര്‍കര്‍ദൂമ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയപ്പോഴായിരുന്നു നബീര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

തിഹാര്‍ ജയില്‍ സൂപ്രണ്ട് രാജേഷ് ചൗഹാനെതിരെ സംഭവത്തില്‍ കോടതിയില്‍ പരാതി നല്‍കിയിട്ടുണ്ട്. താന്‍ മുസ്ലിം ആണെന്ന് മനസ്സിലാക്കിയതിന് പിന്നാലെയാണ് തന്റെ ശരീരത്തില്‍ സൂപ്രണ്ട് ‘ഓം’ എന്ന് പച്ച കുത്തിതെന്നും ഇദ്ദേഹം പരാതിയില്‍ പറയുന്നുണ്ടായിരുന്നു.

നബീറിന്റേത് ഗുരുതര ആരോപണമെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. ആരോപണം അന്വേഷിക്കാന്‍ മജിസ്ട്രേറ്റ് തിഹാര്‍ ജയില്‍ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. സംഭവത്തില്‍ 24 മണിക്കൂറിനകം മറുപടി നല്‍കാനും നബീറിനെ ജയില്‍ നിന്ന് മാറ്റാനും കോടതി ഉത്തരവിട്ടിരുന്നു.

അതേസമയം സംഭവത്തില്‍ അന്വേഷണം ആരംഭിച്ചുവെന്നും നബീറിനെ മറ്റൊരു ജയിലിലേക്ക് മാറ്റിയെന്നും തിഹാര്‍ ജയില്‍ ഡി.ജി അറിയിച്ചു.

We use cookies to give you the best possible experience. Learn more