പാലക്കാട്: മുട്ടിക്കുളങ്ങരയില്‍ രണ്ട് പൊലീസുകാരെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പാടത്ത് പന്നിക്കുവെച്ച കെണിയില്‍ നിന്ന് ഷോക്കേറ്റെന്നാണ് സ്ഥിരീകരിക്കുന്ന വിവരം. സംഭവത്തില്‍ നാട്ടുകാരായ രണ്ട് പേര്‍ കസ്റ്റഡിയിലാണ്.
പന്നിക്ക് വയലില്‍ കണിവെക്കാറുണ്ടെന്ന് പിടിയിലായവര്‍ പൊലീസിന് മൊഴി നല്‍കി. ഇതിനുമുമ്പും ഇവിടെ വൈദ്യുതി കെണിവെച്ചിരുന്നവെന്നും കസ്റ്റഡിയിലുള്ളവര്‍ പറഞ്ഞു.
കെണിയില്‍ നിന്ന് ഷോക്കേറ്റ രണ്ടുപേരെ മരിച്ചനിലയില്‍ ഇന്ന് രാവിലെയാണ് തങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടെതെന്നും തുടര്‍ന്ന് ഇവരെ രണ്ട് സ്ഥലത്തേക്ക് മാറ്റിയെന്നും മൊഴിയില്‍ പറഞ്ഞു.
ഷോക്കേറ്റാണ് മരണമെന്ന് സംശയിക്കുമ്പോഴും മരിച്ചു കിടന്ന സ്ഥലത്ത് വൈദ്യുത കമ്പികള്‍ പൊട്ടി വീണിട്ടില്ലെന്നും വന്യമൃഗങ്ങളെ തുരത്താനുള്ള ഫെന്‍സിങ്ങോ സമീപത്തില്ലെന്നതും ദുരൂഹയുയര്‍ത്തിയിരുന്നു.
മുട്ടിക്കുളങ്ങര പൊലീസ് ക്യാമ്പിലെ ഹവില്‍ദാര്‍മാരായ അശോകന്‍, മോഹന്‍ദാസ് എന്നിവരെയാണ് ക്യാമ്പിന് പിറകിലെ വയലില്‍ മരിച്ചനിലയില്‍ കണ്ടത്. ക്യാമ്പില്‍ നിന്ന് നൂറ് മീറ്റര്‍ അകലെ കൊയ്ത്തുകഴിഞ്ഞ വയലില്‍ രണ്ടുഭാഗത്തായിട്ടാണ് മൃതദേഹങ്ങള്‍ കിടന്നിരുന്നത്. ശരീരത്തില്‍ പൊള്ളലേറ്റതുപോലെയുള്ള പാടുകളുമുണ്ട്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് നാട്ടുകാര്‍ കസ്റ്റഡിയിലായത്.
സംഭവത്തില്‍ വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം വ്യാഴാഴ്ച വൈകിട്ടോ വെള്ളിയാഴ്ച രാവിലെയോ ആയിരിക്കും പോസ്റ്റ്‌മോര്‍ട്ടം നടത്തുക.
Content Highlights: More information on the incident where the policemen were found dead is out in Palakkad