|

ദുബായില്‍ നിന്നെത്തിയ സ്വര്‍ണം വാങ്ങാന്‍ പാലക്കാട്ടു നിന്നും തട്ടിയെടുക്കാന്‍ കണ്ണൂരില്‍ നിന്നും സംഘം; രാമനാട്ടുകര സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം/കോഴിക്കോട്: രാമനാട്ടുകരയില്‍ ഇന്നു പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ മരിച്ചവര്‍ ദുബായില്‍നിന്ന് കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തിക്കൊണ്ടുവരാന്‍ ശ്രമിച്ച സ്വര്‍ണം വാങ്ങാന്‍ എത്തിയവര്‍ എന്ന് റിപ്പോര്‍ട്ട്.

1.11 കോടി രൂപ വില മതിക്കുന്ന 2.330 കിലോ സ്വര്‍ണം ഇന്ന് കരിപ്പൂരില്‍നിന്ന് പിടിച്ചെടുത്തിരുന്നു. ദുബായില്‍നിന്ന് എത്തിയ മലപ്പുറം സ്വദേശി മുഹമ്മദ് ഷെഫീക്കി(23)ല്‍ നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്. പുലര്‍ച്ചെ രണ്ടരയ്ക്ക് ദുബായില്‍നിന്നെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസിലെ യാത്രക്കാരനായിരുന്നു മുഹമ്മദ് ഷെഫീക്ക്.

കരിപ്പൂര്‍ എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് നടത്തിയ പരിശോധനയില്‍ 2.330 കിലോ സ്വര്‍ണമാണ് പിടിച്ചെടുത്തത്. ഈ സ്വര്‍ണത്തിന് 1.11 കോടി വില വരും. കോഫി മേക്കര്‍ മെഷീന്റെ ഉള്ളില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താനായിരുന്നു ഷെഫീക്കിന്റെ ശ്രമം. അറസ്റ്റ് ചെയ്ത പ്രതിയെ പതിന്നാലു ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

ഷെഫീക്കില്‍നിന്ന് ഈ സ്വര്‍ണം വാങ്ങാനാണ് പാലക്കാട് ചെര്‍പ്പുളശ്ശരിയില്‍നിന്ന് അഞ്ചംഗ സംഘമെത്തിയതെന്നാണ് കസ്റ്റംസില്‍നിന്ന് ലഭിക്കുന്ന വിവരം. ചെര്‍പ്പുളശ്ശേരിയില്‍നിന്നെത്തിയ സംഘം കോഴിക്കോട് രാമനാട്ടുകരയിലുണ്ടായ അപകടത്തിലാണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ 4.45-നായിരുന്നു കോഴിക്കോട് രാമനാട്ടുകരയില്‍വെച്ച് ബൊലേറോയും ലോറിയും കൂട്ടിയിടിച്ച് അപകടമുണ്ടായത്. ബൊലേറോ യാത്രികരായ പാലക്കാട് ചെര്‍പ്പുളശ്ശേരി, പട്ടാമ്പി സ്വദേശികളുമായ മുഹമ്മദ് സാഹിര്‍, നാസര്‍, സുബൈര്‍, അസൈനാര്‍, താഹിര്‍ എന്നിവരാണ് മരിച്ചത്.

പാലക്കാടുനിന്നുള്ള സംഘം സ്വര്‍ണം വാങ്ങി മടങ്ങിപ്പോകുമ്പോള്‍, അവരില്‍നിന്ന് അത് തട്ടിയെടുക്കാന്‍ മറ്റൊരു സംഘം കണ്ണൂര്‍ ജില്ലയില്‍നിന്നും എത്തിയിരുന്നതായാണ് സൂചനകള്‍.

മുഹമ്മദ് ഷഫീക്ക് പിടിയിലായത് പാലക്കാടുനിന്നുള്ള സംഘവും കണ്ണൂരില്‍നിന്നുള്ള സംഘവും അറിഞ്ഞിരുന്നില്ലെന്നും പിന്നീട് ഷഫീക്ക് പിടിയിലായത് അറിഞ്ഞ പാലക്കാടുനിന്നുള്ള സംഘം മടങ്ങിപ്പോവാന്‍ തയ്യാറെടുത്തെന്നുമാണ് റിപ്പോര്‍ട്ട്.
ഇതിനിടയ്ക്ക് പാലക്കാടുനിന്നുള്ള സംഘം കണ്ണൂരില്‍നിന്നുള്ള സംഘത്തെ കാണുകയും അവര്‍ തമ്മില്‍ വാക്കേറ്റമുണ്ടാവുകയും ചെയ്തുവെന്നും തങ്ങളില്‍നിന്ന് സ്വര്‍ണം തട്ടിയെടുക്കാന്‍ വന്നവരാണ് കണ്ണൂര്‍ സംഘമെന്ന് പാലക്കാടുനിന്നുള്ളവര്‍ക്ക് മനസ്സിലാവുകയും അതിനു പിന്നാലെയുണ്ടായ സംഭവങ്ങളുടെ തുടര്‍ച്ചയായാണ് രാമനാട്ടുകരയില്‍ ഉണ്ടായ അപകടമെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights:  More information on Ramanattukara accident is out

Latest Stories

Video Stories