മമ്മൂട്ടിയും വിജയ് സേതുപതിയും ഒന്നിക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ അടുത്തിടെ മാധ്യമങ്ങളില്‍ ഇടംപിടിച്ചിരുന്നു. കാക്കമുട്ടൈ ചിത്രത്തിന്റെ സംവിധായകന്‍ മണികണ്ഠന്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിലായിരിക്കും ഇരുവരും ഒന്നിക്കുക എന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നത്.
ഇപ്പോഴിതാ ചിത്രത്തെ പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. വാലൈ പേച്ച് എന്ന യൂട്യൂബ് ചാനലിലൂടെയാണ് ചിത്രത്തെ പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നത്.
ചിത്രം നിര്‍മിക്കുന്നത് ഹോട്‌സ്റ്റാറാണ് എന്ന് ചാനലില്‍ അപ് ലോഡ് ചെയ്ത വീഡിയോയില്‍ അവതാരകര്‍ പറയുന്നു. മധുര കേന്ദ്രകരിച്ച് നടക്കുന്ന കഥയായിരിക്കും ചിത്രം പറയുന്നത്. ഇതിനായി മണികണ്ഠന്‍ മധുരയില്‍ ഓഫീസ് തുറന്ന് പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ചെയ്തുകൊണ്ടിരിക്കുകയാണ്. ഈ മാസം 25ന് ചിത്രത്തിന്റെ ഷൂട്ട് തുടങ്ങുമെന്നും വീഡിയോയില്‍ പറയുന്നുണ്ട്.
ഡിസ്‌നി നിര്‍മിക്കുന്നതായതിനാല്‍ തന്നെ ഇതൊരു വെബ് സീരിസാവാനുള്ള സാധ്യതയും അവതാരകര്‍ പങ്കുവെക്കുന്നുണ്ട്. ‘താനും മോഹന്‍ലാലും വെബ് സീരിസില്‍ അഭിനയിക്കില്ല’എന്ന് മമ്മൂട്ടി നേരത്തെ പറഞ്ഞിട്ടുണ്ട്. അങ്ങനെ പറഞ്ഞ മമ്മൂട്ടി വെബ് സീരിസില്‍ അഭിനയിക്കാമെന്ന് സമ്മതിച്ചതെങ്ങനെയാണെന്നും ഇനി അതല്ല തിയേറ്ററില്‍ റിലീസ് ചെയ്യാനായി ഹോട്‌സ്റ്റാര്‍ നിര്‍മിക്കുന്ന ചിത്രമാകാമെന്ന സാധ്യതയും വീഡിയോയില്‍ പറയുന്നു.
റോഷാക്കാണ് ഒടുവില്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്ത മമ്മൂട്ടി ചിത്രം. ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കം, ബി. ഉണ്ണികൃഷ്ണന്റെ ക്രിസ്റ്റഫര്‍ എന്നിവയാണ് ഇനി റിലീസ് ചെയ്യാനുള്ള മമ്മൂട്ടി ചിത്രങ്ങള്‍. ജിയോ ബേബിയുടെ കാതലിലാണ് നിലവില്‍ താരം അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രമാണ് ഒടുവില്‍ റിലീസ് ചെയ്ത വിജയ് സേതുപതിയുടെ ചിത്രം.
Content Highlight: More information about Mammootty and Vijay Sethupathi movie