ലണ്ടന്‍: ഇന്ത്യയില്‍ ബി.ജെ.പി സര്‍ക്കാര്‍ നടത്തിവരുന്ന ഹിന്ദുത്വ വല്‍ക്കരണം മൂലം അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറുന്നവരുടെ എണ്ണം കൂടി വരുന്നെന്ന് റിപ്പോര്‍ട്ട് അന്താരാഷ്ട്ര മാധ്യമമായ ദ ഗാര്‍ഡിയന്റെ വിശകലന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
യു.എസ് ഇമിഗ്രേഷന്‍ ലോയേര്‍സ് മുഖേന ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. അമേരിക്കയിലേക്ക് പലായനം ചെയ്യാന്‍ ശ്രമിക്കുന്ന ഇന്ത്യക്കാരില്‍ ഭൂരിഭാഗവും മതന്യൂനപക്ഷങ്ങളും പിന്നോക്ക ജാതിക്കാരുമാണ്.
അനധികൃതമായി യു.എസിലേക്ക് കടക്കാന്‍ ശ്രമിച്ച് യു.എസ് അതിര്‍ത്തിയില്‍ വെച്ച് തടവലായവരുടെ എണ്ണം ഏറ്റവും കൂടുതലുള്ളത് ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നും ആണ്. ഇതു കഴിഞ്ഞാല്‍ തൊട്ടു പിന്നിലുള്ളത് ഇന്ത്യയാണ്. 2018 ലാണ് ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ അനധികൃതമായി യു.എസിലേക്ക് കുടിയേറാന്‍ ശ്രമിച്ച് പിടിക്കപ്പെട്ടത്.
9000ത്തോളം പേരാണ് 2018 ല്‍ യു.എസ് അതിര്‍ത്തിയില്‍ വെച്ച് പിടിക്കപ്പെട്ടത്. എന്നാല്‍ പത്തു വര്‍ഷത്തിനു മുമ്പ് ഇത് വെറും 77 പേര്‍ മാത്രമായിരുന്നു. അതിനാലാണ് 2014 ല്‍ നരേന്ദ്രമോദി അധികാരത്തിലേറിയതു മുതലാണ് ഇത്രയും വലിയ പലായന ശ്രമങ്ങള്‍ ഇന്ത്യയില്‍ നിന്നും നടക്കുന്നത് എന്ന് റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഇത്തരത്തില്‍ കുടിയേറ്റത്തിന് ശ്രമിക്കുന്ന പലരും ബി.ജെ.പി, ആര്‍.എസ്.എസ് ആക്രമണങ്ങളുടെയും ഭീഷണികളുടെയും ഇരകളാണ്. ഇതിനുദാഹരണങ്ങളും ഗാര്‍ഡിയന്‍ നിരത്തുന്നുണ്ട്.
റിപ്പോര്‍ട്ടില്‍ പറയുന്ന ഗുജറാത്തുകാരനായ കുമാര്‍ മെക്‌സിക്കോ വഴി യു.എസിലേക്ക് കടന്നയാളാണ്. ഇതിനു കാരണം ഇങ്ങനെയാണ്,
24 കാരനായ കുമാര്‍ കഴിഞ്ഞ വര്‍ഷം നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കുവേണ്ടി പ്രചാരണം നടത്തിയിരുന്നു. ഇതേ തുടര്‍ന്ന് ഇയാള്‍ക്കു നേരെ നിരന്തര ഭീഷണികള്‍ ഉണ്ടാവുകയും ഒരു ദിവസം കുമാറും ഭാര്യയും പാര്‍ട്ടി പരിപാടി കഴിഞ്ഞ് ബൈക്കില്‍ തിരിച്ചു വരുന്ന സമയത്ത് നാലംഗ സംഘം ഇദ്ദേഹത്തെ തടഞ്ഞു നിര്‍ത്തുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. ഈ നാലു പേരും ബി.ജെ.പി പ്രവര്‍ത്തകരാണ് എന്ന് കുമാറിന് മനസ്സിലാവുകയും ചെയ്തു. 10 ദിവസം നടക്കാന്‍ സാധിക്കാത്ത തരത്തില്‍ കുമാറിനെ ഇവര്‍ തല്ലിച്ചതച്ചു. ഇതിനെതിരെ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ പോയ സമയത്ത് രണ്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ കുമാറിനെ ഭീഷണിപ്പെടുത്താന്‍ സംഭവസ്ഥലത്തുണ്ടായിരുന്നു. ആക്രമണത്തിനു ശേഷവും കുമാറിനെ ഇവര്‍ വെറുതെ വിടാന്‍ ഒരുക്കമായിരുന്നില്ല. വീണ്ടും തനിക്കെതിരെ അക്രമണത്തിന് ഇവര്‍ മുതിരുന്നുണ്ടെന്ന് ബന്ധു വഴി അറിഞ്ഞ കുമാറും ഭാര്യയും രാജ്യം വിടാന്‍ തീരുമാനിക്കുകയായിരുന്നു. നാട്ടിലുള്ള തന്റെ ബന്ധുക്കള്‍ക്ക് അപകടം ഒന്നും ഉണ്ടാകരുതെന്ന് കരുതി തന്റെ മുഴുവന്‍ പേര് റിപ്പോര്‍ട്ടില്‍ ഉപയോഗിക്കരുതെന്ന് കുമാര്‍ ആവശ്യപ്പെട്ടു.
റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്ന മറ്റൊരു ഇന്ത്യന്‍ പൗരന്‍ യു.എസിലേക്ക് കുടിയേറാനുള്ള കാരണമായി പറഞ്ഞത് ഇദ്ദേഹം ക്രിസ്ത്യന്‍ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തതു മൂലം ഹിന്ദുത്വ വാദികളില്‍ നിന്നും ഭീഷണി നേരിട്ടതു മൂലമാണ് എന്നാണ്.
‘എപ്പോള്‍ മുതലാണ് ഇത്രയും കൂടുതല്‍ കുടിയേറ്റം നടന്നതെന്ന് നോക്കുമ്പോള്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലേറിയത് മുതല്‍ എന്നാണ് കാണാനാവുന്നത്,’ ഇന്ത്യന്‍ അഭയാര്‍ത്ഥികള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ഇമിഗ്രേഎഷന്‍ ലോയര്‍ ആയ ദീപക് അഹുവാലിയ ഗാര്‍ഡിയനോട് പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഇന്ത്യയിലെ വര്‍ഗീയ സംഘര്‍ഷങ്ങളുടെ കണക്കെടുക്കുന്ന സംഘടനയായ ഫാക്ട്‌ചെക്ക്.ഇന്‍-ന്റെ കണക്കു പ്രകാരം 2014 ല്‍ മോദി അധികാരത്തിലേറിയതു മുതല്‍ കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ ഹിന്ദത്വ വാദികളുടെ ആക്രമണം 90% വര്‍ധിച്ചിട്ടുണ്ട്.
ഇതിന്റെ ഇരകള്‍ മത ന്യൂന പക്ഷങ്ങളും ദളിതരുമാണ്. ഇവര്‍ക്കു പുറമെ ലൈംഗിക ന്യൂനപക്ഷങ്ങളും ഇന്ത്യയില്‍ നിന്നും പാലായനം ചെയ്യുന്നുണ്ട്.
എന്നാല്‍ ജന്മനാടുപേക്ഷിച്ച് അമേരിക്കയ്ക്ക് പലായനം ചെയ്യല്‍ ഇവരെ സംബന്ധിച്ചിടത്തോളം എളുപ്പമല്ല. പലപ്പോഴും ഇത്തരത്തില്‍ പാലായനം ചെയ്യപ്പെടാന്‍ ശ്രമിക്കുന്നവര്‍ ബലാംത്സംഗത്തിനും കവര്‍ച്ചയ്ക്കും ഇരയാവാറുണ്ട്. ഉദാഹരണത്തിന് കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ അരിസോന മരൂഭൂമിയില്‍ വെച്ച് ഒരു സിഖ് പെണ്‍കുട്ടി മരണപ്പെട്ടിട്ടുണ്ട്.