| Tuesday, 7th September 2021, 5:12 pm

തമിഴ്‌നാട്ടില്‍ സ്‌കൂളുകള്‍ തുറന്നതിന് പിന്നാലെ വിദ്യാര്‍ഥികള്‍ക്കും അധ്യാപര്‍ക്കും കൊവിഡ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: തമിഴ്‌നാട്ടില്‍ സ്‌കൂളുകള്‍ തുറന്നതിന് പിന്നാലെ വിദ്യാര്‍ഥികള്‍ക്കും അധ്യാപര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. 20 വിദ്യാര്‍ഥികള്‍ക്കും 10 അധ്യാപകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ഒരു വര്‍ഷത്തിന് ശേഷം സെപ്റ്റംബര്‍ ഒന്നിനാണ് സ്‌കൂളുകള്‍ തുറന്നത്. സെപ്റ്റംബര്‍ മൂന്നിനാണ് ചെന്നൈയിലെ സ്വകാര്യ സ്‌കൂളില്‍ കൊവിഡ് സ്ഥിരീകരിച്ചത്. 120 കുട്ടികളെയാണ് പരിശോധിച്ചത്.

കൊവിഡ് സ്ഥിരീകരിച്ച കുട്ടികളില്‍ ഒരാള്‍ മാതാപിതാക്കളോടൊപ്പം ബെംഗളൂരുവില്‍ സന്ദര്‍ശനം നടത്തിയിരുന്നു. കൊവിഡ് സ്ഥിരീകരിച്ചതിനാല്‍ ഉടന്‍തന്നെ സ്‌കൂള്‍ അടച്ചുപൂട്ടി അണുവിമുക്തമാക്കണമെന്ന് തമിഴ്‌നാട് ആരോഗ്യ മന്ത്രി എം.എ. സുബ്രമണ്യന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

മറ്റ് കൊവിഡ് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കണമെന്നും ഇതിനുപുറമെ സംസ്ഥാനത്തെ സ്‌കൂളുകളില്‍ കൂട്ട പരിശോധന നടത്തുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

കുട്ടികളുടെയും വിദ്യാര്‍ഥികളുടെയും ദീര്‍ഘനാളത്തെ ആവശ്യം പരിഗണിച്ചാണ് തമിഴ്‌നാട് സര്‍ക്കാര്‍ സ്‌കൂളുകള്‍ തുറക്കാന്‍ തീരുമാനിച്ചത്. തുറക്കുന്നതിന് മുമ്പ് സ്‌കൂളുകള്‍ അണുവിമുക്തമാക്കുകയും കൊവിഡ് മുന്‍കരുതലുകളെടുക്കുകയും ചെയ്തിരുന്നു.

കൊവിഡിനിടയില്‍ ക്ലാസുകളിലെത്താന്‍ ബുദ്ധിമുട്ടുള്ള വിദ്യാര്‍ഥികള്‍ക്ക് രക്ഷിതാക്കളുടെ സമ്മതത്തോടെ ഓണ്‍ലൈന്‍ പഠന സംവിധാനത്തില്‍ തുടരാമെന്ന് വിദ്യാഭ്യാസ മന്ത്രി കെ.പി. അന്‍പഴകനും അറിയിച്ചിട്ടുണ്ട്.

രാജ്യത്തെ 5 സംസ്ഥാനങ്ങളിലാണ് സ്‌കൂളുകള്‍ തുറന്നത്. കൊവിഡ് കേസുകള്‍ കുറഞ്ഞ സംസ്ഥാനങ്ങളായ ദല്‍ഹി, രാജസ്ഥാന്‍, മധ്യപ്രദേശ്, അസം, തമിഴ്നാട് എന്നിവിടങ്ങളിലാണ് 50% വിദ്യാര്‍ത്ഥികളുമായി ക്ലാസുകള്‍ ആരംഭിച്ചത്.

കര്‍ശന നിയന്ത്രണങ്ങളോടെയാണ് സ്‌കൂള്‍ അധ്യയനം ആരംഭിച്ചിരിക്കുന്നത്. അധ്യാപകരും സ്‌കൂള്‍ ജീവനക്കാരും രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും മാസ്‌ക് നിര്‍ബന്ധമാണ്.

ദല്‍ഹിയില്‍ 9 മുതല്‍ 12 വരെയുള്ള ക്ലാസുകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമാണ് തുറന്നത്. തമിഴ്നാട്ടില്‍ ഒരു ക്ലാസില്‍ ഒരേ സമയം പരമാവധി 20 വിദ്യാര്‍ത്ഥികളെ മാത്രമേ അനുവദിക്കുന്നുള്ളൂ. കേരളത്തില്‍ നിന്ന് എത്തുന്ന വിദ്യാര്‍ത്ഥികള്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കേറ്റോ ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ ഹാജരാക്കണം.

അതേസമയം കേരളത്തിലെ സ്‌കൂളുകള്‍ തുറക്കുന്നതു സംബന്ധിച്ച തീരുമാനം പ്ലസ് വണ്‍ പരീക്ഷയുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിക്ക് അനുസരിച്ചു മാത്രമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു.

വിധി അനുകൂലമെങ്കില്‍ പ്രായോഗികത പരിശോധിക്കാനുള്ള വിദഗ്ധസമിതിയെ നിയമിക്കും. പ്ലസ് വണ്‍ പരീക്ഷ തന്നെ സ്റ്റേ ചെയ്തിരിക്കുന്ന സമയത്ത് സ്‌കൂള്‍ തുറക്കുന്ന നടപടിയുമായി മുന്നോട്ടുപോകുന്നത് ഉചിതമല്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തല്‍.

സെപ്റ്റംബര്‍ 13നു കേസ് വീണ്ടും പരിഗണിക്കുന്നതുവരെ പരീക്ഷ നിര്‍ത്തിവെയ്ക്കാനാണ് സുപ്രീംകോടതി നിര്‍ദേശം. സെപ്റ്റംബര്‍ 6 മുതല്‍ പ്ലസ് വണ്‍ പരീക്ഷ നടത്താനായിരുന്നു വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.

അതേസമയം സുപ്രീം കോടതിയുടെ വിധി എതിരായാല്‍ സ്‌കൂള്‍ തുറക്കുന്ന നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകില്ല. രോഗസ്ഥിരീകരണ നിരക്ക് (ടി.പി.ആര്‍) എട്ടില്‍ താഴെയെങ്കിലും എത്തിയശേഷം മാത്രമേ ചര്‍ച്ചകളിലേക്ക് കടക്കുകയുള്ളൂ.

സ്‌കൂളുകള്‍ തുറക്കാമെന്ന് നേരത്തെ ആരോഗ്യവിദഗ്ധര്‍ മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ നിര്‍ദേശിച്ചിരുന്നു. ഒക്ടോബര്‍ മുതല്‍ ഘട്ടംഘട്ടമായി സ്‌കൂളുകള്‍ തുറക്കാനായിരുന്നു വിദ്യാഭ്യാസ വകുപ്പിന്റെ ആലോചന. ആദ്യഘട്ടത്തില്‍ 10, 11, 12 ക്ലാസുകള്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ തുടങ്ങാനായിരുന്നു ആലോചിച്ചിരുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: More fresh COVID-19 cases in Tamil Nadu schools, colleges become concern for parents

We use cookies to give you the best possible experience. Learn more