സിയോള്‍: ഇന്ത്യയുടെ എന്‍.എസ്.ജി പ്രവേശനത്തില്‍ അഭിപ്രായ സമന്വയം രൂപീകരിക്കാന്‍ പ്ലീനറി സമ്മേളനത്തിലും കഴിഞ്ഞില്ല. ആണവസാമഗ്രി വിതരണ ഗ്രൂപ്പിലേക്കുള്ള ഇന്ത്യയുടെ പ്രവേശനത്തെ ചൈന മാത്രമല്ല എതിര്‍ക്കുന്നത് എന്നതാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരം. ബ്രസീല്‍, ഓസ്ട്രിയ, അയര്‍ലണ്ട്, തുടര്‍ക്കി, ന്യൂസിലന്റ് എന്നീ രാജ്യങ്ങളും ഇന്ത്യയുടെ പ്രവേശനത്തെ എതിര്‍ത്തതായാണ് സൂചന. ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പിടാത്തതാണ് ഇന്ത്യയെ എതിര്‍ക്കാന്‍ രാജ്യങ്ങളെ പ്രേരിപ്പിക്കുന്നത്.
അതേസമയം അമേരിക്കയും മെക്‌സിക്കോയും ഇന്ത്യയ്ക്ക് വീണ്ടും പിന്തുണ അറിയിച്ചു. എന്‍.എസ്.ജിയിലെ 48 അംഗരാജ്യങ്ങള്‍ പങ്കെടുക്കുന്ന പ്ലീനറി സമ്മേളനം സിയോളില്‍ പുരോഗമിക്കുകയാണ്. എന്‍.എസ്.ജി പ്രവേശനം വേണമെന്ന പാകിസ്ഥാന്റെ ആവശ്യം സമ്മേളനം പരിഗണിച്ചിട്ടില്ല.
നേരത്തെ ഇന്ത്യയുടെ ആവശ്യത്തെ പിന്തുണയ്ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിംഗിനോട് ആവശ്യപ്പെട്ടിരുന്നു. ന്യായവും വസ്തുനിഷ്ടവുമായ വിശകലനം ഇക്കാര്യത്തില്‍ നടത്തണമെന്ന് മോദി ആവശ്യപ്പെട്ടു. താഷ്‌ക്കെന്റില്‍ നടന്ന ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ സമ്മേളനത്തിലായിരുന്നു ഇരുവരും കണ്ടുമുട്ടിയത്. തുടക്കം മുതല്‍ ഇന്ത്യയുടെ പ്രവേശനത്തെ ശക്തമായി എതിര്‍ക്കുന്ന രാഷ്ട്രമാണ് ചൈന.