പഞ്ചാബ് കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി: മുന്‍ മന്ത്രിയടക്കം നിരവധി പേര്‍ ബി.ജെ.പിയിലേക്ക്
national news
പഞ്ചാബ് കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി: മുന്‍ മന്ത്രിയടക്കം നിരവധി പേര്‍ ബി.ജെ.പിയിലേക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 4th June 2022, 3:23 pm

ചണ്ഡീഗഡ്: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സുനില്‍ ജാഖറിന് പിന്നാലെ കോണ്‍ഗ്രസില്‍ നിന്നും ബി.ജെ.പിയിലേക്ക് കൂടുമാറി നേതാക്കള്‍. മുന്‍ മന്ത്രിയുള്‍പ്പെടെ നാല് കോണ്‍ഗ്രസ് നേതാക്കളാണ് ബി.ജെ.പിയിലേക്ക് പോയത്.

മുന്‍ കാബിനറ്റ് മന്ത്രിയായിരുന്ന ഗുര്‍പ്രീത് സിങ് കന്‍ഗാര്‍, ബൈനാല മുന്‍ എം.എല്‍.എ കേവല്‍ സിങ് ദില്ലോണ്‍, ബാല്‍ബിര്‍ സിങ് സിദ്ദു, രാജ്കുമാര്‍ വെര്‍ക, സുന്ദര്‍ ശാം അറോറ, തുടങ്ങിയവരാണ് ബി.ജെ.പിയില്‍ ചേരുന്നത്.

ചണ്ഡീഗഡിലെ ബി.ജെ.പിയുടെ ഓഫീസില്‍ നടക്കുന്ന പരിപാടിയില്‍ കേന്ദ്ര മന്ത്രി അമിത്ഷായുടെ നേതൃത്വത്തിലായിരിക്കും ഇവരുടെ പാര്‍ട്ടി പ്രവേശം.

ബി.ജെ.പിയിലെത്തുന്ന നാല് പേരും തങ്ങളുടെ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരാണ്. ജനങ്ങളുമായി അടുത്ത ബന്ധം സ്ഥാപിക്കുകയും, അടിത്തട്ടിലിറങ്ങി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന നേതാക്കള്‍ ബി.ജെ.പിയിലേക്ക് പോകുന്നത് കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍.

കഴിഞ്ഞ മാസമാണ് മുന്‍ പി.സി.സി അധ്യക്ഷനായിരുന്ന സുനില്‍ ജാഖര്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. പാര്‍ട്ടിക്ക് നല്ലത് നേരുന്നുവെന്നും, യാത്ര പറയുകയാണെന്നുമായിരുന്നു ജാഖര്‍ പാര്‍ട്ടി വിടുമ്പോള്‍ പറഞ്ഞത്.

നാശത്തിലേക്കാണ് കോണ്‍ഗ്രസിന്റെ പോക്കെന്നും കോണ്‍ഗ്രസ് മുങ്ങാന്‍ പോകുന്ന കപ്പലാണെന്നും പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ് പറഞ്ഞിരുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ രാജിയുണ്ടായേക്കുമെന്നുമായിരുന്നു അന്ന് അമരീന്ദര്‍ നടത്തിയ പ്രസ്താവന.

ഇതിന് പിന്നാലെയാണ് നിലവില്‍ നേതാക്കളുടെ കൂട്ട രാജി. നിലവില്‍ രാജി പ്രഖ്യാപിച്ചവര്‍ക്ക് പുറമെ മൊഹാലി സിറ്റിങ് എം.എല്‍.എയും ബാല്‍ബീര്‍ സിങിന്റെ സഹോദരനുമായ അമര്‍ജീത് സിങ് സിദ്ദുവും കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നേക്കാമെന്ന് സൂചനകളും നിലനില്‍ക്കുന്നുണ്ട്.

Content Highlight: More congress leaders from punjab to join BJP after sunil jhakar