| Monday, 6th December 2021, 12:27 pm

ലോക്കപ്പ് മര്‍ദ്ദനം, കൈക്കൂലി; സുധീറിനെതിരെ കൂടുതല്‍ പരാതികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലുവ: മോഫിയ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സസ്‌പെന്‍ഷനിലായ സി.ഐ സുധീറിനെതിരെ കൂടുതല്‍ പരാതികള്‍. മോഫിയയുടെ സംഭവത്തില്‍ സുധീറിന് സസ്‌പെന്‍ഷന്‍ കിട്ടിയതോടെയാണ് പരാതിയുമായി കൂടുതല്‍ പേര്‍ രംഗത്തെത്തിയിരിക്കുന്നത്.

ലോക്കപ്പ് മര്‍ദ്ദനം, കള്ളക്കേസില്‍ കുടുക്കല്‍, കൈക്കൂലി ആവശ്യപ്പെട്ടു തുടങ്ങിയ ആരോപണങ്ങളാണ് സുധീറിനെതിരെ ഉയരുന്നത്. കൂടുതല്‍ ആളുകള്‍ പരാതിയുമായി പൊലീസിനേയും മനുഷ്യാവകാശ കമ്മീഷനേയും സമീപിക്കുന്നുണ്ട്.

സുധീര്‍ തന്നെ കള്ളക്കേസില്‍ കുടുക്കിയെന്നാരോപിച്ച് ഓട്ടോ ഡ്രൈവറായ പ്രസാദ് പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. 2007ലാണ് കേസിനാസ്പദമായ സംഭവം. ഓട്ടോ ഡ്രൈവറായ പ്രസാദിനെ കള്ളക്കേസില്‍ കുടുക്കിയെന്നാണ് പരാതിയില്‍ പറയുന്നത്.

അയല്‍വാസിയുമായുണ്ടായ അതിരുതര്‍ക്കം തീര്‍ക്കാനെത്തിയ സുധീര്‍ പ്രസാദിനോട് കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്.

കൈക്കൂലി കൊടുക്കാതെ വന്നതോടെ കള്ളക്കേസില്‍ കുടുക്കി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പ്രസാദ് പറഞ്ഞു.

സംഭവത്തില്‍ സുധീറിനെതിരെ പരാതി നല്‍കിയിരുന്നു. പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തി ജില്ലാ പൊലീസ് കംപ്ലയിന്റ് അതോറിറ്റി സുധീറിനെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തിരുന്നെങ്കിലും നടപടിയൊന്നും ഉണ്ടായില്ല.

സമാനമായ സംഭവത്തില്‍ സുധീര്‍ ലാല്‍കുമാര്‍ എന്ന യുവാവിനെതിരെ പോക്‌സോ കേസ് ചുമത്തിയിരുന്നു. എട്ടു വയസുകാരിയെ പീഡിപ്പിച്ചുവെന്ന് ആരോപിച്ച് ലാല്‍ കുമാറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

എന്നാല്‍ പ്രാഥമിക അന്വേഷണം പോലും നടത്താതെ ലാലിനെ പിന്നീട് കേസില്‍ നിന്ന് കോടതി കുറ്റവിമുക്തനാക്കുകയായിരുന്നു. സംഭവത്തിനെതിരെ പ്രതികരിച്ച ലാല്‍കുമാറിന്റെ സഹോദരിയെ സുധീര്‍ ഭീഷണിപ്പെടുത്തിയിരുന്നു.

അതേസമയം, മോഫിയ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണ വിധേയനായ സി.ഐ സുധീറിന് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് സസ്‌പെന്‍ഡ് ചെയ്തത്. ഭര്‍തൃവീട്ടുകാര്‍ക്കു പുറമെ ആലുവ പൊലീസിനെതിരെയും ആത്മഹത്യ കുറിപ്പില്‍ പരാമര്‍ശമുണ്ടായിരുന്നു.

കൊല്ലത്തെ വിവാദമായ ഉത്ര കൊലക്കേസില്‍ വീഴ്ച വരുത്തിയതിന് നേരത്തെ നടപടി നേരിട്ട അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു സുധീര്‍. ഇതിന് മുമ്പ് അഞ്ചല്‍ ഇടമുളയ്ക്കലില്‍ മരിച്ച ദമ്പതിമാരുടെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് ഒപ്പിടാന്‍ സ്വന്തം വീട്ടിലേക്ക് മൃതദ്ദേഹം എത്തിച്ച സംഭവത്തിലും സുധീറിനെതിരെ ആഭ്യന്തര അന്വേഷണം നടക്കുന്നുണ്ട്. 2020 ജൂണിലായിരുന്നു ഈ കേസ് നടന്നത്. അഞ്ചല്‍ സി.ഐ ആയിരുന്നു അന്ന് സുധീര്‍. മറ്റൊരു സ്ത്രീയും ഇയാള്‍ക്കെതിരെ രംഗത്ത് വന്നിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: More complaints against  Sudheer

We use cookies to give you the best possible experience. Learn more