| Tuesday, 19th July 2022, 8:19 am

'അടിവസ്ത്രം അഴിപ്പിച്ചതോടെ മുടി മുന്നിലിട്ടാണ് പരീക്ഷ എഴുതിയത്'; നീറ്റ് പരീക്ഷക്കെതിരെ കൂടുതല്‍ പരാതികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്ലം: നീറ്റ് പരീക്ഷക്കിടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ കൂടുതല്‍ പരാതികള്‍. കൊല്ലം ആയൂരിലെ പരീക്ഷ കേന്ദ്രത്തിനെതിരെയാണ് പരാതിയുമായി കൂടുതല്‍ പെണ്‍കുട്ടികളെത്തിയത്. വളരെ മോശം, അപമാനകരമായ അനുഭവമായിരുന്നു തങ്ങള്‍ക്കുണ്ടായതെന്ന് ഒരു വിദ്യാര്‍ത്ഥിനി പ്രതികരിച്ചു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു ഇവരുടെ പ്രതികരണം.

അടിവസ്ത്രം അഴിപ്പിച്ചതോടെ മുടി മുന്നിലിട്ടാണ് പരീക്ഷ എഴുതിയത്. പരീക്ഷ കഴിഞ്ഞും കോളേജില്‍ നിന്ന് അടിവസ്ത്രം ധരിക്കാന്‍ അനുവധിച്ചില്ലെന്നും വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞു. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി പുറത്തിറക്കിയ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് പരീക്ഷക്കെത്തിയതെന്ന് ദുരനുഭവം നേരിട്ട വദ്യാര്‍ത്ഥിനിയുടെ പിതാവ് പറഞ്ഞു.

എന്നാല്‍ അടിവസ്ത്രം അഴിപ്പിച്ചതായി തങ്ങള്‍ക്ക് തെളിവ് ലഭിച്ചില്ലെന്നാണ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി ജില്ലാ കോര്‍ഡിനേറ്റര്‍ എന്‍.ജെ. ബാബു പ്രതികരിക്കുന്നത്. വിവാദം നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അന്വേഷിക്കുമെന്നും നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇത്തരം നടപടികള്‍ അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

പരീക്ഷാ കേന്ദ്രത്തിലെ പ്രവേശന കവാടത്തിലെ മുറിയില്‍വെച്ച് വസ്ത്രങ്ങള്‍ പരിശോധിക്കുകയും അടിവസ്ത്രം അഴിപ്പിക്കുകയും ചെയ്തുവെന്നാണ്
കൊല്ലം ആയൂര്‍ മാര്‍ത്തോമാ കോളേജ് ഓഫ് സയന്‍സ് ടെക്നോളജി കോളജില്‍ പരീക്ഷക്കെത്തിയ പരാതിയുമായി എത്തിയിരുന്നത്.

സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷന്‍ അംഗം ബീനാകുമാരിയാണ് ഉത്തരവിട്ടത്. കൊല്ലം റൂറല്‍ എസ്.പിക്കാണ് നിര്‍ദേശം നല്‍കിയത്. സംഭവത്തില്‍ വലിയ പ്രതിഷേധം നടക്കുകയാണ്. വിവിധ പ്രതികരണങ്ങള്‍.

ഡി.വൈ.എഫ്.ഐ

നടപടി പ്രാകൃതമാണെന്ന് ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടേറിയറ്റ്. അധികൃതരുടെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു വരണം. നീറ്റ് പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ എല്ലാം കാറ്റില്‍ പറത്തിയാണ് ആയൂര്‍ കോളജില്‍ പരീക്ഷ നടത്തിയത്. സുതാര്യമായി പരീക്ഷ നടത്താന്‍ അത്യാധുനിക സംവിധാനങ്ങള്‍ ലഭ്യമായിരിക്കെയാണ്, ഇത്തരമൊരു പ്രാകൃതമായ നടപടി അധികൃതര്‍ സ്വീകരിച്ചത്. നേരത്തെയും നീറ്റ് പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് ഇത്തരം പരാതികള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. ഈ അനുഭവങ്ങളില്‍ നിന്ന് പാഠം ഉള്‍കൊള്ളാതെയാണു കേന്ദ്ര സര്‍ക്കാര്‍ നീറ്റ് പരീക്ഷ നടത്തുന്നതെന്നു ജില്ലാ പ്രസിഡന്റ് ടി.ആര്‍. ശ്രീനാഥും സെക്രട്ടറി ശ്യാം മോഹനും പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസ്

കുറ്റക്കാരെ കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.ജെ. പ്രേം രാജ് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികളുമായി യൂത്ത് കോണ്‍ഗ്രസ് മുന്നോട്ടു പോകും. സംഭവത്തില്‍ സമാധാനപരമായി പ്രതിഷേധിച്ച കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്ത പൊലീസ് നടപടികളില്‍ പ്രതിഷേധമുണ്ട്. കുറ്റം ചെയ്തവര്‍ക്കെതിരെ കേസ് എടുക്കാതെ സമരം ചെയ്യുന്നവര്‍ക്കെതിരെ കേസ് എടുക്കുന്ന രീതി അവസാനിപ്പിക്കണമെന്നും പ്രേം രാജ് ആവശ്യപ്പെട്ടു.

കേരള കോണ്‍ഗ്രസ്

നടന്നത് ക്രൂരമായ മാനസിക പീഡനമാണെന്നും ഈ പ്രാകൃത രീതിക്കെതിരെ ബന്ധപ്പെട്ടവര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.വിശ്വജിത്ത് ആവശ്യപ്പെട്ടു. കുട്ടികളെ മാനസികമായി തളര്‍ത്തുന്ന നിലപാടാണ് പരീക്ഷാകേന്ദ്രത്തിലെ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുണ്ടായതെന്നും വിശ്വജിത്ത് പറഞ്ഞു.

എ.ഐ.എസ്.എഫ്

എന്‍.ടി.എ ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് എ.ഐ.എസ്.എഫ് ജില്ലാ പ്രസിഡന്റ് അനന്തു എസ്.പോച്ചയില്‍, സെക്രട്ടറി എ.അധിന്‍ എന്നിവര്‍ ആവശ്യപ്പെട്ടു. പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥികളെ മാനസികമായി തകര്‍ക്കുന്ന തരത്തിലുള്ള കാര്യങ്ങളാണു കോളജിലുണ്ടായത്. ഇതേത്തുടര്‍ന്നു പല വിദ്യാര്‍ഥികള്‍ക്കും നന്നായി പരീക്ഷയെഴുതാന്‍ കഴിയാത്ത സാഹചര്യമുണ്ടായതായി ഇവര്‍ പറഞ്ഞു.

CONTENT HIGHLIGHTS: More complaints against NEET exam

We use cookies to give you the best possible experience. Learn more