ഫ്രാങ്കോ മുളയ്ക്കലിനെതിരെ കൂടുതല്‍ പീഡന പരാതികള്‍ ലഭിച്ചതായി റിപ്പോര്‍ട്ട്
Kerala News
ഫ്രാങ്കോ മുളയ്ക്കലിനെതിരെ കൂടുതല്‍ പീഡന പരാതികള്‍ ലഭിച്ചതായി റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 22nd September 2018, 2:02 pm

കൊച്ചി: ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിര കൂടുതല്‍ പീഡന പരാതികള്‍ പൊലീസിന് ലഭിച്ചതായി റിപ്പോര്‍ട്ട്. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നും ജലന്ധറില്‍ നിന്നുമായി ബിഷപ്പിനെതിരെ നിരവധി പേര്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് ഏഷ്യനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കന്യാസ്ത്രീയുടെ പരാതിയില്‍ അഞ്ച് സംസ്ഥാനങ്ങളിലായി നടത്തിയ അന്വേഷണത്തിനിടെയാണ് കൂടുതല്‍ പരാതികള്‍ ലഭിച്ചതെന്നാണ് അറിയുന്നത്.

മഠം വിട്ടവരും മഠത്തില്‍ ഇപ്പോള്‍ ഉള്ളവരും പരാതിക്കാരില്‍ ഉള്‍പ്പെടുന്നുണ്ട്. പരാതികളെല്ലാം അതാത് ജില്ലാ പൊലീസ് മേധവികള്‍ക്കും. ജലന്ധറില്‍ നിന്ന് ലഭിച്ച പരാതി പഞ്ചാബ് പൊലീസിനും അന്വേഷണസംഘം കൈമാറിയിട്ടുണ്ട്.

കേരളത്തില്‍ നിന്ന് പരാതി നല്‍കിയവരില്‍ ചിലര്‍ പരാതിയില്‍ ഉറച്ചുനില്‍ക്കാനും കേസുമായി മുന്നോട്ടുപോകാനും തയ്യാറായിട്ടുണ്ടെന്നുമാണ് പൊലീസ് നല്‍കുന്ന സൂചന.

പരാതികള്‍ സംബന്ധിച്ച യാതൊരു വിവരവും പുറത്തുവിടരുതെന്നാണ് പൊലീസിന്റെ നിലപാട്. അതുകൊണ്ട് തന്നെ എത്രപേര്‍ പരാതി നല്‍കിയെന്ന കാര്യം പോലും പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.


റാഫേല്‍; മോദിക്കെതിരായ വെളിപ്പെടുത്തല്‍ വാര്‍ത്ത ‘മുക്കി’ റിപ്ലബ്ലിക് ടിവി; എങ്ങും തൊടാതെ ടൈംസ് നൗ: ദേശീയ മാധ്യമങ്ങളുടെ ഇരട്ടത്താപ്പ് ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയ


കേസില്‍ ഫ്രാങ്കോ മുളയ്ക്കലിന്റെ സ്വാധീനവും ഇടപെടലും ഒഴിവാക്കാനാണ് പൊലീസ് അതീവ രഹസ്യമായി നടപടികള്‍ മുന്നോട്ട് കൊണ്ടുപോകുന്നത്. ഫ്രാങ്കോ മുളയ്ക്കലിനെതിരെ കൂടുതല്‍ തെളുവുകള്‍ ശേഖരിക്കാനും പുതിയ പരാക്കാരുടെ മൊഴി രേഖപ്പെടുത്താനും പൊലീസ് നടപടി തുടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ പാലാ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. ഉച്ചയോടെയാണ് ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കിയത്.

കസ്റ്റഡിയെ എതിര്‍ത്ത് മജിസ്‌ട്രേറ്റ് കോടതിയില്‍ ബിഷപ് ജാമ്യാപേക്ഷ നല്‍കി. രക്തസാംപിളും ഉമിനീര്‍ സാംപിളും പൊലീസ് ബലമായി ശേഖരിച്ചെന്ന് അപേക്ഷയില്‍ പറയുന്നു.

കസ്റ്റഡി അനുവദിക്കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ കസ്റ്റഡിയില്‍ വിടരുതെന്നാണു വാദം. കോട്ടയം മെഡിക്കല്‍ കോളജില്‍നിന്ന് ചികില്‍സ രേഖകള്‍ ശേഖരിച്ചതിനുശേഷമാണ് ബിഷപ്പിനെ കോടതിയിലെത്തിച്ചത്.

കൊച്ചിയില്‍നിന്നു കൊണ്ടുവരുമ്പോള്‍ നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇന്നലെ രാത്രി ബിഷപ്പിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് വിദഗ്ധ പരിശോധനയ്ക്കു വിധേയമാക്കിയിരുന്നു. തുടര്‍ന്ന് ഹൃദയാഘാത സാധ്യത പരിശോധിക്കുന്ന ട്രോപ് ഐ ടെസ്റ്റ് രണ്ടു തവണ നടത്തി. ബിഷപ്പിന് ആരോഗ്യപ്രശ്നങ്ങളില്ലെന്നു ഡോക്ടര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്ന് രാവിലെ ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നു.