| Friday, 14th May 2021, 5:52 pm

ഗംഗാ തീരത്ത് വീണ്ടും മൃതദേഹം; പട്ടി കടിച്ചുവലിക്കുന്ന വീഡിയോയ്ക്ക് പിന്നാലെ മൃതദേഹം സംസ്‌ക്കരിച്ച് യു.പി അധികൃതര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബല്ലിയ: ഗംഗാ തീരത്ത് അഴുകിയ നിലയില്‍ അടിഞ്ഞ മൃതദേഹങ്ങള്‍ യു.പിയിലെ ബല്ലിയ ജില്ലാ അധികൃതര്‍ സംസ്‌ക്കരിച്ചു.

രണ്ട് മൃതദേഹങ്ങളാണ് അധികൃതര്‍ സംസ്‌ക്കരിച്ചത്. പട്ടികള്‍ മൃതദേഹങ്ങള്‍ കടിച്ചുവലിക്കുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് മൃതദേഹങ്ങള്‍ അധികൃതര്‍ സംസ്‌കരിച്ചത്.

മൃതദേഹങ്ങള്‍ ബന്ധുക്കള്‍ നദിയില്‍ ഒഴുക്കിയതാണെന്നാണ് അധികൃതരുടെ വാദം.

നരഹി പ്രദേശത്തെ ഉജിയാര്‍, കുല്‍ഹാദിയ, ഭരൗലി എന്നിവിടങ്ങിലായി 52 മൃതദേഹങ്ങള്‍ പൊങ്ങിക്കിടക്കുന്നതായി ബല്ലിയ നിവാസികള്‍ പറഞ്ഞു.

നേരത്തെ, ബീഹാറിലെ ഗംഗാ നദീ തീരത്ത് 40 ല്‍ അധികം മൃതദേഹങ്ങള്‍ അടിഞ്ഞിരുന്നു.

ഉത്തര്‍പ്രദേശില്‍ നിന്നുള്ള കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതശരീമാണ് ഇതെന്നാണ് പ്രാദേശിക ഭരണകൂടം ആരോപിച്ചത്.

അഞ്ചു മുതല്‍ ഏഴ് ദിവസം വെള്ളത്തില്‍ കിടന്ന മൃതദേഹങ്ങളായിരുന്നു തീരത്ത് അടിഞ്ഞത്.

വാരണാസിയില്‍ നിന്നോ അലഹബാദില്‍ നിന്നോ ആവാം മൃതദേഹങ്ങള്‍ നദിയില്‍ എറിഞ്ഞതെന്നാണ്
ബീഹാറിലെ അധികൃതര്‍ പറഞ്ഞത്.
മൃതദേഹം വലിച്ചെറിയുന്നത് ബീഹാറികളുടെ സംസ്‌ക്കാരമല്ലെന്നും അധികൃതര്‍ പറഞ്ഞിരുന്നു.

രാജ്യത്ത് കൊവിഡ് അതിവേഗത്തില്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ ഇത്തരത്തില്‍ മൃതദേഹങ്ങള്‍ നദീ തീരത്തടിയുന്നത് വലിയ രീതിയിലുള്ള ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: More Bodies Found Near Ganga In UP Cremated After Dogs Maul Them: Report

We use cookies to give you the best possible experience. Learn more