| Friday, 16th February 2018, 6:03 pm

പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് സാംപിള്‍ മാത്രം; കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ രാജ്യത്തെ ബാങ്കുകളില്‍ കൂടുതല്‍ തട്ടിപ്പുകളുണ്ടായിട്ടുണ്ടെന്ന് റിസര്‍വ് ബാങ്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കിന്റേതിനു സമാനമായി രാജ്യത്തെ പൊതുമേഖലാ ബാങ്കുകളില്‍ കൂടുതല്‍ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് റിസര്‍വ് ബാങ്ക്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 61,280 കോടി രൂപയുടെ തട്ടിപ്പാണ് നടന്നതെന്ന് ആര്‍.ബി.ഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

8670 വായ്പാ തട്ടിപ്പുകളിലായാണ് ഇത്രയും തുക നഷ്ടമായത്. കഴിഞ്ഞ വര്‍ഷം മാത്രം 17,634 കോടി രൂപയായിരുന്നു നഷ്ടമായത്.

അതേസമയം നീരവ് മോദിയുടെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് എട്ട് ജീവനക്കാരെക്കൂടി പഞ്ചാബ് നാഷണല്‍ ബാങ്ക് സസ്‌പെന്‍ഡ് ചെയ്തു. മറ്റ് ബാങ്കുകളുടെ കുടിശ്ശിക മാര്‍ച്ച് 31നകം അടച്ചുതീര്‍ക്കുമെന്നും പി.എന്‍.ബി അധികൃതര്‍ അറിയിച്ചു.

ബാങ്കിങ് മേഖലയെ ഞെട്ടിച്ച സാമ്പത്തികത്തട്ടിപ്പുമായി ബന്ധപ്പെട്ട് ജനറല്‍ മാനേജര്‍ തസ്തികയിലുള്ള ഒരു ജീവനക്കാരനുള്‍പ്പടെ എട്ട് പേരെയാണ് ഇന്ന് പഞ്ചാബ് നാഷണല്‍ ബാങ്ക് സസ്‌പെന്‍ഡ് ചെയ്തത്.

നീരവ് മോദിയുമായും അനധികൃത പണമിടപാടുമായും ഇവര്‍ക്കുള്ള ബന്ധം സംശയാസ്പദമാണെന്ന് കണ്ടതിനെത്തുടര്‍ന്നാണ് സസ്‌പെന്‍ഡ് ചെയ്തത്. നേരത്തെ 10 ജീവനക്കാരെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു.

We use cookies to give you the best possible experience. Learn more