| Thursday, 12th April 2018, 11:36 am

'പരിക്ക് വീണ്ടും വില്ലനായി'; സുരേഷ് റെയ്‌നക്ക് ഐ.പി.എല്‍ മത്സരങ്ങള്‍ നഷ്ടമാവും

സ്പോര്‍ട്സ് ഡെസ്‌ക്

ചെന്നൈ: ഐ.പി.എല്ലില്‍ റണ്ടു വര്‍ഷത്തെ സസ്‌പെന്‍ഷനു ശേഷം മടങ്ങിയെത്തിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് ആദ്യ രണ്ടു മത്സരങ്ങളിലും ആധികാരിക വിജയത്തോടെ മടങ്ങിവരവ് ഗംഭീരമാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് മാനേജ്‌മെന്റിനെയും ആരാധകരെയും ഒരുപോലെ നിരാശരാക്കുന്നതാണ്.

പരിക്കേറ്റ് സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ കേദാര്‍ ജാദവ് പുറത്തായതിനു പിന്നാലെയാണ് ചെന്നൈയുടെ സൂപ്പര്‍ താരം സുരേഷ് റെയ്‌നയും പരിക്കിന്റെ പിടിയിലകപ്പെട്ടിരിക്കുന്നത്. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം അടുത്ത രണ്ടു മത്സരങ്ങളിലും റെയ്‌ന കളത്തിലിറങ്ങുകയില്ല.

കഴിഞ്ഞ ദിവസം കൊല്‍ക്കത്തയ്ക്കെതിരെ നടന്ന മത്സരത്തിനിടെ കാലിനേറ്റ പരിക്കാണ് റെയ്‌നയെ ചെന്നൈക്ക് നഷ്ടമാക്കിയിരിക്കുന്നത്. മത്സരത്തിനിടെ പരുക്കേറ്റിട്ടും റെയ്ന ബാറ്റിങ് തുടര്‍ന്നിരുന്നു. ബാറ്റിങ്ങിലും ബോളിങ്ങിലും ഫീല്‍ഡിങ്ങിലും ഒരുപോലെ തിളങ്ങുന്ന റെയ്‌നയുടെ അഭാവം ധോണിയ്ക്ക് തലവേദനയാകുമെന്നതില്‍ സംശയമില്ല.

റെയ്നയ്ക്ക് പത്ത് ദിവസത്തെ വിശ്രമമാണ് റെയ്‌നയ്ക്ക് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതോടെ കിങ്‌സ് ഇലവന്‍ പഞ്ചാബിനും രാജസ്ഥാന്‍ റോയല്‍സിനും എതിരെയുളള മല്‍സരങ്ങളില്‍ താരമുണ്ടാകില്ലെന്ന് ഉറപ്പായിരിക്കുകയാണ്.

ഹോം ഗ്രൗണ്ടിനെ ചൊല്ലിയുള്ള വിവാദത്തെത്തുടര്‍ന്ന് മത്സരങ്ങള്‍ പൂനെയിലേക്ക് മാറ്റാന്‍ തീരുമാനിച്ച വാര്‍ത്ത പുറത്ത് വന്നതിനു പിന്നാലെയാണ് സൂപ്പര്‍ താരത്തിന്റെ പരിക്കും ചെന്നൈ ക്യാമ്പില്‍ ചര്‍ച്ചയാകുന്നത്. ആദ്യ മത്സരത്തിലേറ്റ പരിക്കിനെത്തുടര്‍ന്നായിരുന്നു കേദാര്‍ ജാദവ് പുറത്തായത്.

Latest Stories

We use cookies to give you the best possible experience. Learn more