ടെഹ്‌റാന്‍: രണ്ട് മാസത്തിലേറെയായി തുടരുന്ന ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന്, കഴിഞ്ഞ ദിവസമാണ് മതകാര്യപൊലീസിനെ പിന്‍വലിക്കാന്‍ ഇറാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നത്. മതകാര്യപൊലീസ് സംവിധാനം നിര്‍ത്തലാക്കിയതായി അറ്റോര്‍ണി ജനറല്‍ മുഹമ്മദ് ജാഫര്‍ മോണ്ടസേരി അറിയിച്ചതായി ഇറാന്‍ സ്റ്റേറ്റ് ന്യൂസ് ഏജന്‍സിയടക്കമുള്ളവരാണ് റിപ്പോര്‍ട്ട് ചെയ്തത്.
‘മതകാര്യപൊലീസിന് ജുഡീഷ്യറിയുമായി ഒരു ബന്ധവുമില്ല. അതുകൊണ്ട് തന്നെ ആ സംവിധാനത്തെ നിര്‍ത്തലാക്കുകയാണ്. ഈ സംവിധാനം എവിടെ നിന്നാണോ തുടങ്ങിയത് അവിടെ വെച്ച് തന്നെ ഇത് അവസാനിപ്പിച്ചിരിക്കുകയാണ്,’ എന്നായിരുന്നു മുഹമ്മദ് ജാഫര്‍ മോണ്ടസേരിയുടെ വാക്കുകള്‍.
ഹിജാബ് ഡ്രസ് കോഡ് പാലിച്ചില്ലെന്ന് ആരോപിച്ച് മതകാര്യപൊലീസ് അറസ്റ്റ് ചെയ്ത മഹ്‌സ അമിനി എന്ന 22കാരി പൊലീസ് മര്‍ദ്ദനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടതായിരുന്നു ഇറാനില്‍ ഇന്ന് ശക്തമായിരിക്കുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ക്ക് തുടക്കം കുറിച്ചത്.
എന്താണ് മതകാര്യപൊലീസ്? തുടക്കം എങ്ങനെ?
1979ലെ ഇസ്‌ലാമിക് വിപ്ലവത്തിന് നാല് വര്‍ഷത്തിന് ശേഷമാണ് ഇറാനില്‍ നിര്‍ബന്ധിത ഹിജാബ് നിയമം നിലവില്‍ വരുന്നത്. ഡ്രസ് കോഡ് പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനുള്ള സംവിധാനങ്ങളിലൊന്നായാണ് മതകാര്യപൊലീസ് നിലവില്‍ വരുന്നത്.
ഇറാനില മതകാര്യപൊലീസ്
ഗഷ്ദ്-ഇ-ഇര്‍ഷദ് / ഗൈഡന്‍സ് പെട്രോള്‍ എന്ന് ഔദ്യോഗികമായി അറിയപ്പെടുന്ന ഈ മതകാര്യപൊലീസ് സംവിധാനം മഹ്മൂദ് അഹമ്മദിനെജാദ് പ്രസിഡന്റായിരുന്ന സമയത്താണ് നിലവില്‍ വരുന്നത്. നേരത്തെയും സമാനമായ സംവിധാനങ്ങള്‍ ഉണ്ടായിരുന്നു.
‘സാമൂഹ്യ മര്യാദകളും ഹിജാബുമായി ബന്ധപ്പെട്ട ഇറാനിയന്‍ സംസ്‌കാരത്തെ കുറിച്ചുള്ള അവബോധവും വളര്‍ത്തുക’ എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെയായിരുന്നു ഇത് ആരംഭിക്കുന്നത്. 2006ലാണ് സദാചാര പൊലീസ് രാജ്യത്തുടനീളം പട്രോളിങ് ആരംഭിക്കുന്നത്.
സ്ത്രീകളും പുരുഷന്മാരും മതകാര്യപൊലീസിലുണ്ട്. ഇവര്‍ വെളുത്ത വാനുകളിലാണ് സഞ്ചരിക്കാറുള്ളത്. ചെറുപ്പക്കാര്‍ കൂട്ടംകൂടുകയും സമയം ചെലവഴിക്കുകയും ചെയ്യുന്ന സ്ഥലങ്ങളിലാണ് ഇവര്‍ പ്രധാനമായും പട്രോളിങ് നടത്തുക.
പൗരന്മാരെല്ലാം ഇറാന്റെ ഡ്രസ് കോഡ് പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് മതകാര്യപൊലീസിന്റെ പ്രധാന ജോലി. സ്ത്രീകള്‍ തല മറക്കുന്ന ഹിജാബ് ധരിക്കണമെന്നതാണ് ഡ്രസ് കോഡിലെ ഏറ്റവും മുന്‍പന്തിയിലുള്ള നിയമം. ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കരുതെന്നും നിയമത്തിലുണ്ട്.
ഇറാന്റെ പരമോന്നത നേതാവായ ആയത്തൊള്ള അലി ഖമനയി
ഈ ഡ്രസ് കോഡ് ലംഘിക്കുന്നവരായി മതകാര്യ പൊലീസ് കണ്ടെത്തുന്ന സ്ത്രീകളെ അറസ്റ്റ് ചെയ്ത് ‘പുനര്‍-വിദ്യാഭ്യാസ’ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകും.
ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ മാറിവരുന്ന സര്‍ക്കാരുകള്‍ക്കനുസരിച്ച് ഈ പൊലീസ് സംവിധാനത്തിന്റെ കാര്‍ക്കശ്യത്തിലും പ്രാധാന്യത്തിലും ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായി. ഹിജാബ് ധരിക്കുന്നതിലെ കര്‍ശന ചിട്ടവട്ടങ്ങള്‍ പാലിക്കുന്നില്ലെന്ന് ആരോപിച്ച് സ്ത്രീകള്‍ക്കെതിരെ വ്യാപകമായ അക്രമം അഴിച്ചുവിടുന്ന സംഭവങ്ങള്‍ സമീപകാലത്ത് അരങ്ങേറാനും തുടങ്ങി. ഇതിന്റെ ഏറ്റവും ഒടുവിലെ ഇരയായിരുന്നു മഹ്സ അമിനി.
മതകാര്യപൊലീസിനെ പിന്‍വലിക്കുമെന്ന് പറഞ്ഞ ഇറാനിലെ നിലവിലെ സ്ഥിതി?
മതകാര്യപൊലീസിന്റെ വെള്ളനിറത്തിലുള്ള പൊലീസ് വാഹനങ്ങള്‍ ഇപ്പൊള്‍ നിരത്തുകളിലല്ല എന്നാണ് അറ്റോര്‍ണി ജനറല്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഇറാന്‍ പൊലീസിന്റെ ഭാഗത്ത് നിന്നും ഈ സംവിധാനത്തെ പിന്‍വലിച്ചു എന്ന് പറയുന്ന പ്രസ്താവനകളോ രേഖാമൂലമുള്ള അറിയിപ്പുകളോ വന്നിട്ടില്ല.
ടെഹ്‌റാനില്‍ ഹിജാബ് വിരുദ്ധ പ്രതിഷേധത്തിന്റെ ഭാഗമായി സ്ത്രീകള്‍ തല മറക്കാതെ പൊതു ഇടങ്ങളില്‍ സഞ്ചരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവരുന്നുണ്ട്.
നിര്‍ബന്ധിത ഹിജാബ് നിയമം പുനപരിശോധിക്കാനും ഇറാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായുള്ള വാര്‍ത്തകളും ഇറാനില്‍ നിന്ന് പുറത്തുവരുന്നുണ്ട്. പാര്‍ലമെന്റും സുപ്രീം കൗണ്‍സില്‍ ഓഫ് ദ കള്‍ച്ചറല്‍ റെവല്യൂഷനും നിയമത്തില്‍ രാജ്യത്തിന്റെ നിലപാട് പുനപരിശോധിക്കുമെന്ന് മുഹമ്മദ് ജാഫര്‍ മോണ്ടസേരി തന്നെയാണ് കഴിഞ്ഞ ദിവസം അറിയിച്ചത്.
രണ്ടാഴ്ചക്ക് ശേഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. അതേസമയം ഹിജാബ് സംബന്ധിക്കുന്ന കാര്യത്തില്‍ വളരെ ശ്രദ്ധയോടെയുള്ള സമീപനമാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അറ്റോര്‍ണി ജനറല്‍ മുഹമ്മദ് ജാഫര്‍ മോണ്ടസേരി
ഹിജാബ് നിയമത്തില്‍ ഇളവ് ആവശ്യപ്പെട്ടുകൊണ്ട് സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ നിന്നും ഉയരുന്ന ആവശ്യങ്ങളെ കുറിച്ച് ബന്ധപ്പെട്ട അധികാരികളെ അറിയിച്ചിട്ടുണ്ടെന്ന് ഇറാനിയന്‍ പ്രസിഡന്റിന്റെ കമ്മ്യൂണിക്കേഷന്‍ ടീമും കഴിഞ്ഞ ആഴ്ച അറിയിച്ചിരുന്നു.
പ്രതിഷേധ സമരങ്ങള്‍ തുടങ്ങിയ സമരം മുതല്‍ പ്രസിഡന്റ് ഇബ്രാഹിം റഈസി നിയമങ്ങള്‍ നടപ്പിലാക്കുന്നതില്‍ ‘അയവ് വരുത്താമെന്ന’ ചില പ്രതികരണങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ ഒരു ഘട്ടത്തിലും ഇതേ കുറിച്ച് കൂടുതല്‍ വിശദീകരണത്തിലേക്ക് അദ്ദേഹം കടന്നിട്ടില്ല.
നിര്‍ബന്ധിത ഹിജാബ് പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് ഉന്നത ഉദ്യോഗസ്ഥരോ സര്‍ക്കാര്‍ പ്രതിനിധികളോ പ്രസ്താവനകളൊന്നും നടത്തിയിട്ടില്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്.
മതകാര്യപൊലീസ് പോലുള്ള സംവിധാനങ്ങള്‍ നിര്‍ത്തലാക്കുമെന്നതിന്റെ സൂചനകള്‍ പൊലീസ് വൃത്തങ്ങളില്‍ നിന്ന് പുറത്തുവന്നിരുന്നെങ്കിലും അതിനൊപ്പം തന്നെ സര്‍ക്കാര്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന മറ്റ് മാര്‍ഗങ്ങളെ കുറിച്ചും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും സര്‍വൈലന്‍സ് ക്യാമറ സംവിധാനങ്ങളും ഉപയോഗിച്ച് ഡ്രസ് കോഡ് ലംഘിക്കുന്നവരെ കണ്ടെത്താനും നിലവിലെ രീതിയില്‍ തന്നെ ശിക്ഷ നടപ്പാക്കാനും ആലോചിക്കുന്നതായിട്ടായിരുന്നു ഈ റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നത്.
മതകാര്യപൊലീസ് സംവിധാനം നിര്‍ത്തലാക്കിയാലും നിര്‍ബന്ധിത ഹിജാബില്‍ നിന്നും ഇറാന്‍ സര്‍ക്കാര്‍ പിന്നോട്ടുപോകാന്‍ സാധ്യതയില്ലെന്ന കാഴ്ചപ്പാടുകളും സാമൂഹ്യ നിരീക്ഷകര്‍ പങ്കുവെക്കുന്നുണ്ട്.
ഇറാനെ ഇളക്കിമറിച്ച സ്ത്രീകളുടെ അവകാശപ്പോരാട്ടം
കുര്‍ദിഷ് വംശജയായ മഹ്‌സ അമിനിയുടെ മരണമാണ് ഇറാനില്‍ ഇന്ന് കാണുന്ന പ്രതിഷേധങ്ങളുടെയെല്ലാം തുടക്കം. ഇറാന്‍ സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധങ്ങളുമായി തെരുവിലിറങ്ങാന്‍ ആ ജനതയെ നിര്‍ബന്ധിതരാക്കിയത് അമിനിയുടെ ഭരണകൂട കൊലപാതകമായിരുന്നു.
ഹിജാബ് ഡ്രസ് കോഡ് പാലിച്ചില്ലെന്നാരോപിച്ചായിരുന്നു മതകാര്യപൊലീസ് സെപ്റ്റംബറില്‍ മഹ്‌സ
അമിനിയെ അറസ്റ്റ് ചെയ്തത്.ടെഹ്‌റാനിലേക്ക് കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നതിനിടെയായിരുന്നു അറസ്റ്റ്. പൊലീസിന്റെ മര്‍ദനത്തെ തുടര്‍ന്ന് മൂന്ന് ദിവസത്തിന് ശേഷം സെപ്റ്റംബര്‍ 16ന് അമിനി മരിക്കുകയായിരുന്നു.
ഇറാനിലെ ഹിജാബ് വിരുദ്ധ പ്രതിഷേധം
ഇതിന് പിന്നാലെ ഇറാനില്‍ ഹിജാബ് വിരുദ്ധ പ്രതിഷേധം ഉടലെടുത്തു. വിദ്യാര്‍ത്ഥികളും സാമൂഹ്യ-സാംസ്‌കാരിക പ്രവര്‍ത്തകരുമെല്ലാം അണിനിരന്ന സമരത്തില്‍ സ്ത്രീകള്‍ ഹിജാബുകള്‍ കത്തിച്ചായിരുന്നു പ്രതിഷേധിച്ചിരുന്നത്.
‘സ്ത്രീ, ജീവിതം, സ്വാതന്ത്ര്യം’ എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് ആയിരക്കണക്കിന് പേര്‍ തെരുവുകളിലിറങ്ങിയത്. ചരിത്രത്തിലെ ഏറ്റവും വലിയ ജനകീയ പ്രതിഷേധങ്ങളിലൊന്നിനാണ് പിന്നീട് ഇറാന്‍ സാക്ഷ്യം വഹിച്ചത്.
സമരത്തിനെതിരെ കടുത്ത അടിച്ചമര്‍ത്തല്‍ നടപടികളായിരുന്നു ഇറാന്‍ സര്‍ക്കാര്‍ സ്വീകരിച്ചത്. പ്രതിഷേധക്കാര്‍ക്കെതിരെ വെടിവെപ്പടക്കം നടന്നിരുന്നു. സമരത്തെ തുടര്‍ന്ന് 300ലേറെ പേരാണ് കൊല്ലപ്പെട്ടതെന്നാണ് ഇറാനിയന്‍ ജനറല്‍ കഴിഞ്ഞ ദിവസം ഔദ്യോഗികമായി പുറത്തുവിട്ട കണക്കില്‍ പറയുന്നത്.
എന്നാല്‍ സര്‍ക്കാര്‍ അടിച്ചമര്‍ത്തലിനെ തുടര്‍ന്ന് കൊല്ലപ്പെട്ട പ്രതിഷേധക്കാരുടെ എണ്ണം ഇതിന്റെ ഇരട്ടിയിലേറെയാണെന്നാണ് നിരവധി മനുഷ്യാവകാശ സംഘടനകള്‍ ചൂണ്ടിക്കാണിക്കുന്നത്. നിരവധി പേരെ ജയിലിലടക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിനുശേഷവും ഇറാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധം ശക്തമായി തന്നെ തുടരുകയായിരുന്നു.
ഖത്തര്‍ ലോകകപ്പ് വേദിയിലും ഇറാന്‍ ജനത പ്രതിഷേധവുമായി എത്തിയിരുന്നു. ഇത് വലിയ ലോകശ്രദ്ധ നേടുകയും ചെയ്തു. ഖത്തറിലെത്തിയ ഇറാന്‍ ഫുട്‌ബോള്‍ ടീം ജനങ്ങളുടെ പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചിരുന്നു.
ഖത്തര്‍ ലോകകപ്പിലെ ഇറാന്‍ ജനതയുടെ പ്രതിഷേധം
ഇതിന് പിന്നാലെ, ഫുട്‌ബോള്‍ ടീം അംഗങ്ങള്‍ക്ക് സര്‍ക്കാരിന്റെയും സര്‍ക്കാര്‍ അനുകൂലികളുടെയും ഭാഗത്ത് നിന്ന് വലിയ ഭീഷണിയും സമ്മര്‍ദവും നേരിടേണ്ടി വരുന്നതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. അമേരിക്കയോട് പരാജയപ്പെട്ട് ലോകകപ്പില്‍ നിന്നും ഇറാന്‍ ദേശീയ ടീം പുറത്തായത് ആഘോഷിച്ചുകൊണ്ടായിരുന്നു, ഇതിനോട് പ്രതിഷേധക്കാര്‍ മറുപടി നല്‍കിയത്.
ഒരു ഘട്ടത്തിലും സമരത്തിനോട് അനുകൂല നിലപാട് സ്വീകരിക്കാതിരുന്ന ഇറാന്‍ സര്‍ക്കാരിന്റെ ഇപ്പോള്‍ പുറത്തുവരുന്ന ഓരോ നടപടികളെയും അല്‍പം സംശയത്തോടെ തന്നെയാണ് പ്രതിഷേധക്കാര്‍ നോക്കിക്കാണുന്നത്. അടിച്ചമര്‍ത്തലിന്റെ ഇരുമ്പുമുറകള്‍ കൊണ്ട് അടക്കിനിര്‍ത്താനാകാത്ത പ്രതിഷേധസ്വരങ്ങളെ ഒതുക്കിതീര്‍ക്കാനുള്ള തന്ത്രമാണോ അറ്റോര്‍ണി ജനറലിന്റെ വാക്കുകളെന്ന് ഇവര്‍ കരുതുന്നുണ്ട്. അതുകൊണ്ട് തന്നെ നിര്‍ബന്ധിത ഹിജാബ് നിയമം എടുത്തുമാറ്റുന്നതുവരെ ശക്തമായി സമരവുമായി മുന്നോട്ടുപോകാനാണ് പ്രതിഷേധക്കാരുടെ തീരുമാനം.
Content Highlight: Morality Police, Mandatory Hijab in Iran and Mahsa Amini protest beginning and current state explained