ഇറാനില്‍ ഇനി മതകാര്യപൊലീസില്ല; പ്രതിഷേധങ്ങള്‍ വിജയത്തിലേക്ക്
World News
ഇറാനില്‍ ഇനി മതകാര്യപൊലീസില്ല; പ്രതിഷേധങ്ങള്‍ വിജയത്തിലേക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 4th December 2022, 4:34 pm

ടെഹ്‌റാന്‍: രണ്ട് മാസമായി ഇറാനില്‍ തുടരുന്ന പ്രതിഷേധങ്ങള്‍ക്കൊടുവില്‍ രാജ്യത്തെ മതകാര്യപൊലീസ് സംവിധാനം നിര്‍ത്തലാക്കി ഇറാന്‍ സര്‍ക്കാര്‍. നിര്‍ബന്ധിത ഹിജാബ് അടക്കമുള്ള ഡ്രസ് കോഡുകള്‍ പരിശോധിക്കുന്നതിന് വേണ്ടിയായിരുന്നു മതകാര്യ പൊലീസ് സംവിധാനം പ്രവര്‍ത്തിച്ചിരുന്നത്.

ഈ വിഭാഗത്തില്‍ പെടുന്ന പൊലീസുകാരുടെ മര്‍ദനത്തെ തുടര്‍ന്ന് മഹ്‌സ അമിനി എന്ന 22കാരി കൊല്ലപ്പെട്ടതായിരുന്നു നിര്‍ബന്ധിത ഹിജാബിനെതിരെയും പിന്നീട് സര്‍ക്കാരിനെതിരെയും ശക്തമായ പ്രതിഷേധത്തിലേക്ക് ജനങ്ങളെ നയിച്ചത്.

ഈ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങളെ കലാപമെന്നും അക്രമമെന്നുമായിരുന്നു ഇറാന്‍ സര്‍ക്കാര്‍ വിളിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ സമരക്കാരുടെ നിശ്ചയദാര്‍ഢ്യത്തിന് മുമ്പില്‍ സര്‍ക്കാര്‍ മുട്ടുമടക്കുന്നതിന്റെ സൂചനകളാണ് പുറത്തുവരുന്നത്.

മതകാര്യപൊലീസ് സംവിധാനം നിര്‍ത്തലാക്കിയതായി അറ്റോര്‍ണി ജനറല്‍ മുഹമ്മദ് ജാഫര്‍ മോണ്ടസേരിയാണ് അറിയിച്ചിട്ടുള്ളത്. ഇറാന്‍ സ്‌റ്റേറ്റ് ന്യൂസ് ഏജന്‍സിയാണ് അദ്ദേഹത്തിന്റെ ഇതു സംബന്ധിച്ച പ്രസ്താവന റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

‘സദാചാര പൊലീസിന് ജുഡീഷ്യറിയുമായി ഒരു ബന്ധവുമില്ല. അതുകൊണ്ട് തന്നെ ആ സംവിധാനത്തെ നിര്‍ത്തലാക്കുകയാണ്,’ മുഹമ്മദ് ജാഫര്‍ മോണ്ടസേരി പറഞ്ഞു.

ഗഷ്ദ്-ഇ-ഇര്‍ഷദ് / ഗൈഡന്‍സ് പെട്രോള്‍ എന്ന് ഔദ്യോഗികമായി അറിയപ്പെടുന്ന ഈ മതകാര്യപൊലീസ് സംവിധാനം മഹ്മൂദ് അഹമ്മദിനെജാദ് പ്രസിഡന്റായിരുന്ന സമയത്താണ് നിലവില്‍ വരുന്നത്. ‘സാമൂഹ്യ മര്യാദകളും ഹിജാബുമായി ബന്ധപ്പെട്ട ഇറാനിയന്‍ സംസ്‌കാരത്തെ കുറിച്ചുള്ള അവബോധവും വളര്‍ത്തുക’ എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെയായിരുന്നു ഇത് ആരംഭിക്കുന്നത്. 2006ലാണ് സദാചാര പൊലീസ് രാജ്യത്തുടനീളം പട്രോളിങ് ആരംഭിക്കുന്നത്.

പിന്നീടുള്ള വര്‍ഷങ്ങളില്‍ മാറിവരുന്ന സര്‍ക്കാരുകള്‍ക്കനുസരിച്ച് ഈ പൊലീസ് സംവിധാനത്തിന്റെ കാര്‍ക്കശ്യത്തിലും പ്രാധാന്യത്തിലും ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായി. ഹിജാബ് ധരിക്കുന്നതിലെ കര്‍ശന ചിട്ടവട്ടങ്ങള്‍ പാലിക്കുന്നില്ലെന്ന് ആരോപിച്ച് സ്ത്രീകള്‍ക്കെതിരെ വ്യാപകമായ അക്രമം അഴിച്ചുവിടുന്ന സംഭവങ്ങള്‍ സമീപകാലത്ത് അരങ്ങേറാനും തുടങ്ങി. ഇതിന്റെ ഏറ്റവും ഒടുവിലെ ഇരയായിരുന്നു മഹ്‌സ അമിനി.

ഹിജാബ് ഡ്രസ് കോഡ് പാലിച്ചില്ലെന്നാരോപിച്ചായിരുന്നു മതകാര്യപൊലീസ് അമിനിയെ അറസ്റ്റ് ചെയ്തത്. ടെഹ്റാനിലേക്ക് കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നതിനിടെയായിരുന്നു അറസ്റ്റ്. പൊലീസിന്റെ മര്‍ദനത്തെ തുടര്‍ന്ന് മൂന്ന് ദിവസത്തിന് ശേഷം സെപ്റ്റംബര്‍ 16ന് അമിനി മരിക്കുകയായിരുന്നു.

ഇതിന് പിന്നാലെ ഇറാനില്‍ ഹിജാബ് വിരുദ്ധ പ്രതിഷേധം ഉടലെടുക്കുകയായിരുന്നു. വിദ്യാര്‍ത്ഥികളും സാമൂഹ്യ-സാംസ്‌കാരിക പ്രവര്‍ത്തകരുമെല്ലാം അണിനിരന്ന സമരത്തില്‍ സ്ത്രീകള്‍ ഹിജാബുകള്‍ കത്തിച്ചായിരുന്നു പ്രതിഷേധിച്ചിരുന്നത്.

‘സ്ത്രീ, ജീവിതം, സ്വാതന്ത്ര്യം’ എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് ആയിരക്കണക്കിന് പേര്‍ തെരുവുകളിലിറങ്ങിയത്. ചരിത്രത്തിലെ ഏറ്റവും വലിയ ജനകീയ പ്രതിഷേധങ്ങളിലൊന്നിനാണ് പിന്നീട് ഇറാന്‍ സാക്ഷ്യം വഹിച്ചത്.

സമരത്തിനെതിരെ കടുത്ത അടിച്ചമര്‍ത്തല്‍ നടപടികളായിരുന്നു ഇറാന്‍ സര്‍ക്കാര്‍ സ്വീകരിച്ചത്. പ്രതിഷേധക്കാര്‍ക്കെതിരെ വെടിവെപ്പടക്കം നടന്നിരുന്നു. സമരത്തെ തുടര്‍ന്ന് 300ലേറെ പേരാണ് കൊല്ലപ്പെട്ടതെന്നാണ് ഇറാനിയന്‍ ജനറല്‍ കഴിഞ്ഞ ദിവസം ഔദ്യോഗികമായി പുറത്തുവിട്ട കണക്കില്‍ പറയുന്നത്.

എന്നാല്‍ സര്‍ക്കാര്‍ അടിച്ചമര്‍ത്തലിനെ തുടര്‍ന്ന് കൊല്ലപ്പെട്ട പ്രതിഷേധക്കാരുടെ എണ്ണം ഇതിന്റെ ഇരട്ടിയിലേറെയാണെന്നാണ് നിരവധി മനുഷ്യാവകാശ സംഘടനകള്‍ ചൂണ്ടിക്കാണിക്കുന്നത്. നിരവധി പേരെ ജയിലിലടക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിനുശേഷവും ഇറാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധം ശക്തമായി തന്നെ തുടരുകയായിരുന്നു.

ഖത്തര്‍ ലോകകപ്പ് വേദിയിലും ഇറാന്‍ ജനത പ്രതിഷേധവുമായി എത്തിയിരുന്നു. ഇത് വലിയ ലോകശ്രദ്ധ നേടുകയും ചെയ്തു. ഖത്തറിലെത്തിയ ഇറാന്‍ ഫുട്ബോള്‍ ടീം ജനങ്ങളുടെ പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചിരുന്നു.

ഇതിന് പിന്നാലെ, ഫുട്ബോള്‍ ടീം അംഗങ്ങള്‍ക്ക് സര്‍ക്കാരിന്റെയും സര്‍ക്കാര്‍ അനുകൂലികളുടെയും ഭാഗത്ത് നിന്ന് വലിയ ഭീഷണിയും സമ്മര്‍ദവും നേരിടേണ്ടി വരുന്നതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ഇത്തരത്തില്‍, സമരത്തിനോട് ഒരു ഘട്ടത്തിലും ഇറാന്‍ സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചിരുന്നില്ല.

എന്നാല്‍, ജനങ്ങളുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് സര്‍ക്കാര്‍ മാറിചിന്തിക്കാന്‍ തയ്യാറാകുന്നതിന്റെ സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. നിര്‍ബന്ധിത ഹിജാബ് നിയമം പുനപരിശോധിക്കാനും കഴിഞ്ഞ ദിവസം ഇറാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

പാര്‍ലമെന്റും സുപ്രീം കൗണ്‍സില്‍ ഓഫ് ദ കള്‍ച്ചറല്‍ റെവല്യൂഷനും നിയമത്തില്‍ രാജ്യത്തിന്റെ നിലപാട് പുനപരിശോധിക്കുമെന്ന് മുഹമ്മദ് ജാഫര്‍ മോണ്ടസേരി തന്നെയാണ് കഴിഞ്ഞ ദിവസം അറിയിച്ചത്. രണ്ടാഴ്ചക്ക് ശേഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. അതേസമയം ഹിജാഹ് സംബന്ധിക്കുന്ന കാര്യത്തില്‍ വളരെ ശ്രദ്ധയോടെയുള്ള സമീപനമാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഹിജാബ് നിയമത്തില്‍ ഇളവ് ആവശ്യപ്പെട്ടുകൊണ്ട് സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ നിന്നും ഉയരുന്ന ആവശ്യങ്ങളെ കുറിച്ച് ബന്ധപ്പെട്ട അധികാരികളെ അറിയിച്ചിട്ടുണ്ടെന്ന് ഇറാനിയന്‍ പ്രസിഡന്റിന്റെ കമ്യൂണിക്കേഷന്‍ ടീമും കഴിഞ്ഞ ആഴ്ച അറിയിച്ചിരുന്നു.

Content Highlight: Morality Police abolished in Iran after months long protest after Mahsa Amini’s death