|

രാഷ്ട്രീയചായ്‌വല്ല, വിദ്വേഷ മനോഭാവമാണ് പ്രശ്‌നം; കൃഷ്ണയ്യരെ ഉദാഹരിച്ച ജഡ്ജിയോട് അഡ്വ. രാജു രാമചന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മദ്രാസ് ഹൈക്കോടതി ജഡ്ജിയായി വിക്‌ടോറിയ ഗൗരിയുടെ നിയമനത്തില്‍ വിമര്‍ശനവുമായി ഹൈക്കോടതി അഭിഭാഷകര്‍ക്ക് വേണ്ടി ഹാജരായ അഡ്വ. രാജു രാമചന്ദ്രന്‍. യോഗ്യതയല്ല ധാര്‍മികതയാണ് പ്രശ്‌നമെന്നും അസാധാരണ സാഹചര്യമാണ് വന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിക്ടോറിയ ഗൗരിയുടെ നിയമന നടപടി സ്റ്റേ ചെയ്യണമെന്നും അദ്ദേഹം കോടതിയോട് ആവശ്യപ്പെട്ടു.

ഭരണഘടനയെ മുന്‍നിര്‍ത്തിയാണ് ജഡ്ജി സത്യപ്രതിജ്ഞ ചെയ്യുന്നത്. എന്നാല്‍ വിക്ടോറിയ ഗൗരിക്ക് ഭരണഘടനയോട് നീതിപുലര്‍ത്താന്‍ സാധിക്കുമോ എന്നും അദ്ദേഹം ചോദിച്ചു.

ഇതിനു മുമ്പും രാഷ്ട്രീയ ചായ്‌വ് ഉള്ളവര്‍ ജഡ്ജിയായിട്ടുണ്ടെന്നും ഒരാളുടെ രാഷ്ട്രീയ ചായ്‌വ് ജഡ്ജിയാകുന്നതില്‍ നിന്ന് മാറ്റിനിര്‍ത്താനുള്ള കാരണമല്ലെന്നും സുപ്രീംകോടതി അറിയിച്ചു.

വിക്ടോറിയ ഗൗരിയുടെ വിദ്വേഷ പ്രസംഗങ്ങളെ ആസ്പദമാക്കിയാണ് സംസാരിക്കുന്നതെന്നും ഇവിടെ ഒരാളുടെ രാഷ്ട്രീയ ചായ്‌വ് സംബന്ധിച്ച പ്രശ്‌നം ഉയര്‍ത്തുന്നില്ലെന്നും എതിര്‍ ഭാഗത്തിനു വേണ്ടി ഹാജരായ രാജു രാമചന്ദ്രന്‍ വ്യക്തമാക്കി. തനിക്കും രാഷ്ട്രീയ ചായ്‌വ് ഉണ്ടെന്നും അതല്ല ഇവിടുത്തെ പ്രശ്‌നമെന്നും അദ്ദേഹം സൂചിപ്പിച്ചു. വിദ്വേഷ മനോഭാവമുള്ള ഒരാള്‍ ഭരണഘടന മുന്‍നിര്‍ത്തി സത്യപ്രതിജ്ഞ ചെയ്താല്‍ അത് വെറും കടലാസ് സത്യപ്രതിജ്ഞയായേ കണക്കാന്‍ സാധിക്കുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ജസ്റ്റിസ് ബി. ആര്‍ ഗവായി വിക്ടോറിയ ഗൗരിക്ക് യോഗ്യത ഉണ്ടെന്നും എതിര്‍ഭാഗം ഉയര്‍ത്തുന്നത് ധാര്‍മിക ചോദ്യങ്ങള്‍ മാത്രമാണെന്നും ആരോപിച്ചു. ജസ്റ്റിസ് ബി. ആര്‍ കൃഷ്ണയ്യര്‍ക്കും രാഷ്ട്രീയ ചായ്‌വ് ഉണ്ടായിരുന്നുവെന്നും ഗവായി കൂട്ടിച്ചേര്‍ത്തു.

താന്‍ കൊളീജിയത്തില്‍ ഉള്ള വ്യക്തിയല്ല എന്നും എല്ലാ വശങ്ങളും പരിശോധിച്ചതിനു ശേഷമേ കൊളീജിയം ജഡ്ജി നിയമനം നടത്തുകയുള്ളൂവെന്നുമാണ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അഭിപ്രായപ്പെട്ടത്. ഇത് തന്റെ അധികാര പരിധിയിലുള്ള കാര്യമല്ലെന്നും ഇടപെടുന്നതിനു നിയമപരമായ സാധ്യതകളില്ലെന്നും ജസ്റ്റിസ് ഖന്ന വ്യക്തമാക്കി.

2018ലാണ് ഗൗരി ഇത്തരത്തിലുള്ള വിദ്വേഷ പരാമര്‍ശം നടത്തിയിട്ടുള്ളത്. ഇത് സംബന്ധിച്ച് കൊളീജിയം അന്വേഷണം നടത്തിയിട്ടുണ്ടെന്നും സുപ്രീം കോടതി അറിയിച്ചു. വിക്ടോറിയ ഗൗരിക്ക് അനുകൂലമായാണ് കോടതി സംസാരിച്ചത്. വിക്ടോറിയ ഗൗരിക്ക് യോഗ്യത കുറവില്ല എന്നും സുപ്രീം കോടതി സൂചിപ്പിച്ചു.

നേരത്തേ ജസ്റ്റിസ് എം. എം. സുന്ദരേഷിനെയായിരുന്നു ഹരജിയിലെ വാദം കേള്‍ക്കുവാന്‍ നിയമിച്ചത്. എന്നാല്‍ വാദം കേള്‍ക്കുന്നതിനു മുമ്പ് അദ്ദേഹം പിന്‍മാറുകയായിരുന്നു. പിന്നീട് ബി. ആര്‍ ഗവായിയും സഞ്ജീവ് ഖന്നയും ഉള്‍പ്പെടുന്ന ബെഞ്ചാണ് വാദം കേട്ടത്.

ന്യൂനപക്ഷ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയ അഡ്വ. വിക്ടോറിയ ഗൗരിയെ ജഡ്ജിയാക്കാനുള്ള തീരുമാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിലെ 12 അഭിഭാഷകര്‍ നല്‍കിയ ഹരജിയാണ് ഇന്ന് പരിഗണിച്ചത്.

content highlight: Morality, not competence, is the problem; Adv. Raju Ramachandran