സദാചാരം, ബോഡി ആര്‍ട്; മാറേണ്ടത് രഹ്നയോ സമൂഹമോ
Daily News
സദാചാരം, ബോഡി ആര്‍ട്; മാറേണ്ടത് രഹ്നയോ സമൂഹമോ
ആര്യ. പി
Monday, 29th June 2020, 2:22 pm

ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമ തന്റെ കുട്ടികളെ കൊണ്ട് നഗ്‌നശരീരത്തില്‍ ചിത്രം വരപ്പിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സംഭവം വലിയ വിവാദങ്ങള്‍ക്കാണ് തിരികൊളുത്തിയത്. രഹ്നയുടെ നടപടിയെ അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടേറെ പേര്‍ രംഗത്തെത്തിക്കഴിഞ്ഞു.

‘ബോഡി ആന്‍ഡ് പൊളിറ്റിക്സ്’ എന്ന തലക്കെട്ടില്‍ ജൂണ്‍ 19നാണ് യൂ ട്യൂബിലും ഫേസ്ബുക്കിലും രഹ്ന വീഡിയോ പോസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത മകനും മകളും ചേര്‍ന്ന് രഹ്നയുടെ നഗ്‌നദേഹത്ത് ചിത്രം വരയ്ക്കുന്നതാണ് വീഡിയോ. ‘സ്ത്രീ ശരീരത്തെക്കുറിച്ചുള്ള കപട സദാചാര ബോധത്തെക്കുറിച്ചും ലൈംഗികതയെക്കുറിച്ചുള്ള മിഥ്യാ ധാരണകള്‍ക്കുമെതിരെ’ എന്ന ക്യാപ്ഷനോടെയായിരുന്നു രഹ്ന ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്തത്. സ്ത്രീ ശരീരവും ലൈംഗികതയും സംബന്ധിച്ച പഠനം വീട്ടില്‍ നിന്ന് തുടങ്ങിയാലേ സമൂഹത്തില്‍ മാറ്റം കൊണ്ടുവരാന്‍ കഴിയൂ എന്നും രഹ്ന കുറിച്ചിരുന്നു.

എന്നാല്‍ കുട്ടികള്‍ക്കുമുമ്പില്‍ നഗ്നത പ്രദര്‍ശിപ്പിക്കുന്നതും അത് പകര്‍ത്തി സമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതും കുറ്റകരമാണെന്ന് കാണിച്ച് ബി.ജെ.പിയുടെ ഒ.ബി.സി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയും അഭിഭാഷകനുമായ എ.വി അരുണ്‍ പ്രകാശ് പരാതിയുമായി രംഗത്തെത്തി.

അരുണ്‍ പ്രകാശിന്റെ പരാതിയില്‍ തിരുവല്ല പൊലീസും സൈബര്‍ ഡോമിന്റെ നിര്‍ദേശ പ്രകാരം കൊച്ചി സൗത്ത് പൊലീസും രഹ്നയ്ക്കെതിരെ കേസെടുത്തിരിക്കുകയാണ്. ഐ.ടി ആക്ട് പ്രകാരവും പോക്സോ വകുപ്പ് പ്രകാരവുമാണ് കേസെടുത്തത്. ബാലാവകാശകമ്മീഷനും വിഷയത്തില്‍ കേസെടുത്തിട്ടുണ്ട്.

എന്നാല്‍ ഇതിന് പിന്നാലെ രഹ്ന ഫാത്തിമ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. തനിക്കെതിരായ കേസ് നിലനില്‍ക്കുന്നതല്ലെന്നും തന്റെ പ്രവര്‍ത്തി വ്യക്തി സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നുമാണ് ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ രഹ്ന പറഞ്ഞത്. ലിംഗ വിവേചനത്തിനെതിരായ പോരാട്ടം കൂടിയാണ് തന്റെ പ്രവൃത്തിയെന്നും രഹ്ന ഹരജിയില്‍ വിശദീകരിച്ചിട്ടുണ്ട്.

കുട്ടികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം നല്‍കേണ്ടത് അത്യാവശ്യമാണെന്നും ആ ഉദ്ദേശത്തോട് കൂടിയാണ് തന്റെ ശരീരം മകന് ചിത്രം വരയ്ക്കാന്‍ വിട്ടുനല്‍കിയതെന്നും ജനവികാരത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് തനിക്കെതിരെ പൊലീസ് കേസെടുത്തതെന്നും രഹ്ന ജാമ്യാപേക്ഷയില്‍ പറയുന്നു. ജൂണ്‍ 29നാണ് കേസ് ഹൈക്കോടതി പരിഗണിക്കുക.

നിലവില്‍ ഒളിവിലാണ് രഹ്ന ഫാത്തിമ. രഹ്നയെ അറസ്റ്റ് ചെയ്യാനായി കൊച്ചി പനമ്പിള്ളി നഗറിലെ വീട്ടിലെത്തിയ പൊലീസ് ഇവരുടെ ക്വാട്ടേഴ്സില്‍ റെയ്ഡ് നടത്തുകയും കുട്ടികളുടെ പെയിന്റിങ് ബ്രഷുകളും ലാപ്ടോപും ഉള്‍പ്പെടെ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

തന്റെ ശരീരവും തന്റെ പേരുമാണ് ഇപ്പോഴും ഒരു വിഭാഗത്തിന്റെ പ്രശ്നമെന്ന് രഹ്ന പറയുന്നു. മക്കള്‍ വരച്ചപ്പോള്‍ മാത്രമല്ല നേരത്തെ തന്റെ ശരീരത്തില്‍ ആക്ടിവിസ്റ്റായ ജസ്ല മാടശ്ശേരി ബോര്‍ഡി ആര്‍ട് ചെയ്തപ്പോഴും വലിയ രീതിയിലുള്ള ആക്രമണം ഒരു വിഭാഗം ആളുകളില്‍ നിന്നും ഉയര്‍ന്നിരുന്നെന്നും രഹ്ന വിശദീകരിക്കുന്നു.

രഹ്ന ഫാത്തിമ

എന്റെ ശരീരം എന്റെ രാഷ്ട്രീയം പറയാനുള്ള ഉപകരണമാണെന്ന് നേരത്തേ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. ഒരു സ്ത്രീയുടെ നെഞ്ചിലെ വസ്ത്രം മാറിക്കിടന്നാല്‍ അതില്‍ അശ്ലീലം കാണുന്നവര്‍ അറിയണം, അശ്ലീലം കാണുന്നവന്റെ കണ്ണുകളിലാണ്.’ എന്നാണ് രഹ്ന പറയുന്നത്.

അമ്മയുടെ ശരീരത്തില്‍ മകന്‍ ചിത്രം വരച്ചാല്‍ അതില്‍ എന്ത് ലൈംഗികതയാണ് നിയമത്തിനു കാണാനാകുക എന്നറിയില്ല. ആരേയും ഭയന്ന് നിലപാടുകളില്‍ നിന്നും പിന്നോട്ട് പോകാന്‍ ഉദ്ദേശിക്കുന്നില്ല. സ്ത്രീയുടെ ശരീരത്തെ വെറും ലൈംഗികതയ്ക്കുവേണ്ടി മാത്രമുള്ള ഉപകരണമായി കാണുന്നവരോടുള്ള പ്രതികരണമാണ് ശരീരത്തിലൂടെ പറയുന്നത്.

നഗ്‌നതയെ കുറിച്ചോ ലൈംഗികതയെ കുറിച്ചോ പറയുന്നവരെ ഒറ്റപ്പെടുത്തുന്ന സമൂഹമാണ് നമ്മുടേത്. അതുകൊണ്ട് തന്നെ ഇതിനെ ധീരമായ രാഷ്ട്രീയ പ്രവര്‍ത്തനം ആയി മാത്രമേ കാണാന്‍ സാധിക്കുള്ളൂ.

സ്വന്തം പബ്ലിസിറ്റിക്കും രാഷ്ട്രീയത്തിനും വേണ്ടി രഹ്ന ഫാത്തിമ കുട്ടികളെ ഉപയോഗിക്കുകയാണെന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു. എന്നാല്‍ ഒരിക്കലും താന്‍ കുട്ടികളെ അതിനായി ഉപയോഗിച്ചിട്ടില്ലെന്നാണ് രഹ്ന പറയുന്നത്.

‘യഥാര്‍ത്ഥത്തില്‍ എനിക്ക് കണ്ണിനു സുഖമില്ലാതെ കിടക്കുമ്പോള്‍ ആശ്വസിപ്പിക്കാനെത്തിയതാണ് മക്കള്‍. അവര്‍ പെയിന്റുകൊണ്ട് ശരീരത്തില്‍ വരച്ചപ്പോള്‍ അതിന് അനുവദിക്കുകയായിരുന്നു. മുമ്പും ശരീരത്തില്‍ ബോഡി ആര്‍ട് ചെയ്തിട്ടുള്ളതാണ്. അത് അവന്‍ കണ്ടിട്ടുമുണ്ട്. എന്റെ മകന്‍ നന്നായി ചിത്രം വരയ്ക്കും. വീടിന്റെ ഭിത്തികളിലും കുപ്പികളിലുമെല്ലാം അവന്‍ വരച്ചിട്ടുണ്ട്. അതുകൊണ്ട് പെയിന്റുകൊണ്ട് ശരീരത്തില്‍ വരച്ചപ്പോള്‍ വേണ്ടെന്ന്പറഞ്ഞില്ല.

പിന്നെ ആ വീഡിയോ പങ്കുവെച്ചത് അവന്റെ ആ കഴിവ് മറ്റുള്ളവരുമായി പങ്കുവെക്കാമെന്ന് ഉദ്ദേശിച്ചിട്ടാണ്. ഓരോ സ്ത്രീയും പറഞ്ഞ് പഠിച്ചുവന്നിരിക്കുന്നത് സ്വന്തം ശരീരം പുറത്തുകണ്ടുകഴിഞ്ഞാല്‍ അത് പാപമാണെന്നും അങ്ങനെ വന്നാല്‍ നമുക്ക് എന്തോ നഷ്ടപ്പെടുമെന്നുമാണ്. ഇക്കാരണങ്ങളാല്‍ ആത്മഹത്യ പോലും നടക്കുന്ന സമൂഹത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. ബോഡി പൊളിറ്റിക്സിനെ കുറിച്ച് ഇവര്‍ ചിന്തിച്ചു തുടങ്ങിയിട്ടില്ല എന്നാണ് മനസിലാകുന്നത്. നിലവില്‍ ഞാന്‍ ചെയ്യുന്ന കാര്യങ്ങളില്‍ ശരിയുണ്ടെന്നും അത് തെളിയിക്കാന്‍ പറ്റുമെന്നും അത്രയ്ക്ക് വിശ്വാസമുള്ളതുകൊണ്ട് തന്നെയാണ് ഇത് ചെയ്യുന്നത്. ഭരണഘടനയുടെ കാര്യങ്ങള്‍ മനസിലാക്കിത്തന്നെയാണ് ചെയ്യുന്നത്. എന്നാല്‍ ആര്‍ക്ക് വേണമെങ്കിലും ഇത് വളച്ചൊടിക്കാം. അങ്ങനെ ഇത് വളച്ചൊടിച്ചുകൊണ്ടിരിക്കുകയാണ്’, രഹ്ന വിശീദീകരിക്കുന്നു.

‘കുട്ടികളുടെ ട്രോമയെ കുറിച്ചാണ് ഇവിടെ ഇപ്പോള്‍ പറയുന്നത്. ശബരിമല വിഷയത്തില്‍ ഞാന്‍ 18 ദിവസം ജയിലില്‍ കിടന്നു. അന്ന് എന്റെ മക്കള്‍ അനുഭവിച്ച മെന്റല്‍ ട്രോമ അതി ഭീകരമായിരുന്നു. അതിനെക്കുറിച്ച് എന്തുകൊണ്ടാണ് ആരും ഒന്നും പറയാത്തത്. നിലപാടുകളില്‍ ഉറച്ചു നില്‍ക്കുകയും നിയമം അനുസരിച്ചുള്ള കാര്യങ്ങള്‍ മാത്രം ചെയ്യുകയും ചെയ്തിട്ടും ജയിലില്‍ പോകേണ്ടി വന്നാല്‍ അതിനു തയ്യാറാണ്. നഗ്‌നത എന്തിനു തുറന്നു കാട്ടണം എന്ന ചോദ്യത്തിനുള്ള ഉത്തരം, സ്ത്രീയുടെ നഗ്‌നത എന്തിനു മൂടിവയ്ക്കണം എന്ന മറുചോദ്യം തന്നെയാണ്.

സ്വന്തം അമ്മയുടെ നഗ്‌നതയും ശരീരവും കണ്ടുവളര്‍ന്ന ഒരു കുട്ടി സ്ത്രീശരീരത്തെ അപമാനിക്കില്ലെന്ന് ഉറപ്പാണ്. ശരീരത്തെ കുറിച്ചും ലൈംഗികതയെകുറിച്ചുമുള്ള തെറ്റായ ബോധ്യം ഒരിക്കലും കുട്ടികളില്‍ വളരാന്‍ അനുവദിക്കരുത്. നേര്‍വഴിക്ക് പ്രണയവും ലൈംഗികതയും അറിയാനുള്ള സാഹചര്യങ്ങള്‍ ഇല്ലാതാവുമ്പോഴാണ് കുട്ടികളില്‍ അത് ക്രിമിനല്‍ സ്വഭാവം കൈകൊള്ളുന്നതും സാമൂഹിക വിപത്തായി മാറുന്നതും.

മൂടിപ്പുതച്ചു നടത്തിയിട്ടും ഓരോ നിമിഷവും സ്ത്രീശരീരങ്ങള്‍ ആക്രമിക്കപ്പെടുന്നു. പിഞ്ചു കുഞ്ഞുങ്ങളും വൃദ്ധകളും മുതല്‍ മൃഗങ്ങള്‍ വരെ ഇത്തരം അതിക്രമങ്ങള്‍ക്ക് ഇരയാക്കപ്പെടുമ്പോള്‍ സ്ത്രീശരീരം തന്നെയാണ് അതിനെ പ്രതിരോധിക്കാനുള്ള ആയുധം എന്ന വിശ്വാസമാണുള്ളത്’- രഹ്ന പറയുന്നു.

ശരീരത്തില്‍ മക്കളെ കൊണ്ട് ചിത്രംവരപ്പിച്ച് അത് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത് സാധാരണമായ ഒരു കാര്യമായിട്ടേ എടുത്തിട്ടുള്ളൂവെന്നും എന്നാല്‍ അമ്മയും കുഞ്ഞും തമ്മിലുള്ള ഇത്തരം സാധാരണ കാര്യങ്ങളെ പോലും ലൈംഗിക ചുവയോടെയാണ് ചിലര്‍ സമീപിക്കുന്നതെന്നുമാണ് രഹ്നയുടെ ഭര്‍ത്താവ് മനോജ് കെ. ശ്രീധറിന്റെ പ്രതികരണം.

മനോജ് കെ ശ്രീധര്‍

‘രഹ്നയ്ക്കെതിരെ പൊലീസ് കേസെടുത്തതായി അറിഞ്ഞു. എഫ്.ഐ.ആറിന്റെ കോപ്പി ചോദിച്ചപ്പോള്‍ ആദ്യം പൊലീസ് തന്നില്ല. വനിതാ സ്‌റ്റേഷനില്‍ നിന്നുള്ള ജീപ്പും സ്റ്റേറ്റ് ഇന്റലിജന്‍സില്‍ നിന്നും സൗത്ത് സ്റ്റേഷനില്‍ നിന്നുമെല്ലാം അഞ്ചോളം ജീപ്പിലായി പൊലീസുകാരെത്തി.

ഇതൊക്കെ ആരെയോ കാണിക്കാന്‍ വേണ്ടി ചെയ്യുന്നതുപോലെ തോന്നുന്നു. രണ്ട് വര്‍ഷം മുന്‍പ് എന്റെ ദേഹത്ത് കുട്ടികള്‍ ചിത്രം വരച്ചപ്പോള്‍ കുഴപ്പമുണ്ടായിരുന്നില്ല. എന്നാല്‍ അത് ഒരു സ്ത്രീയുടെ ശരീരത്തിലാകുമ്പോഴേക്കും വലിയ വിവാദമാകുന്നു. പാര്‍ലമെന്റില്‍ നഗ്‌ന സന്യാസി കയറി പ്രസംഗിക്കുന്നത് നമ്മുടെ ഇന്ത്യയിലാണ്. നഗ്‌ന സന്യാസിയുടെ ലിംഗം തൊട്ടുതൊഴുന്നു. അപ്പോള്‍ കുട്ടികള്‍ക്ക് ട്രോമ തോന്നില്ലേ.

നിങ്ങള്‍ ആര്‍ട്ട് ഫോമില്‍ ഇതിനെ കാണൂ. എല്ലാത്തിനെയും ലൈംഗിക കണ്ണോടെ കാണാതിരിക്കുക. എന്നെ സംബന്ധിച്ച് നമ്മുടെ ശരീരത്തിലെ ഏക ലൈംഗികാവയവം നമ്മുടെ തലച്ചോറാണ്. ബാക്കിയെല്ലാം പ്രത്യുത്പ്പാദന അവയവങ്ങളാണ്. നമ്മള്‍ ചില അവയവങ്ങളെ മറച്ചുവെച്ച് മറച്ചുവെച്ച് നമുക്കത് മോശമായി തോന്നുകയാണ്. രഹ്ന ഫാത്തിമ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ നിയമനടപടികളുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് തീരുമാനം. കാണുന്നവന്റെ കണ്ണിന്റെ പ്രശ്നമായാണ് എനിക്ക് ഇതിനെ തോന്നുന്നത്.’ മനോജ് പറയുന്നു.

രഹ്ന ഫാത്തിമയുടെ നിലപാടിനൊപ്പമാണ് താനെന്നും ഇതിന് മുകളില്‍ വരുന്ന മറ്റൊരു വാദവും അംഗീകരിക്കാന്‍ കഴിയാത്തതാണെന്നുമാണ് സാമൂഹ്യപ്രവര്‍ത്തകനായ മൈത്രേയന്‍ ഡൂള്‍ന്യൂസിനോട് പ്രതികരിച്ചത്.

മൈത്രേയന്‍

‘നാട്ടില്‍ ലൈംഗിക ദാരിദ്ര്യം ഉണ്ടാകുന്നതുകൊണ്ട് മാത്രം രൂപപ്പെടുന്ന വാദങ്ങളായിട്ടേ രഹ്നയ്ക്കെതിരായ നിലപാടുകളെ കാണാന്‍ സാധിക്കുകയുള്ളൂ. ആ രണ്ട് കുട്ടികള്‍ അവരുടെ അച്ഛന്റെ നെഞ്ചത്തായിരുന്നു ഇത് വരച്ചിരുന്നതെങ്കില്‍ ആരും ഈ വിഷയം ചര്‍ച്ച ചെയ്യുമായിരുന്നില്ല. ബാക്കി നടക്കുന്ന ചര്‍ച്ചകള്‍ക്കൊന്നും നിലവില്‍ പ്രസക്തി ഉള്ളതായി തോന്നുന്നില്ല.

ഒരു സ്ത്രീയായതുകൊണ്ട് മാത്രമാണ് ഈ വിഷയം ചര്‍ച്ച ചെയ്യപ്പെടുന്നത്. പിന്നെ രഹ്ന ഫാത്തിമ ആയതുകൊണ്ട് കൂടി വരുന്ന വിവാദങ്ങളാണ് ഇത്. മറ്റേതൊരു സ്ത്രീ ആയിരുന്നാലും ഉണ്ടാകുമായിരുന്നതിനേക്കാള്‍ കൂടുതല്‍ വിമര്‍ശനങ്ങള്‍ വരുന്നത് രഹ്ന ഫാത്തിമ മുന്‍കാലങ്ങളില്‍ നടത്തിയിട്ടുള്ള ഇടപെടലുകളുടെ രാഷ്ട്രീയം കൊണ്ട് കൂടിയാണ്.’ മൈത്രേയന്‍ പറഞ്ഞു.

ഒരു ആര്‍ട്ട് എക്സ്പ്രഷനായിട്ടാണ് രഹ്നയുടെ വീഡിയോയെ താന്‍ കാണുന്നതെന്നും ഇതില്‍ ഒരു വിവാദത്തിന്റെ ആവശ്യം എന്താണെന്ന് മനസിലാകുന്നില്ലെന്നുമാണ് ഡോ. എ.കെ ജയശ്രീ ഡൂള്‍ന്യൂസിനോട് പ്രതികരിച്ചത്.

‘ വളരെ സ്വാഭാവികമായുള്ള ഒരു എക്സ്പ്രഷനെ തടയുന്ന സദാചാര സംവിധാനമാണ് ഇവിടുത്തെ വിഷയം. അല്ലാതെ അവര്‍ ചെയ്യുന്നതല്ല. ഒരു ആര്‍ട്ടിന്റെ എക്സ്പ്രഷനായിട്ടാണ് അതിനെ തോന്നുന്നത്. അതേസമയം തന്നെ ബോഡി പൊളിറ്റിക്സില്‍ വിശ്വസിക്കുന്ന ആളായതുകൊണ്ട് തന്നെ അത്തരമൊരു രാഷ്ട്രീയം കൂടി അതിനകത്ത് ഉണ്ടെന്ന് അവര്‍ പറയുന്നു. ബോഡി പൊളിറ്റിക്സ് തന്നെ വേണ്ടി വരുന്നത് ആന്റി വുമണ്‍- ആന്റി സെക്ഷ്വല്‍ സമൂഹമായതുകൊണ്ട് കൂടിയാണ്. രഹ്ന ഫാത്തിമ സ്വതന്ത്ര വ്യക്തിത്വം ഉള്ള, അടിച്ചമര്‍ത്തലുകളെ വകവെക്കാതെ മുന്നോട്ടു പോകുന്ന ഒരു സ്ത്രീ ആയതുകൊണ്ട് തന്നെ അവരെ അടിച്ചമര്‍ത്താന്‍ ചിലര്‍ ഈ സാഹചര്യത്തില്‍ നോക്കുന്നുണ്ട്.

ഡോ. എ.കെ ജയശ്രീ

സെക്സ് എന്താണെന്നോ അബ്യൂസ് എന്താണെന്നോ പലര്‍ക്കും അറിയില്ല എന്നതാണ് സത്യം. ഇത്തരത്തിലുള്ള വിഷയങ്ങള്‍ ഉണ്ടാകുമ്പോഴാണ് പലരുടെയും ഉള്ളിലുള്ള കാപട്യം പുറത്തുവരുന്നത്. സൈദ്ധാന്തികമായി ഇത്തരം വിഷയങ്ങളില്‍ അഭിപ്രായപ്രകടനം നടത്തുന്നവര്‍ നേരിട്ട് ഇങ്ങനെ ഒരു അവസ്ഥയെ നേരിടുമ്പോള്‍ ഉണ്ടാകുന്ന പ്രതികരണമനുസരിച്ചാണ് നാം എത്രത്തോളം ഇത്തരം ആശയങ്ങളെ ഉള്‍ക്കൊണ്ടിട്ടുണ്ട് എന്നത് മനസിലാവുക. ബോഡി പൊളിറ്റിക്സ് എല്ലാം എത്രയോ വര്‍ഷമായി നമ്മള്‍ ചര്‍ച്ച ചെയ്യുന്നതാണ്. എന്നാല്‍ അത് അതിന്റെ കോറിലേക്ക് നാമിനിയും പ്രവേശിച്ചിട്ടില്ല. ഇപ്പോഴുണ്ടായ വിവാദം എങ്ങിനെയാണ് സെക്ഷ്വാലിറ്റിയുമായി ബന്ധമുള്ളതാകുന്നത്. സെക്ഷാലിറ്റിയിലേക്ക് ഇതിനെ കൊണ്ടുവരികയാണെങ്കില്‍ സ്ത്രീ ശരീരം തന്നെ സെക്ഷ്വലൈസ്ഡ് ബോഡി ആണെന്ന് നമ്മള്‍ കരുതേണ്ടി വരും.

ലൈംഗിക അതിക്രമം തടയുന്ന നിയമമാണല്ലോ രഹ്നയ്ക്ക് നേരെ ചുമത്തിയിരിക്കുന്നത്. സ്ത്രീ എന്താണെന്നതിനെ കുറിച്ച് തിരിച്ചറിയാന്‍ പോലും സമൂഹത്തിന് കഴിയുന്നില്ല. സ്ത്രീയ്ക്ക് ഒരു തെരഞ്ഞെടുപ്പ് ഉണ്ട്. സ്ത്രീയ്ക്ക് ഒരു ജീവന്‍ ഉണ്ട്. അതുപോലും നിഷേധിക്കപ്പെടുന്ന തരത്തിലേക്ക് കാര്യങ്ങള്‍ പോകുന്നുണ്ടെങ്കില്‍ അത്രയും കാപട്യമുള്ള സമൂഹമാണ് നമ്മുടേതെന്ന് പറയേണ്ടി വരും.

വളരെ സ്വാഭാവികമായ ഒരു കാര്യമായി ഇതിനെ കാണാന്‍ സാധിക്കണം. സ്ത്രീയുടെ മാറിടമായതുകൊണ്ട് അതിനെ ചരിത്രത്തിന്റെ ചട്ടക്കൂട്ടില്‍ സെക്ഷ്വലൈസ് ചെയ്തു വെച്ചിരിക്കുകയാണ്. ചൈല്‍ഡ് അബ്യൂസ് ഒക്കെയായി ഈ ചര്‍ച്ചയെ മാറ്റുന്നത് വളരെ ഗൗരവമേറിയതാണ്. സെക്ഷ്വല്‍ അബ്യൂസിന്റെ വിഷയമേ ഇവിടെ ഇല്ല. ഞാന്‍ മനസിലാക്കുന്നിടത്തോളം അവര്‍ വീട്ടില്‍ എപ്പോഴും ശരീരമെല്ലാം മറച്ചുവെക്കുന്ന രീതി ഉള്ളവരല്ല. സ്വകാര്യ ജീവിതത്തില്‍ എല്ലാം മറച്ചുവെച്ചു ജീവിക്കുന്നവരുമല്ല. അതുകൊണ്ട് തന്നെ കുട്ടികള്‍ക്ക് ഇത് അബ്യൂസ് ആവില്ല. എന്നാല്‍ കുട്ടികളെ ഏതെല്ലാം തരത്തില്‍ നമ്മുടെ സമൂഹം അബ്യൂസ് ചെയ്യുന്നുണ്ട്. അവിടെയൊന്നും ആരും പ്രശ്നങ്ങള്‍ ഉന്നയിക്കുന്നതായി കാണാറുമില്ല.

സിനിമകളില്‍ ഏതെല്ലാം തരത്തില്‍ കമേഴ്ഷ്യല്‍ ആവശ്യത്തിനായി സ്ത്രീകളെ മോശമായി ഉപയോഗിക്കുന്നു. അതിനെതിരായി ആരെങ്കിലും എന്തെങ്കിലും പറയുന്നുണ്ടോ. രഹ്നയുടെ പ്രവൃത്തി ഇപ്പോള്‍ അംഗീകരിക്കപ്പെടില്ലായിരിക്കാം. എന്നാല്‍ ഭാവിയില്‍ അത് അംഗീകരിക്കപ്പെടും. ഇപ്പോള്‍ എതിര്‍ക്കുന്നവരുടെ പ്രശ്‌നം അവരുടെ മുന്‍ധാരണകളുടെ സ്വാധീനമാണ്. എന്താണ് തെറ്റെന്ന് നാം ആഴത്തില്‍ ചിന്തിക്കുക, ശാസ്ത്രീയമായി വിശകലനം ചെയ്യുക. ഈ വിഷയത്തില്‍ പോക്സോ കൊണ്ടുവന്നതിന്റെ സാഹചര്യം എന്താണ്. നിയമം ഇഷ്ടംപോലെ വളച്ചൊടിക്കാന്‍ കഴിയില്ല’. ജയശ്രീ പറഞ്ഞു.

എന്നാല്‍ രക്ഷകര്‍ത്താവ് എന്ന അധികാരമുപയോഗിച്ച് കുട്ടികളെ തങ്ങളുടെ രാഷ്ട്രീയപരീക്ഷണങ്ങളുടെ കരുവാക്കുന്നത്‌ ശരിയല്ല എന്നാണ് അധ്യാപികയായ ദീപ നിശാന്ത് ഈ വിഷയത്തില്‍ ഡൂള്‍ന്യൂസിനോട് പ്രതികരിച്ചത്.

‘നല്ല സ്പര്‍ശനത്തെ കുറിച്ചും ചീത്ത സ്പര്‍ശനത്തെ കുറിച്ചും കുട്ടികളെ പഠിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണ് ഇത്. കുട്ടികളെ സംബന്ധിച്ച് ഏതാണ് നല്ല സ്പര്‍ശനമെന്ന് അറിയില്ല. രഹ്ന ഫാത്തിമ കുട്ടിയെ സ്പര്‍ശിക്കുന്നതോ കുട്ടികള്‍ അവരെ സ്പര്‍ശിക്കുന്നതോ അല്ല, രണ്ട് വ്യക്തികളല്ല യഥാര്‍ത്ഥത്തില്‍ ഇവിടെ വിഷയം.

പാലൂട്ടുന്ന സമയത്തും മുല മാത്രമാണ് കുട്ടിയെ സംബന്ധിച്ചിടത്തോളം ലൈംഗികാവയമല്ലാതിരിക്കുന്നത്. കുട്ടി അമ്മ ബന്ധത്തില്‍ അച്ഛന്റെ ലൈംഗികാവയവത്തെ നമ്മള്‍ കൊണ്ടുവരാറില്ല. ഇത്തരത്തിലുള്ള കാര്യങ്ങളെല്ലാം ത്യാജഗ്രാഹ്യ വിവേചന ബുദ്ധിയാണ്. അതില്‍ നഗ്‌നതയുമായോ മൊറാലിറ്റിയുമായോ ബന്ധം കല്‍പ്പിക്കേണ്ട കാര്യമില്ല.

ദീപ നിശാന്ത്

രഹ്ന ഫാത്തിമയുടെ മനോഭാവമോ അല്ലെങ്കില്‍ അവരുടെ കുടുംബാന്തരീക്ഷമോ അല്ല കേരളത്തിലെയും ഇന്ത്യയിലെയും പൊതുസമൂഹത്തിലുള്ളത്. അതുകൊണ്ട് തന്നെ സമൂഹത്തിലേക്കിറങ്ങുന്ന കുട്ടിയെ ഈ രീതിയില്‍ മറ്റുള്ളവര്‍ അബ്യൂസ് ചെയ്യാനുള്ള സാധ്യതയെ കൂടി നമ്മള്‍ പരിശോധിക്കേണ്ടതായി വരും. അത് ആ കുട്ടിക്ക് എത്രത്തോളം മനസിലാക്കാന്‍ പറ്റുമെന്നതും പ്രധാനമാണ്.

ബോഡി ആര്‍ട്ട് എന്നത് മുതിര്‍ന്ന മനുഷ്യര്‍ കൈകാര്യം ചെയ്യുന്നതുപോലെയല്ല കുട്ടികള്‍ കൈകാര്യം ചെയ്യുന്നത്. കുട്ടി മറ്റ് രീതിയില്‍ ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടോ എന്നത് ഗൗരവത്തോടെ പരിശോധിക്കേണ്ടതാണ്. കുട്ടിയുടെ വയസ് അവിടെ പരിഗണിക്കേണ്ടതാണ്. ബുദ്ധിപരമായ വളര്‍ച്ച ഒരു കുട്ടിക്ക് ഉണ്ടായിട്ട് കാര്യമില്ല. രഹ്നയുടെ കുട്ടി ആ രീതിയില്‍ ആണെന്ന വാദമൊക്കെയുണ്ട്. എന്നാല്‍ ഇത് ഒരു കുട്ടിയുടെ മാത്രം പ്രശ്നമല്ല.

പല ബാലപീഡനങ്ങളും കുട്ടികള്‍ തിരിച്ചറിയാറില്ല. സ്നേഹപൂര്‍വമായ തലോടലുകളായും മറ്റും കുട്ടി അതിനെ സ്വീകരിക്കാറാണ്. സ്നേഹിക്കുകയാണെന്ന് കുട്ടി കരുതുന്നു. ഇത് തിരിച്ചറിയുന്നത് മുതിര്‍ന്നവരാണ്. ഈ രീതിയിലല്ല ലൈംഗിക വിദ്യാഭ്യാസം നടത്തേണ്ടത് എന്ന് തന്നെയാണ് കരുതുന്നത്. മാതാപിതാക്കളിലൂടെ മാത്രമല്ല അത് പ്രവാര്‍ത്തികമാക്കേണ്ടതും. കുട്ടി ഏത് സമയം തൊട്ട് കാര്യങ്ങള്‍ മനസിലാക്കേണ്ടതുണ്ട് എന്ന കാര്യവും പ്രധാനമാണ്.

മുല ലൈംഗികാവയവമാണോ അല്ലയോ എന്നുള്ള ചോദ്യങ്ങള്‍ എല്ലാം ഈ സമയത്ത് ഉയരുന്നുണ്ട്. എങ്കില്‍ പോലും നിലവില്‍ ഇതിനെല്ലാം നിയമമുണ്ട്. അങ്ങനെ നോക്കുമ്പോള്‍ നിയമപരമായി അത് തെറ്റാണ്. സ്വന്തം ശരീരത്തില്‍ കുട്ടി സ്പര്‍ശിക്കുന്നതുകൊണ്ട് മാത്രം സംതൃപ്തി ഉള്ള ആളുകള്‍ ഉണ്ട്. മറ്റ് തരത്തിലുള്ള പീഡനങ്ങളൊന്നും അവിടെ നടക്കില്ല. നമ്മള്‍ അടക്കമുള്ള ആളുകള്‍ കുട്ടിക്കാലത്ത് അത്തരത്തിലുള്ള അവസ്ഥകളിലൂടെ പോയിട്ടുണ്ടാകും. ഇത്തരത്തിലുള്ള സ്പര്‍ശനങ്ങള്‍ പോലും നമ്മള്‍ തിരിച്ചറിയുക പിന്നീടായിരിക്കും.

രഹ്ന ഫാത്തിമ ആദ്യമായിട്ടല്ല നഗ്‌നയാകുന്നത്. ബോഡി ആര്‍ട്ട് നേരത്തെയും അവര്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ ഇന്ന് ഇത് വിവാദമാകുന്നത് ഇപ്പുറത്ത് ഒരു കുട്ടി കൂടി നില്‍ക്കുന്നതുകൊണ്ടാണ്. രഹ്ന ഫാത്തിമയുടെ കുട്ടിയ്ക്ക് മാത്രം അത്തരത്തിലൊരു മാനസിക വളര്‍ച്ച ആയോ ആയിട്ടില്ലയോ എന്നതല്ല ഇവിടുത്തെ വിഷയം. കേരളത്തിലെ ബഹുഭൂരിപക്ഷം കുട്ടികളെ മുന്‍നിര്‍ത്തിക്കൊണ്ട്, അവര്‍ ഇത്തരത്തില്‍ ദുരുപയോഗം ചെയ്യപ്പെടാനുള്ള ഒരു വേദി ഒരുക്കിക്കൊടുക്കലാണോ ഇതെന്ന സംശയമാണ്.

എന്നാല്‍ അന്വേഷണത്തിന്റെ ഭാഗമായി കുട്ടികളുടെ പെയിന്റിങ് ബ്രഷുകളും മറ്റും പിടിച്ചെടുത്ത് അവരെ മാനസികമായി ബുദ്ധിമുട്ടിക്കുന്ന പൊലീസിന്റെ രീതിയോട് ഒരു തരത്തിലും യോജിപ്പില്ല. അതേസമയം ഈ വിഷയത്തില്‍ രഹ്നയ്ക്ക് നിയമപരമായി ഒരു താക്കീത് കൊടുക്കേണ്ടതായുമുണ്ട്.

മറ്റൊരു കാര്യം, കുട്ടി ഒരു ആര്‍ട്ട് എന്ന രീതിയിലായിരിക്കാം ഇതിനെ സമീപിച്ചത്. കൂടെയുള്ളത് കുട്ടിയുടെ അമ്മയാണ്. ഒരു തരത്തിലും നഗ്‌നത, ലൈംഗികത എന്നി വിഷയങ്ങള്‍ കുട്ടിയെ സംബന്ധിച്ച് വരുന്നില്ല. പക്ഷേ ഈ വയസിലുള്ള ഒരു കുട്ടിയുടെ ആര്‍ട്ടിനെ ബോഡി പൊളിറ്റിക്സിന്റെ ഭാഗമായിട്ട് പൊതുമണ്ഡലത്തില്‍ നിര്‍ത്തിയിരിക്കുകയാണ്.

പ്രായപൂര്‍ത്തി ആയ ഒരു വ്യക്തിയുടെ നഗ്നതാപ്രദര്‍ശനമല്ല ഇവിടെ വിഷയം. കുട്ടിയെ അതിനുപയോഗിച്ചു എന്നതാണ്. അതൊരു സദാചാരപ്രശ്നമായല്ല കാണുന്നത്. രക്ഷാകര്‍ത്താവ് എന്ന അധികാരമുപയോഗിച്ച് സ്വന്തം താല്‍പ്പര്യത്തിനായി / വരുമാനത്തിനായി /ഉപയോഗിക്കുന്നു എന്നതാണ് വിഷയം. അതിന്റെ വിഷ്വല്‍സ് പങ്കുവെക്കുന്നതാണ് പ്രശ്നം.

ചിലരതിനെ ‘ഗപ്പി’യിലെ കുട്ടി അമ്മയെ കുളിപ്പിക്കുന്ന രംഗവുമായൊക്കെ താരതമ്യപ്പെടുത്തി വിശദീകരിക്കുന്നതും കണ്ടു. ശാരീരികമായി വെല്ലുവിളികള്‍ നേരിടുന്നവരെ നമ്മള്‍ പലതരത്തിലും സഹായിക്കാറുണ്ട്. കുളിപ്പിക്കാറുണ്ട്. പക്ഷേ ഒരാളത് ചെയ്ത് അതിന്റെ വിഷ്വല്‍സ് പങ്കുവെക്കുമ്പോള്‍ വിഷയം മാറും.

അത് വരുമാനത്തിനായി ഉപയോഗപ്പെടുത്തുക കൂടി ചെയ്യുമ്പോള്‍ ക്രിമിനല്‍ കുറ്റം തന്നെയായി മാറും. രഹ്ന ഫാത്തിമയുടെ നഗ്നതയല്ല ഇവിടെ പ്രശ്നം. കുട്ടി മാത്രമാണ്. പ്രായപൂര്‍ത്തിയാകും വരെ ആ കുട്ടിയെ ഇത്തരം കാര്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ നിയമം സമ്മതിക്കുകയില്ല. സദാചാരമല്ല വിഷയമെന്ന് ആവര്‍ത്തിക്കുന്നു. കുട്ടി മാതാപിതാക്കളുടെ സ്വകാര്യസ്വത്തല്ല.’ അധ്യാപിക ദീപാ നിശാന്ത് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

രഹ്ന ഫാത്തിമയോടുള്ള വിയോജിപ്പ് ഉന്നയിക്കേണ്ടത് ജനാധിപത്യപരമായ ചര്‍ച്ചയ്ക്കുള്ളില്‍ നിന്നാവണമെന്നും അല്ലാതെ അവര്‍ക്കെതിരെ പോക്സോ ചുമത്തി ജയിലിലടക്കണമെന്ന് ആഹ്വാനം ചെയ്യുകയല്ല വേണ്ടതെന്നുമാണ് അധ്യാപികയും എഴുത്തുകാരിയുമായ ഡോ. ജെ. ദേവിക ഡൂള്‍ന്യൂസിനോട് പ്രതികരിച്ചത്.

‘രഹ്നാ ഫാത്തിമയ്ക്കു മേല്‍ ചാര്‍ത്തപ്പെട്ടിരിക്കുന്ന ആരോപണത്തെ സമീപകാലകേരളത്തില്‍ ലിംഗസ്വഭാവത്തെയും ലിംഗബന്ധങ്ങളെയും ലൈംഗികതകളെപ്പറ്റിയും ഇളകിയിരിക്കുന്ന അനവധി ഭീതികളുടെ വെളിച്ചത്തില്‍ വേണം വായിക്കാന്‍. പെണ്‍കുട്ടികള്‍ ചാടിയാല്‍ ഗര്‍ഭപാത്രം ഇളകിപ്പോകും അഹങ്കാരികളായ സ്ത്രീകള്‍ക്ക് ട്രാന്‍സ്ജന്റര്‍ മക്കള്‍ ഉണ്ടാകും എന്നൊക്കെ പടച്ചുവിടുന്ന സ്യൂഡോസയന്‍സ് മനോഭാവമാണ് അതിനു പിന്നില്‍. കുട്ടികള്‍ അമ്മമാരുടെ നഗ്‌നത കണ്ടാല്‍ ഹനിക്കപ്പെടും എന്ന് യാതൊരു തെളിവും ഇല്ല. ആ ധാരണയുടെ സാംസ്‌ക്കാരികാടിസ്ഥാനം തന്നെ ചോദ്യം ചെയ്യപ്പെടുന്നുമുണ്ട്. എന്നിട്ടും അവരെ പിന്‍തുടര്‍ന്ന് ഉപദ്രവിക്കുന്നതിന്റെ സാമൂഹ്യരാഷ്ട്രീയമാണ് അന്വേഷിക്കേണ്ടത്.

ഡോ. ജെ. ദേവിക

രഹനാ ഫാത്തിമയുടെ ശത്രുക്കളുടെ ഇരട്ടത്താപ്പും ചരിത്രത്തോടുള്ള വിമുഖതയും ശരിക്കും ഞെട്ടിക്കുന്നതാണ്. ഇക്കൂട്ടരില്‍ മോഹിനിയാട്ടത്തില്‍ പരീക്ഷണങ്ങള്‍ നടത്തുന്ന ഒരു സ്ത്രീയുണ്ട്. അവര്‍ നില്‍ക്കുന്ന സാംസ്‌കാരികനിലം എങ്ങനെ രൂപപ്പെട്ടു എന്നും അത് സാംസ്‌കാരികം, ഭാരതസംസ്‌കാരം എന്നും എങ്ങനെ അംഗീകരിക്കപ്പെട്ടു എന്നതിന്റെ ചരിത്രം അവര്‍ പാടെ വിസ്മരിച്ചതുപോലെയുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ പകുതി വരെയും മോഹിനിയാട്ടമെന്നാല്‍ വേശ്യാവൃത്തിയെന്ന ധാരണയും നര്‍ത്തകിയെന്നാല്‍ തേവിടിശ്ശി എന്ന പഴിയുമായിരുന്നു നിലനിന്നിരുന്നത്. അന്ന് അതിനെതിരെ നിലപാടെടുത്തവരും സമൂഹത്തിന്റെ ആട്ടുംതുപ്പും അവഗണിച്ച് ആ കല പഠിക്കാന്‍ മുതിര്‍ന്നവരും സാമൂഹ്യമുഖ്യധാരയുടെ ആട്ടും തുപ്പും സഹിച്ചിട്ടിട്ടുണ്ടാകും. അവരുടെ മക്കളും കണ്ടമാനം അപഹസിക്കപ്പെട്ടിട്ടുമുണ്ടാകും. അങ്ങനെയുള്ള സഹനത്തിലൂടെയും നിരന്തരമായ സമരത്തിലൂടെയാണ് ഇപ്പറഞ്ഞ കലാകാരി നില്‍ക്കുന്ന നിലം ഉണ്ടായത്. രഹനാ ഫാത്തിമയെ ചീത്ത വിളിക്കാനായി അവരിപ്പോള്‍ ഉപയോഗിക്കുന്ന ഇടം.

രഹനയുടെ കുട്ടികളുടെ മാനസികാരോഗ്യം തകര്‍ന്നുകഴിഞ്ഞെന്ന് സകലരും, ശിശുരോഗവിദഗ്ദ്ധരടക്കം തീരുമാനിച്ചു കഴിഞ്ഞു. ഇത്തരം കാര്യങ്ങള്‍ക്ക് ശാസ്ത്രചിന്തയെ ആശ്രയിക്കാറില്ല ഇവരാരും. മറിച്ച്, തങ്ങളുടെ മുന്‍വിധികളെ ഊട്ടിയുറപ്പിക്കാനുള്ള തത്രപ്പാടിലാണ് എല്ലാവരും. സരിതാനായര്‍ കേസില്‍ ലൈംഗിക കുറ്റം ആരോപിക്കപ്പെട്ട ഒരാളുടെ കുട്ടി അപമാനഭാരം സഹിക്കാതെ ആത്മഹത്യ ചെയ്തതു പോലെയാവും രഹനയുടെ ശരീരം നേരിട്ടു കണ്ട കുട്ടികളുടെയവസ്ഥ എന്ന് ഒരു ശിശുരോഗവിദഗ്ദ്ധ എന്നോടു ഘോരഘോരം വാദിക്കുകയുണ്ടായി. ഈ താരതമ്യം തന്നെ അസാധുവാണെന്ന് ശാസ്ത്രം പഠിച്ച ഈ വനിതയോട് പറഞ്ഞിട്ട് കാര്യമുണ്ടായില്ല. തന്റെ കുടുംബം പങ്കുവെച്ച, മുഖ്യധാരാസമൂഹത്തിന്റെ തന്നെയായ, മൂല്യവ്യവസ്ഥയില്‍ നിന്ന് അച്ഛന്‍ വ്യതിചലിച്ചതു (അഥവാ അങ്ങനെ ഒരു പ്രതീതി ഉണ്ടായത്) പിടിക്കപ്പെട്ടപ്പോള്‍ സമൂഹത്തിനു മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ ഇടമില്ലാതെയാണ് ആ കുട്ടി മരിച്ചത്.

രഹനയുടെ കുട്ടികളുടെ കാര്യം അങ്ങനെയല്ല. അവര്‍ ഏതു തരം മൂല്യവ്യവസ്ഥയിലാണോ വളരുന്നത്, ആ മൂല്യങ്ങളെ ആണ് അവരുടെ മാതാവ് പ്രാവര്‍ത്തികമാക്കിയത്, ആ വീഡിയോയില്‍. ഇപ്പറഞ്ഞ ഡോക്ടറുടെ യുക്തി ശരിയാണെങ്കില്‍ നാട്ടിലെ പെന്തിക്കോസ്റ്റ് സഭകളിലും മറ്റുമുള്ള കുട്ടികള്‍, മുഖ്യധാരാസമൂഹത്തിനോടു ചേരാത്ത ജീവിതശൈലി സ്വീകരിക്കുന്ന കുട്ടികള്‍, എല്ലാവര്‍ക്കും ആത്മഹത്യയെ വഴിയുള്ളൂ. അങ്ങനെയുള്ളവരെ മാനസികസമ്മര്‍ദ്ദത്തിലാക്കുന്നത് അവര്‍ക്കെതിരെ പുറപ്പെടുന്ന സാമൂഹ്യമുഖ്യധാരയാണ്. രഹനാ ഫാത്തിമയുടെ കുട്ടികളെ സംരക്ഷിക്കാന്‍ ഇപ്പോള്‍ പുറപ്പെട്ടിരിക്കുന്നവര്‍ ഈ മുഖ്യധാരയുടെ ഹിംസയെ ശക്തിപ്പെടുത്തുന്നവരാണ്. പീഡിയാട്രിക്‌സും ചൈല്‍ഡ് സൈക്കോളജിയും ഒന്നും എക്‌സാക്ട് സയന്‍സസ് അല്ലാ, ഫിസിക്‌സ് പോലെ അല്ല. അവയുടെ നിഗമനങ്ങള്‍ പലപ്പോഴും ഇന്‍ടക്ടീവ് ആണ്, സനാതനസത്യമൊന്നുമല്ല’ ജെ. ദേവിക പറയുന്നു.

രഹ്ന കുട്ടികളെ ഉപയോഗിച്ച് സ്വന്തം ശരീരത്തില്‍ ചിത്രങ്ങള്‍ വരപ്പിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത് പബ്ലിസിറ്റിക്ക് വേണ്ടി മാത്രമായിരുന്നു എന്നാണ് കേസിലെ പരാതിക്കാരനായ അഡ്വ.അരുണ്‍ പ്രകാശ് പ്രതികരിച്ചത്..

രഹ്നഫാത്തിമ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ദൃശ്യങ്ങള്‍ കുട്ടികള്‍ക്ക് ലൈംഗിക ചിന്താഗതി ഉണ്ടാക്കുകയും സാംസ്‌ക്കാരിക മൂല്യച്യുതി സംഭവിക്കുകയും ചെയ്യുമെന്നും അത് കൊണ്ടാണ് പ്രതികരിച്ചതെന്നും പരാതിയില്‍ ഉറച്ച് നില്‍ക്കുന്നതായും അദ്ദേഹം പറഞ്ഞു. രഹ്നയെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്നാണ് പരാതിക്കാരന്‍ പറയുന്നത്.

സൈബര്‍ ഡോം റിപ്പോര്‍ട്ട് പ്രകാരമാണ് രഹ്നക്കെതിരെ കേസ് എടുത്തിരിക്കുന്നതെന്നും സെക്ഷന്‍ 13, 14, 15 ഐ.ടി ആക്ട് 67 B (D) വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്നുമാണ് കൊച്ചി സൗത്ത് പൊലീസ് ഡൂള്‍ന്യൂസിനോട് പ്രതികരിച്ചത്.

‘ന്യൂഡ് ആയ ശരീരത്തില്‍ രണ്ട് കുട്ടികള്‍ ചിത്രം വരയ്ക്കുന്നതായുള്ള വീഡിയോ യൂട്യൂബില്‍ രഹ്ന ഫാത്തിമ അപ്‌ലോഡ് ചെയ്തിട്ടുണ്ടെന്നും അത് കുട്ടികള്‍ക്കെതിരെയുള്ളതാണെന്നും നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് സൈബര്‍ ഡോം കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് കൊടുക്കുകയായിരുന്നു.

ആ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പോക്സോ പ്രകാരം കേസെടുത്തത്. സെക്ഷന്‍ 13, 14, 15 ഐ.ടി ആക്ട് 67 B (D) പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അറസ്റ്റ് ചെയ്യേണ്ടതായുള്ള കേസാണ്. അവരെ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. അവര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്.’അന്വേഷണ ഉദ്യോഗസ്ഥന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ആര്യ. പി
അസോസിയേറ്റ് എഡിറ്റര്‍, ഡൂള്‍ന്യൂസ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.