| Tuesday, 14th October 2014, 10:29 am

ബൊളീവിയയില്‍ വീണ്ടും മെറാലിസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ലാപാസ്: ബൊളീവീയയില്‍ മൂന്നാം തവണയും ഇവോ മൊറാലിസ് തിരഞ്ഞെടുക്കപ്പെട്ടു. വന്‍ ഭൂരിപക്ഷത്തോടെയാണ് മൊറാലിസിന്റെ വിജയം. 60 ശതമാനം വോട്ടുകളാണ് അദ്ദേഹം നേടിയിരിക്കുന്നത്. 25 ശതമാനം വോട്ടുകള്‍ മാത്രമാണ് അദ്ദേഹത്തിന്റെ മുഖ്യ എതിര്‍ സ്ഥാനാര്‍ത്ഥിക്ക് നേടാന്‍ കഴിഞ്ഞത്.

വെനിസ്വേലന്‍ വിപ്ലവനായകന്‍ ഹ്യൂഹോ ഷാവേസിന്റെ വേര്‍പാടിന് ശേഷം മൊറാലിസാണ് ലാറ്റിനമേരിക്കന്‍ സാമ്രാജ്യത്യ വിരുദ്ധ പോരാട്ടത്തിന് നേതൃത്വം വഹിക്കുന്നത്. തലസ്ഥാനമായ ലാപാസില്‍ പ്രസിഡന്റിന്റെ കൊട്ടാരത്തിന് മുന്നില്‍ പതിനായിരങ്ങളാണ് മൊറാലിസിനെ അഭിവാദ്യം ചെയ്യാന്‍ തടിച്ചുകൂടിയത്. വിജയം ആഘോഷിക്കുന്നതിന്റെ തിരക്കിലാണ് ബൊളീവിയന്‍ ജനത.

“ഞങ്ങള്‍ക്ക് എല്ലാം തന്നയാളെ ഞങ്ങള്‍ വീണ്ടും തിരഞ്ഞെടുത്തു. മൊറാലിസ് അല്ലാതെ മറ്റാരാണ് ഞങ്ങളെ നയിക്കുക”- എന്നാണ് ബൊളീവിയന്‍ ജനതയുടെ പ്രതികരണം.

മൊറാലിസിന്റെ ജനപ്രീതിയും സാമ്രാജ്യത്വ വിരുദ്ധ സോഷ്യലിസ്റ്റ് മുന്നേറ്റവുമാണ് ഈ പ്രതികരണങ്ങള്‍ കാണിക്കുന്നത്.

ഹ്യൂഗോ ഷാവേസിനും ഫിദല്‍ കോസ്‌ട്രോയ്ക്കുമാണ് മൊറാലിസ് തന്റെ വിജയം സമര്‍പ്പിക്കുന്നത്. 2006 ല്‍ ആണ് മൊറാലിസ് ആദ്യമായി അധികാരത്തില്‍ എത്തുന്നത്. 2020 വരെ ഇനി അദ്ദേഹത്തിന് ഈ പദവിയില്‍ തുടരാനാകും.

അര്‍ജന്റീനന്‍ പ്രസിഡന്റും ഉറൂഗ്വന്‍ പ്രസിഡന്റും മൊറാലിസിനെ ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ചിട്ടുണ്ട്. വെനിസ്വലന്‍ പ്രസിഡന്റ് നിക്കോളാസ് മാദുരോ മൊറാലിസിനെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

” ഇവോ, തെക്കേ അമേരിക്കയില്‍ നേടിയ വലിയൊരു വിജയമാണിത്. വെനിസ്വല എല്ലാ അഭിനന്ദനങ്ങളും അറിയിക്കുന്നു.” എന്നായിരുന്നു മാദുരോയുടെ ട്വീറ്റ്.നിരവധി ട്വീറ്റുകളിലൂടെയാണ് മാദുരോ സന്തോഷം പങ്കുവയ്ക്കുന്നത്‌

ജനാധിപത്യത്തിന്റെ വിജയം എന്നായിരുന്നു സല്‍വദോറിയന്‍ പ്രസിഡന്റിന്റെ ട്വീറ്റ്.

1959 ല്‍ ആയിരുന്നു ഇവോ മൊറാലിസിന്റെ ജനനം. ബൊളീവിയന്‍ ഇടത് രാഷ്ട്രീയ പ്രവര്‍ത്തകനായ അദ്ദേഹം നല്ലൊരു ഫുട്‌ബോള്‍ കളിക്കാരന്‍ കൂടിയാണ്.

Latest Stories

We use cookies to give you the best possible experience. Learn more