ബെംഗളൂരു: സദാചാര പൊലീസിംഗിനെ പിന്തുണച്ച് കര്‍ണാടക മുഖ്യമന്ത്രി ബാസവരാജ് ബൊമ്മൈ. സമൂഹത്തിലെ ധാര്‍മിക മൂല്യങ്ങള്‍ കുറയുമ്പോഴാണ് സദാചാര പൊലീസിംഗ് നടക്കുന്നതെന്ന് ബാസവരാജ് ബൊമ്മൈ പറഞ്ഞു.
സദാചാര പൊലീസിംഗ് നടക്കുന്നത് ഒരു പ്രവര്‍ത്തനത്തിന്റെ പ്രതിപ്രവര്‍ത്തനമായിട്ടാണെന്നും അദ്ദേഹം പറഞ്ഞു.
‘എല്ലാവര്‍ക്കും യോജിച്ച ജീവിതം നയിക്കാന്‍ സമൂഹത്തില്‍ ധാര്‍മിക മൂല്യങ്ങള്‍ ആവശ്യമാണ്. സാമൂഹിക മൂല്യങ്ങളെ ബാധിക്കുന്ന രീതിയില്‍ യുവാക്കള്‍ പ്രവര്‍ത്തിക്കുന്നത് ശരിയല്ല,’ അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ ക്രമസമാധാനം പാലിക്കേണ്ടതു പോലെ, സമൂഹവും ‘ഉത്തരവാദിത്തത്തോടെ’ പെരുമാറേണ്ടതുണ്ട്. സദാചാര പൊലീസിംഗ് വളരെ സെന്‍സിറ്റീവ് പ്രശ്‌നമാണെന്നും ബൊമ്മൈ പറഞ്ഞു.