| Friday, 24th March 2017, 4:25 pm

നിങ്ങള്‍ക്ക് എന്നെ കൊല്ലാം അതുമല്ലെങ്കില്‍ ബലാത്സംഗം ചെയ്തുകളയും എന്ന് ഭീഷണിപ്പെടുത്താം; എന്റെ നഗ്‌നതയെ എനിക്ക് ഭയമില്ല; സദാചാരക്കൂട്ടത്തിനെതിരെ ചിന്‍സി ചന്ദ്ര

ഡൂള്‍ന്യൂസ് ഡെസ്‌ക്

നാദാപുരം: പി. ഗീതടീച്ചര്‍ക്കും കുടുംബത്തിനും പിന്നാലെ സദാചാരക്കാരുടെ അക്രമണത്തിന് വിധേയമായി മറ്റൊരു കുടുംബം കൂടി. നാദാപുരം സ്വദേശിയും സോഷൃല്‍മീഡിയ ഇടപെടലുകളിലെ സജീവസാന്നിധൃവുമായ ചിന്‍സി ചന്ദ്രയാണ് താനും അനുജത്തിയും അമ്മയും പ്രദേശവാസികളില്‍ നിന്ന് നേരിടുന്ന സദാചാരആക്രമണത്തെ കുറിച്ച് ഫേസ്ബുക്കില്‍ കുറിച്ചത്.

അടുത്ത ഏത് നിമിഷവും അക്രമിക്കപ്പെട്ടേക്കാം എന്ന ബോധ്യത്തിലാണ് ഇന്നും ജീവിക്കുന്നതെന്നും ഇതൊരു മരണ കുറിപ്പ് എന്ന് പറയാനാണ് തനിക്കിഷ്ടമെന്നും ചിന്‍സി ചന്ദ്ര പറയുന്നു. ഗീത ടീച്ചര്‍ക്ക് നേരിടേണ്ടി വന്നത് കല്ലേറുകള്‍ ആണെങ്കില്‍ എനിക്കും കുടുംബത്തിനും നേരിടേണ്ടി വന്നത് അശ്ലീലവും ലൈംഗിക ചുവയുള്ളതുമായ കത്തുകളും പോസ്റ്റ്‌റുകളുമാണ്

ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും ഭ്രാന്താണെന്നും ഞാനും അനിയത്തിയും അമ്മയും വീടും നാടും നിറഞ്ഞു നില്‍ക്കുന്ന വെടികളും ആണെന്ന് പറഞ്ഞ് പ്രചരിപ്പിക്കുകയാണ് ഇക്കൂട്ടര്‍. വീട്ടിലേക്ക് പല വസ്തുക്കളും ഉപയോഗിച്ച് എറിയുക കാറിന് നേരെ എറിയുക ഇതൊക്കെ നിത്യസംഭവങ്ങളായി മാറി. മാനസികമായി ദുര്‍ബലരല്ലാത്തത് കൊണ്ടും കൃത്യമായ രാഷ്ട്രീയ ബോധ്യമുള്ളത് കൊണ്ടും ഞങ്ങള്‍ ആത്മഹത്യ ചെയ്തില്ല എങ്കിലും ആള്‍ക്കൂട്ടത്തിന്റെ തുറിച്ച് നോട്ടവും അപഹസിച്ചു കൊണ്ടുള്ള കമന്റുകളും അന്ന് വല്ലാതെ തളര്‍ത്തിയിരുന്നു.

ആള്‍ക്കൂട്ടത്തിന്റെ കണ്ണില്‍ ഞാന്‍ ഒരു ആന്റി സോഷ്യല്‍ ആയി വളര്‍ന്നെങ്കില്‍ അത് ഇവിടുത്തെ സാമൂഹ്യ രാഷ്ട്രീയ നിയമ വ്യവസ്ഥിതിയുടെയും അത് വളര്‍ത്തിയെടുത്ത പൊതുബോധത്തിന്റെയും പ്രശ്‌നം മാത്രമാണ്. ഇവിടെ നിലനിന്നുപോവുന്ന നിയമ വ്യവസ്ഥിതിയിലും ഉദ്യോഗസ്ഥ തേര്‍വാഴ്ച്ചയിലും എനിക്ക് വിശ്വാസം ഇല്ല . എന്റെ രാഷ്ട്രീയം തുറന്നു പറയാന്‍ താന്‍ ഭയപ്പെടുന്നില്ലെന്നും ചന്ദ്ര പറയുന്നു.

ചിന്‍സി ചന്ദ്രയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :

“”perosnal is political” അപര്‍ണ പ്രശാന്തി യുടെ ഈ വാക്കുകള്‍ ഏറ്റുപറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഒരു പാട് ആലോചിച്ചതിന് ശേഷമാണ് ഇങ്ങനൊരു പോസ്റ്റ് ഇടാന്‍ തീരുമാനിച്ചത്, ഗീത ടീച്ചറും കുടുംബവും നേരിടേണ്ടി വന്ന സാമൂഹ്യ രാഷട്രീയ അരാജകത്വത്തെ അങ്ങേയറ്റം അപലപിക്കുന്നു, ഒപ്പം ഞാനും കുടുംബവും നേരിടേണ്ടി വന്ന ചില വിഷയങ്ങളെ കുറിച്ച് പറയാം… ഇത് ഒരു തിരിച്ചറിവിന്റെ കുമ്പസാരമല്ലെന്ന് പറഞ്ഞു കൊള്ളട്ടെ! അടുത്ത ഏത് നിമിഷവും അക്രമിക്കപ്പെട്ടേക്കാം എന്ന ബോധ്യത്തിലാണ് ഇന്നും ജീവിച്ച് പോവുന്നത് അതുകൊണ്ട് ഇതൊരു മരണ കുറിപ്പ് എന്ന് പറയാനാണ് എനിക്കിഷ്ടം..

ഏതാനും കുറച്ച് മാസം മുമ്പ് വരെ നടന്ന കാര്യമാണ് ഇപ്പോള്‍ പറയാനുള്ളത്, കാരണം ഇന്നത്തെ സാമൂഹ്യ രാഷ്ട്രീയ അന്തരീക്ഷത്തില്‍ നിരന്തരം ഇത്തരം സദാചാര അതിക്രമങ്ങള്‍ ഉടലെടുക്കുന്നതിനാലും ഞാന്‍ ഉള്‍പ്പടെ കുറച്ചധികം പെണ്‍കുട്ടികള്‍ ഇത്തരം പ്രശ്‌നങ്ങള്‍ അനുഭവിക്കേണ്ടി വരുന്നു എന്നത് കൊണ്ട് കൂടിയാണ്.

തുറന്നു പറച്ചിലുകള്‍ അനിവാര്യമാണ് എന്ന് കരുതുന്നു.. ഗീത ടീച്ചര്‍ക്ക് നേരിടേണ്ടി വന്നത് കല്ലേറുകള്‍ ആണെങ്കില്‍ എനിക്കും കുടുംബത്തിനും നേരിടേണ്ടി വന്നത് അശ്ലീലവും ലൈംഗിക ചുവയുള്ളതുമായ കത്തുകളും പോസ്റ്റ്‌റുകളുമാണ് .അച്ഛനും അമ്മയും സഹോദരിയും സ്വാതി ചന്ദ്ര ഞാനും അടങ്ങുന്നതാണ് എന്റെ കുടുംബം.. ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും ഭ്രാന്താണെന്നും ഞാനും അനിയത്തിയും അമ്മയും വീടും നാടും നിറഞ്ഞു നില്‍ക്കുന്ന വെടികളും ആണെന്ന് പറഞ്ഞ് പ്രചരിപ്പിക്കുന്നു.

വീട്ടിലേക്ക് പല വസ്തുക്കളും ഉപയോഗിച്ച് എറിയുക കാറിന് നേരെ എറിയുക ഇതൊക്കെ നിത്യസംഭവങ്ങളായി മാറി പിന്നീട്.. മാനസികമായി ദുര്‍ബലരല്ലാത്തത് കൊണ്ടും കൃത്യമായ രാഷ്ട്രീയ ബോധ്യമുള്ളത് കൊണ്ടും ഞങ്ങള്‍ ആത്മഹത്യ ചെയ്തില്ല എങ്കിലും ആള്‍ക്കൂട്ടത്തിന്റെ തുറിച്ച് നോട്ടവും അപഹസിച്ചു കൊണ്ടുള്ള കമന്റുകളും അന്ന് വല്ലാതെ തളര്‍ത്തിയിരുന്നു.. ഏത് രീതിയിലാണ് ഈ വിഷയത്തെ പ്രശ്‌നവല്‍ക്കരിക്കേണ്ടത് എന്ന ചോദ്യം ഇപ്പോഴും മനസില്‍ സങ്കീര്‍ണ്ണത സൃഷ്ടിക്കുന്നു. അതിക്രമം ഒരുപാട് വ്യാപിക്കുന്നു എന്നായപ്പോള്‍ പോലീസ് സ്റ്റേഷനില്‍ ഒരുപാട് തവണ കയറി ഇറങ്ങി എന്നല്ലാതെ ഒരു ഗുണവും ഉണ്ടായില്ല.

നാദാപുരം പോലീസ് സ്റ്റേഷനില്‍ ഇപ്പോഴും കാണും പൊടിപിടിച്ച് കിടക്കുന്ന പെറ്റീഷന്‍ ഫയലുകള്‍.. പരാതിയുമായി ചെന്ന ഞങ്ങളോട് അന്ന് നാദാപുരം സ്ഥലം എസ് ഐ പറഞ്ഞത് ഇങ്ങനെയാണ് “”നിങ്ങള്‍ പ്രതികളെ കണ്ടു പിടിക്കൂ ഞങ്ങള്‍ അറസ്റ്റ് ചെയ്യാം””, തുടര്‍ന്ന് സമ്മര്‍ദം ചെലുത്തിയപ്പോള്‍ അവര്‍ കണ്ടു പിടിച്ചത് ഇങ്ങനെയാണ് “”രണ്ട് പെണ്‍കുട്ടികള്‍ ആയത് കൊണ്ടും കല്ല്യാണം കഴിപ്പിച്ചയക്കാന്‍ ഗതിയില്ലാത്തത് കൊണ്ടും അച്ഛനാണ് ഇങ്ങനെയുള്ള അപവാദ പ്രചരണങ്ങള്‍ പടച്ചു വിടുന്നതെന്നും അച്ഛന് മാനസിക പ്രശ്‌നമാണ് എന്നുമൊക്കെ “. എങ്ങിനെയാണ് ഒരു പൗരന് ഇങ്ങനെയൊരു നിയമ വ്യവസ്ഥിതിയില്‍ വിശ്വസിക്കാന്‍ കഴിയുക..???


Dont Miss കാസര്‍ഗോഡ് മദ്രസാധ്യാപകന്റെ കൊലപാതകം; അറസ്റ്റിലായ മൂന്ന് പേര്‍ ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ 


ആള്‍ക്കൂട്ടത്തിന്റെ കണ്ണില്‍ ഞാന്‍ ഒരു ആന്റി സോഷ്യല്‍ ആയി വളര്‍ന്നെങ്കില്‍ അത് ഇവിടുത്തെ സാമൂഹ്യ രാഷ്ട്രീയ നിയമ വ്യവസ്ഥിതിയുടെയും അത് വളര്‍ത്തിയെടുത്ത പൊതുബോധത്തിന്റെയും പ്രശ്‌നം മാത്രമാണ്. ഇവിടെ നിലനിന്നുപോവുന്ന നിയമ വ്യവസ്ഥിതിയിലും ഉദ്യോഗസ്ഥ തേര്‍വാഴ്ച്ചയിലും എനിക്ക് വിശ്വാസം ഇല്ല . എന്റെ രാഷ്ട്രീയം തുറന്നു പറയാന്‍ ഞാന്‍ ഭയപ്പെടുന്നില്ല . നിങ്ങള്‍ക്ക് വേണമെങ്കില്‍ എന്നെ കല്ലെറിയാം പക്ഷെ ഞാന്‍ എന്റെ സ്വത്വത്തില്‍ വിശ്വസിക്കുന്നു, ജീവിക്കാനുള്ള സ്വാതന്ത്ര്യത്തെ ഹനിക്കുകയും സൈ്വര്യ വിഹാരത്തെ തടയുകയും ചെയ്യുന്ന ഈ വ്യവസ്ഥിതിയോട് എനിക്ക് പുച്ഛമാണ്…
ജീവനുള്ളിടത്തോളം അടിച്ചമര്‍ത്തപ്പെടുന്നവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുക തന്നെ ചെയ്യും. നിങ്ങള്‍ക്ക് എന്നെ ആന്റി സോഷ്യല്‍ എന്നും രാജ്യദ്രോഹി എന്നും വിളിക്കാം..

എന്റെ ശരിയാണ് എന്റെ രാഷ്ട്രീയം..
എനിക്ക് സദാചാര വക്താക്കളുടെ സംരക്ഷണം വേണ്ട….
നിങ്ങള്‍ക്ക് എന്നെ കൊല്ലാം അതുമല്ലെങ്കില്‍ ബലാത്സംഗം ചെയ്തുകളയും എന്ന് ഭീഷണിപ്പെടുത്താം..
എന്റെ നഗ്‌നതയെ എനിക്ക് ഭയമില്ല, എന്റെ ശരീരം എന്റെ ദൗര്‍ബല്യവുമല്ല ഇതിനുമപ്പുറത്തെ ഭീതി ഞാന്‍ അറിഞ്ഞു കഴിഞ്ഞിരിക്കുന്നു…

We use cookies to give you the best possible experience. Learn more