കോഴിക്കോട്: കേരളത്തില്‍ വീണ്ടും സദാചാര ഗുണ്ടായിസം. കൊല്ലം കാവനാട്ട് വെച്ചാണ് ചൊവ്വാഴ്ച ദമ്പതികളും അവരുടെ സുഹൃത്തുക്കളും സദാചാര പൊലീസിങ്ങിന് ഇരയായത്. കഴിഞ്ഞമാസം മലപ്പുറത്തും ദമ്പതികള്‍ക്കു നേരെ സദാചാര ആക്രമണം ഉണ്ടായിരുന്നു. ഇത് ഏറെ വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് കൊല്ലത്തും സമാന സംഭവം ഉണ്ടായിരിക്കുന്നത്. കൊല്ലത്തെ സംഭവം ശക്തികുളങ്ങര പൊലീസ് ഡൂള്‍ന്യൂസിനോടു സ്ഥിരീകരിച്ചു.
പ്രതികളില്‍ മൂന്നുപേര്‍ അറസ്റ്റിലായിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി. ശക്തികുളങ്ങര സ്വദേശികളായ സുനി, കണ്ണന്‍, കാവനാട് സ്വദേശി വിജയലാല്‍ എ്ന്നിവരാണ് അറസ്റ്റിലായത്. സംഘത്തിലെ രണ്ടു പേരെക്കൂടി കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
കേരളത്തില്‍ ഇത്തരം സദാചാര ഗുണ്ടാ ആക്രമണങ്ങള്‍ നിരന്തരം ഉണ്ടാവുന്നത് വളരെ ഗൗരവകരമായ വിഷയമാണെന്ന് കൊല്ലം എം.പി എന്‍.കെ പ്രേമചന്ദ്രന്‍ ഡൂള്‍ന്യൂസിനോടു പറഞ്ഞു.
നവംബര്‍ 13-നായിരുന്നു മലപ്പുറത്ത് ദമ്പതികള്‍ക്കു നേരെ ആക്രമണമുണ്ടായത്. തിരൂര്‍ സ്വദേശി ജംഷീറിനും ഭാര്യ സഫിയക്കുമാണ് മര്‍ദ്ദനമേറ്റത്. ഇവരുടെ പത്തുമാസമായ കുഞ്ഞിനും പരിക്കേറ്റിരുന്നു.
ഓട്ടോറിക്ഷയില്‍ പോവുകയായിരുന്ന ജംഷീറും ഭാര്യയും കുഞ്ഞിന് പാല്‍ കൊടുക്കുന്നതിനു വേണ്ടി ഓട്ടോ ഒതുക്കി നിര്‍ത്തുകയായിരുന്നു. ആ സമയത്തു സ്ഥലത്തെത്തിയ ഒരുസംഘം ആള്‍ക്കാര്‍ തങ്ങള്‍ വിവാഹിതരല്ലെന്ന് പറഞ്ഞ് മര്‍ദ്ദിക്കുകയായിരുന്നെന്ന് ജംഷീര്‍ അന്നു പറഞ്ഞിരുന്നു
‘ഇത് നിന്റെ ഭാര്യ അല്ല എന്നു പറഞ്ഞുകൊണ്ടാണ് അവര്‍ ഞങ്ങളെ ആക്രമിച്ചത്. ഞങ്ങള്‍ക്കു മൂന്നു പേര്‍ക്കും പരിക്കു പറ്റിയിട്ടുണ്ട്,’ ജംഷീര്‍ പറഞ്ഞു.
പരിസരവാസികള്‍ എത്തിയാണ് ആക്രമണത്തില്‍ നിന്ന് ഇവരെ രക്ഷപ്പെടുത്തി തിരൂര്‍ സര്‍ക്കാര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. മലപ്പുറത്ത് ദമ്പതികള്‍ക്കു നേരെയുണ്ടാകുന്ന നാലാമത്തെ സചാദാര ആക്രമണമായിരുന്നു ഇത്.
ഇതിന് ഒരുമാസത്തിനു ശേഷമാണ് കൊല്ലത്ത് ഇന്‍ഫോ പാര്‍ക്ക് ജീവനക്കാരായ ദമ്പതികള്‍ക്കു നേരെ സദാചാര ആക്രമണമുണ്ടായത്. കേടായ കാര്‍ നന്നാക്കുന്നതിനിടെ ദമ്പതികളെയും രണ്ടംഗ സുഹൃത്തുക്കളെയും അഞ്ചംഗ മദ്യപ സംഘം ആക്രമിച്ചതായുള്ള ദൃശ്യങ്ങളടക്കം പുറത്തുവന്നു. സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റിലായിട്ടുണ്ട്.
എറണാകുളം ഇന്‍ഫോ പാര്‍ക്കിലെ ജീവനക്കാരായ ദമ്പതികളും സുഹൃത്തുക്കളും കാവനാട്ടെ സുഹൃത്തിന്റെ വീട്ടില്‍ നിന്നു സ്വന്തം വീട്ടിലേക്കു പോകവെ ഇന്നലെ രാത്രി പത്തരയോടെയാണു സംഭവമുണ്ടായത്. ശക്തികുളങ്ങരയില്‍ നിന്ന് കാവനാട്ടേക്കു തിരിയുന്ന ബൈപ്പാസിനടുത്തു വെച്ചാണു സംഭവം.
കാര്‍ കേടാവുകയും വഴിയില്‍ നിര്‍ത്തേണ്ടി വരികയുമായിരുന്നു. ദമ്പതികളുടെ രണ്ട് സുഹൃത്തുക്കളും കാറിനുള്ളില്‍ ഉണ്ടായിരുന്നു. കാര്‍ നിര്‍ത്തിയിട്ടിരിക്കുന്നതു കണ്ട്, അവിടെ അടുത്തായി മദ്യപിച്ചുകൊണ്ടിരുന്ന അഞ്ചംഗ സംഘമെത്തി അവരെ ചോദ്യം ചെയ്യുകയായിരുന്നു.
തുടര്‍ന്നാണ് കാറില്‍ ഒരു സ്ത്രീയുള്ളതായി കണ്ടത്. ഈ സംഭവം യുവതി ഫോണില്‍ പകര്‍ത്തുന്നതുകണ്ടാണ് അവര്‍ യുവതിയെയും ആക്രമിച്ചത്.
ഈ സ്ഥലത്ത് അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ കൂടുതലായി നടക്കുന്നുണ്ടെന്നും അതുകൊണ്ടാണു ചോദ്യം ചെയ്തതെന്നുമാണ് ഇവര്‍ നല്‍കുന്ന വിശദീകരണം.
കാറിലുണ്ടായിരുന്ന അരയ്ക്കു താഴേക്കു തളര്‍ന്ന ഇവരുടെ സുഹൃത്തും മര്‍ദ്ദനത്തിനിരയായി. ദമ്പതികള്‍ കുണ്ടറ മുളവന സ്വദേശികളാണ്. സുനി, കണ്ണന്‍, വിജയലാല്‍ എന്നിവരാണ് അറസ്റ്റിലായത്.
സംഭവത്തെക്കുറിച്ച് ദമ്പതികള്‍ ഏഷ്യാനെറ്റ് ന്യൂസിനോടു പറഞ്ഞതിങ്ങനെ-
‘കാര്‍ കേടായി നിന്നുപോവുകയായിരുന്നു. അപ്പോഴാണ് അവര്‍ അടുത്തേക്കു വന്ന് എന്താണു പ്രശ്‌നം, കാര്‍ കേടാണെങ്കിലും ഇപ്പോള്‍ ഇവിടെനിന്ന് സ്റ്റാര്‍ട്ട് ചെയ്ത് എടുത്തുകൊണ്ടുപോയേ പറ്റൂ എന്നൊക്കെ പറഞ്ഞത്. ഭാര്യയും ഭര്‍ത്താവും ആണെന്ന് എന്താണിത്ര ഉറപ്പ്, ഇവിടെയിങ്ങനെ അനാശാസ്യ പ്രവര്‍ത്തനങ്ങളൊക്കെ ഒരുപാട് നടക്കുന്നതാണ് എന്ന് അവര്‍ പറഞ്ഞു.
ഞാന്‍ സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍, അവര്‍ കാറിനടുത്തോട്ടു പോയി അതിനുള്ളില്‍ തലയിട്ട് എത്തിനോക്കി. അപ്പോള്‍ എന്റെ ഭാര്യ വീഡിയോ എടുത്തുകൊണ്ടു പുറത്തേക്കിറങ്ങി. അപ്പോള്‍ വീഡിയോ എടുത്തത് എന്തിനാണെന്നു ചോദിച്ച് തട്ടിക്കയറി. അതിനിടയ്ക്ക് ഇവളുടെ ഫോട്ടോ അവരെടുക്കാന്‍ നോക്കി. അതിനെ ഞാന്‍ തടഞ്ഞു.
അപ്പോള്‍ എന്നെയും ഡ്രൈവിങ് സീറ്റിലിരുന്ന എന്റെ സുഹൃത്തിനെയും ഉപദ്രവിച്ചു. പിന്നെ കാറിന്റെ മുന്നിലിരുന്ന പാരലൈസ്ഡായ ആളോട് പുറത്തേക്കിറങ്ങാന്‍ പറഞ്ഞ് തല്ലി. ഇവളുടെ വലത്തേ നെഞ്ചില്‍ പിടിച്ച് തള്ളി.’- അവര്‍ പറഞ്ഞു.
കേരളത്തില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നതു നിര്‍ഭാഗ്യകരമാണെന്നും പ്രതിഷേധാര്‍ഹമാണെന്നും എന്‍.കെ പ്രേമചന്ദ്രന്‍ പറഞ്ഞു. ചിലയാളുകള്‍ നിയമം കൈയിലെടുത്തുകൊണ്ട് സദാചാര പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം കൊടുക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
‘കേരളത്തില്‍ പൊതുവേ പരിശോധിച്ചു നോക്കിയാല്‍, ഇത്തരം സദാചാര ഗുണ്ടാ ആക്രമണങ്ങള്‍ നിരന്തരം ഉണ്ടാവുന്നത് വളരെ ഗൗരവത്തോടെ കാണേണ്ടുന്ന പ്രധാനപ്പെട്ട വിഷയമാണ്. കാരണം നിയമം കൈയിലെടുക്കാന്‍ ചിലരിങ്ങനെ തയ്യാറായി മുന്നോട്ടേക്കു വരുന്നു.
അവരെല്ലാം സദാചാര വക്താക്കളായി മാറുകയും സദാചാര വിരുദ്ധരെന്ന് അവര്‍ വിശ്വസിക്കുന്ന ആളുകള്‍ ഒരു തരത്തിലുള്ള അന്വേഷണമോ വിലയിരുത്തലോ കൂടാതെ ആക്രമിക്കുന്നത് ഒരിക്കലും പ്രോത്സാഹിപ്പിക്കാന്‍ പാടില്ലാത്തതാണ്.
അത്തരം കാര്യങ്ങള്‍ മുളയിലേ തന്നെ നുള്ളിക്കളയേണ്ടതാണ്. കേരളത്തില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത് നിര്‍ഭാഗ്യകരമാണ്, പ്രതിഷേധാര്‍ഹമാണ്,’ അദ്ദേഹം ഡൂള്‍ന്യൂസിനോടു പറഞ്ഞു.
ഇത്തരം കേസുകളില്‍ കൃത്യമായ നിയമ നടപടി ഉണ്ടാകണമെന്ന് കൊല്ലം ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണ ഡൂള്‍ന്യൂസിനോടു പ്രതികരിച്ചു. കേരളം പോലെ ഉന്നത സാംസ്‌കാരിക മൂല്യങ്ങള്‍ വെച്ചു പുലര്‍ത്തുന്ന ഒരു സമൂഹത്തില്‍ നിരന്തരമായി സദാചാര ഗുണ്ടാ ആക്രമണങ്ങളും അതുപോലെ ആള്‍ക്കൂട്ട ആക്രമണങ്ങളും വര്‍ധിച്ചുവരുന്നത് അങ്ങേയറ്റം ആശങ്കാജനകമാണെന്നും അവര്‍ പറഞ്ഞു.
‘നിരവധിയായ സംഭവങ്ങള്‍ ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും, കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുകയും ചെയ്യുന്നുണ്ടെങ്കിലും ഇന്നും അത്തരം കുറ്റകൃത്യങ്ങള്‍ നടത്താന്‍ മടിയില്ലാത്തവരായി കേരളാ സമൂഹത്തിലെ ചെറിയൊരു വിഭാഗം മാറുമ്പോള്‍, നമ്മുടെ നാടിന്റെ അരക്ഷിതാവസ്ഥയാണ് അതു വെളിവാക്കുന്നത്.
അത്തരത്തിലുള്ള കേസുകളില്‍ കൃത്യമായ നിയമ നടപടിയുണ്ടാകണം. സദാചാര കാര്യങ്ങള്‍ നടത്താനുള്ള ഉത്തരവാദിത്വം ആരെയും ഏല്‍പ്പിച്ചിട്ടില്ല. അതിനുള്ള സാമൂഹികമായും നിയമപരമായും ഉള്ള കാര്യങ്ങള്‍ നമ്മുടെ സംസ്ഥാനത്തും രാജ്യത്തും ഉണ്ട്.
ഇനി അങ്ങനെ ആര്‍ക്കെങ്കിലും സംശയമോ ആശങ്കയോ ഉണ്ടെങ്കില്‍ അവര്‍ക്കത് പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യാം. അല്ലാതെ സ്ത്രീകള്‍ അടക്കമുള്ള ആളുകളെ ആക്രമിക്കുകയോ അശ്ലീലച്ചുവയുള്ള പരാമര്‍ശങ്ങള്‍ നടത്തുകയോ ചെയ്യുന്നത് അംഗീകരിക്കാന്‍ കഴിയില്ല.
ഈ രാജ്യത്തു പൗരന്മാര്‍ക്ക് ഭരണഘടന അംഗീകരിച്ചുനല്‍കുന്ന വ്യക്തി സ്വാതന്ത്ര്യവും സ്വതന്ത്രമായി ജീവിക്കാനുള്ള അവകാശവും ഹനിക്കുന്ന രീതിയിലുള്ളതാണ് ഈ ആക്രമണങ്ങള്‍ വന്നു ഭവിക്കുന്നത്. ഈ ആക്രമണങ്ങളില്‍ കൃത്യമായ നിയമനടപടി ഉണ്ടായേ മതിയാവൂ.
ഒരാളുടെ വ്യക്തിസ്വാതന്ത്ര്യത്തില്‍ കടന്നുകയറാനോ ആക്രമിക്കാനോ ഒരു കാരണവശാലും ആരെയും അനുവദിക്കുന്നത് നമ്മുടെ നാടിനു ഭൂഷണമല്ല. ഇത്തരം കേസുകള്‍ ഇനി ഉണ്ടാകാതിരിക്കാന്‍ വേണ്ട നിയമനടപടികളാണ് ഉണ്ടാവേണ്ടത്.’- ബിന്ദു കൃഷ്ണ ഡൂള്‍ന്യൂസിനോടു പറഞ്ഞു.