' ഇത് ഹിന്ദു ചെക്കനും മുസ്‌ലിം പെണ്ണുമാണ്, ഇവരെ ശ്രദ്ധിക്കുക'; സുഹൃത്തുക്കള്‍ക്കെതിരെ സദാചാര ഗുണ്ടായിസത്തിന് ആഹ്വാനം ചെയ്ത പോസ്റ്റിട്ടയാളെ മര്യാദ പഠിപ്പിച്ച് സോഷ്യല്‍ മീഡിയ
Kerala
' ഇത് ഹിന്ദു ചെക്കനും മുസ്‌ലിം പെണ്ണുമാണ്, ഇവരെ ശ്രദ്ധിക്കുക'; സുഹൃത്തുക്കള്‍ക്കെതിരെ സദാചാര ഗുണ്ടായിസത്തിന് ആഹ്വാനം ചെയ്ത പോസ്റ്റിട്ടയാളെ മര്യാദ പഠിപ്പിച്ച് സോഷ്യല്‍ മീഡിയ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 4th August 2017, 5:38 pm

 

കോഴിക്കോട്: മലപ്പുറത്ത് നിന്നും കോഴിക്കോട് കോടഞ്ചെരി തുഷാരഗിരി കാണാനെത്തിയ സുഹൃത്തുക്കള്‍ക്ക് നേരെ സദാചാരവാദികളുടെ ഗുണ്ടായിസം. ആക്ടീവയിലെത്തിയ യുവതി-യുവാക്കളുടെ വീഡിയോ പകര്‍ത്തി സഈദ് എം.ടി കുഞ്ഞുട്ടി എളാംങ്കാവ് എന്നയാള്‍ തന്റെ ഫേസ്ബൂക്കില്‍ പോസ്റ്റ് ചെയ്യുകയും ഇവരെ തിരിച്ചറിയുന്നവര്‍ ശ്രദ്ധിക്കണം എന്ന് ആഹ്വാനം ചെയ്യുകയുമായിരുന്നു.

തന്റെ പോസ്റ്റിനു പിന്നാലെ യുവാക്കള്‍ക്കു നേരെ സോഷ്യല്‍ മീഡിയ തിരിയുമെന്നും അവരെ ആക്രമിക്കുമെന്നും കരുതിയ കുഞ്ഞൂട്ടിയ്ക്ക് പക്ഷെ പിഴയ്ക്കുകയായിരുന്നു. യുവാക്കള്‍ക്കൊപ്പമായിരുന്നു സോഷ്യല്‍ മീഡിയ. സദാചാര ഗുണ്ടായിസത്തിനെതിരെ നിരവധി പേരാണ് രംഗത്തെത്തിയത്. വീഡിയോ പോസ്റ്റ് ചെയ്ത കുഞ്ഞൂട്ടിയെ മര്യാദ പഠിപ്പിക്കുകയായിരുന്നു സോഷ്യല്‍ മീഡിയ.

കഴിഞ്ഞ ദിവസം തുഷാരഗിരിയിലെത്തിയ ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും നേരെയാണ് സദാചാര ഗുണ്ടകളുടെ അക്രമം. സ്‌കൂട്ടറിലെത്തിയ സുഹൃത്തുക്കളെ ഹിന്ദു ആണ്‍കുട്ടിയും മുസ്‌ലിം പെണ്‍കുട്ടിയുമാണെന്ന കാരണം പറഞ്ഞാണ് ഒരു സംഘം ആളുകള്‍ തടഞ്ഞു വച്ചത്. പെണ്‍കുട്ടിയോട് അപമര്യാദയായി സംസാരിച്ച ഇവര്‍ വീഡിയോയും ചിത്രങ്ങളും പകര്‍ത്തുകയും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.


Also Read:  ‘ശോഭ ചേച്ചി സുരേട്ടന്‍ എന്ത് ബിസിനസ്സാണ് ചെയ്യുന്നത്’; നാട്ടുകാരായ ഞങ്ങള്‍ അറിഞ്ഞില്ലെലോ ;ശോഭാ സുരേന്ദ്രന്റെ പ്രസ്താവനയെ പൊളിച്ചടുക്കി ശോഭയുടെ നാട്ടുകാരന്റെ ഫേസ്ബുക്ക് പോസ്റ്റ് 


3-8-17 ന് ഈ ആക്ടീവ വണ്ടിയില്‍ ഒരു ഹിന്ദു ചെക്കന്‍ മുസ്‌ലിം പെണ്‍കുട്ടിയെയും കൊണ്ട് കോഴിക്കോട് കോടഞ്ചേരി തുഷാരഗിരിയില്‍ വന്നതായി കണ്ടു ആരേലും അറിയുന്നവര്‍ ഉണ്ടങ്കില്‍ ഒന്ന് ശ്രദ്ധിച്ചേക്ക്.. മലപ്പുറത് ആണ് രണ്ടു പേരുടെയും വീട്. എന്നു പറഞ്ഞാണ് സഈദ് എം.ടി കുഞ്ഞുട്ടി എളാംങ്കാവ് എന്നയാള്‍ പോസ്റ്റ് ചെയ്തത്. സംഭവം വിവാദമായതോടെ തന്റെ പോസ്റ്റ് പിന്‍വലിച്ച് ഇയാള്‍ തലയൂരുകയായിരുന്നു.

എന്നാല്‍ പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് ഇപ്പോഴും പ്രചരിക്കുന്നുണ്ട്. സംസ്ഥാനത്ത് പലയിടത്തു നിന്നും സദാചാര പൊലീസിംഗിനെ കുറിച്ചുള്ള വാര്‍ത്തകള്‍ വന്നു കൊണ്ടിരിക്കുന്ന സഹാചാര്യത്തിലാണ് ഈ സംഭവം. സഈദിനെ അനുകൂലിക്കുന്ന പോസ്റ്റുകളും ഉണ്ട്.