| Saturday, 26th July 2014, 6:13 pm

സ്ത്രീ 'മൈ....' ത്രി പോലീസിന്റെ സദാചാര പോലീസിങ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

“ജനമൈത്രി”യെന്ന ഓമനപ്പേരിട്ട് പോലീസ് സേനയുടെ പേരില്‍ മാത്രം മാറ്റം വരുത്തിയിട്ട് കാര്യമില്ല. സ്ത്രീകളോടുള്ള കാഴ്ചപ്പാട് മാറാതെ ഒരിക്കലും ഒരു ജനമൈത്രി പോലീസിനും സദാചാര സമീപനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാനാവില്ല. പൊതുബോധം മുക്കാലും സ്ത്രീ വിരുദ്ധമെന്നിരിക്കെ, അതിന്റെ തന്നെ പരിഛേദമായ പോലീസില്‍ നിന്നും മാത്രം സ്ത്രീ സൗഹൃദ ഇടപെടലുകള്‍ എങ്ങനെയാണ് പ്രതീക്ഷിക്കാനാവുക? ദിവ്യ.ഡി.വി എഴുതുന്നു…



സദാചാര പോലീസിങ് എന്ന വാക്ക് പോലീസുകാരുടെ അഭിമാനത്തെയും അന്തസിനെയും ചോദ്യം ചെയ്യുമെന്നും ആ വാക്ക് ഡിക്ഷണറീന്നു  തന്നെ എടുത്തു കളയണമെന്നും വാദിച്ചവരാണ് ഇവിടത്തെ പോലീസ് സേന.  എന്നാല്‍  “സദാചാരം പഠിപ്പിക്കുക ” എന്ന ചുമതല കൂടി സ്വയം എറ്റെടുത്തിരിക്കുന്നവരില്‍ പോലീസുകാരുടെ എണ്ണം കൂടുന്നുവെന്നല്ലാതെ കുറയുന്നില്ല എന്ന് വീണ്ടും നമ്മെ ഓര്‍മ്മിപ്പിക്കുകയാണ് അടുത്തിടെ തുടര്‍ച്ചയായി നടക്കുന്ന സദാചാര ക്രൂരവിനോദങ്ങള്‍.

ശരിയാണ്. ക്രൂരവിനോദങ്ങള്‍ എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. കൊച്ചിയിലെ പാര്‍ക്കുകളിലും ആലപ്പുഴയിലെയും കണ്ണൂരിലെയും ബീച്ചുകളിലും സാംസ്‌കാരിക തലസ്ഥാനമായ തൃശൂരും നടന്നതിനു തുടര്‍ച്ചയായി പോലീസ് തന്നെ പ്രതിസ്ഥാനത്ത് വന്നിരിക്കുകയാണ് നാടക പ്രവര്‍ത്തകയായ ഹിമ ശങ്കര്‍ ശീമാട്ടിക്കും കൂട്ടുകാരനും കൊല്ലത്തുവെച്ച് പോലീസില്‍ നിന്നുണ്ടായ സദാചാര ആക്രമണത്തില്‍. ഇതൊന്നും അങ്ങനെയങ്ങ് കണ്ണടയ്ക്കാനാവുമോ?

വ്യക്തികളുടെ സഞ്ചാരങ്ങളിലും ഇടങ്ങളിലും സ്വകാര്യതയിലും എത്തി നോക്കി നല്ലനടപ്പ് വിധിക്കാനും നിയമ പുസ്തകങ്ങളിലൊന്നുമില്ലാത്ത കാരണങ്ങളാല്‍ കുറ്റം അടിച്ചേല്‍പ്പിക്കാനും ഉള്ള വ്യഗ്രത പോലീസുകാരില്‍ ഏറി വരുന്നതിനു കാരണം പ്രധാനമായും അവരിലെ അധികാരത്തിന്റെ സ്വാധീനം തന്നെയാണ്.

ആ അധികാരത്തിനിടയില്‍ വ്യവസ്ഥാപിത സദാചാര ബോധവും ഒപ്പം തങ്ങളുടെ സങ്കുചിത പുരുഷാധിപത്യമൂല്യ ബോധവും കൂടി ചേര്‍ത്തുവെച്ച് കൊഴുപ്പിച്ച് പൊതുബോധത്തെ വിശിഷ്യാ ചെറുപ്പക്കാരെ ഊദ്ധരിക്കുക കൂടി ആവാമെന്ന ഭാവം തന്നെയാണ് പോലീസിന്റെ ഈ ചെയ്തികള്‍ക്കു പിന്നില്‍.

സ്ത്രീവിരുദ്ധ മൂല്യങ്ങളും മാമൂലുകളും ആരുടെ മുന്‍കയ്യില്‍ വന്നാലും അതിനെ എതിര്‍ക്കാനും തള്ളിക്കളയാനുമുള്ള ആര്‍ജവത്തില്‍ നിന്ന് മാത്രമേ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമണങ്ങള്‍ക്കറുതി വരുത്താനാവൂ. എന്നാല്‍ മാത്രമേ ജനാധിപത്യസമൂഹത്തിനുള്ള വഴിയൊരുക്കലാവൂ.

സ്ത്രീയുടെ വസ്ത്രവും ചലനവും എന്നുവേണ്ട സ്ത്രീയെ തന്നെ ലൈംഗികതയുടെ കണ്ണില്‍ മാത്രം നോക്കി കാണുന്ന വൃത്തികെട്ട ആണ്‍കൊയ്മാ ബോധം പേറുന്നവര്‍ക്ക് സ്ത്രീയുടെ സഞ്ചാരങ്ങള്‍ അത്ര സുഖിക്കില്ലെന്നു മാത്രമല്ല, ലക്ഷ്മണ രേഖ വരച്ചു തളച്ചിടാനുള്ള “സ്വബോധം” ഉണരുകയും ചെയ്യും. സ്ത്രീയുടെ അടുത്തിരിക്കുന്നതും അവളോട് സംസാരിക്കുന്നതും സംവദിക്കുന്നതും ലൈംഗികതയുടെ അളവുകോലില്‍ മാത്രം ദര്‍ശിക്കാനേ ഈ ആണ്‍കൊയ്മാ ബോധത്തിനാവൂ..

എന്നാല്‍ മാത്രമേ പൊതുഇടങ്ങളില്‍ നിന്ന്  അടുക്കളയുടെ നാല് ചുമരുകള്‍ക്കുള്ളിലാക്കിയും, അടിമയാക്കി സ്വകാര്യ വസ്തുവാക്കിയും കൊണ്ട് നടക്കാനാവൂ. തന്റേടിയാണ് സ്ത്രീയെങ്കില്‍, ഒറ്റയ്ക്കു നടക്കുന്നവളാണെങ്കില്‍, ഒന്നില്‍ കൂടുതല്‍ ആണുങ്ങളുമായി നടക്കുന്നവളാണെങ്കില്‍, “അസ്സമയത്ത്” നടക്കുന്നവളാണെങ്കില്‍, അവള്‍ “പോക്ക് കേസ്” എന്ന പദവി ഈ സദാചാര സംരക്ഷകരില്‍ നിന്നും ഫ്രീ ആയി ലഭിക്കുന്നതാണ്…

കൊച്ചിയില്‍ എട്ടു മണി കഴിഞ്ഞാല്‍ റോഡില്‍  ആണും പെണ്ണുമില്ലയെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം വായിച്ചിരുന്നു (വിജനമായിപ്പോകുന്ന രാത്രികളെക്കുറിച്ചായിരുന്നു  ആ വാര്‍ത്ത). രാത്രിയെന്നു മാത്രമല്ല പകലും ആണിന്റെയും പെണ്ണിന്റെയും ഒരുമിച്ചുള്ള യാത്രകളില്‍, പെണ്ണിന്റെ തനിച്ചുള്ള യാത്രകളില്‍ ഒക്കെ വല്യേട്ടന്‍ മനോഭാവത്തോടെ, ശാസനകളില്‍ തുടങ്ങുകയും ശാരീരിക മാനസിക ആക്രമണങ്ങളിലേക്ക് അത് വളരുകയും ചെയ്യുന്നുണ്ട് സദാചാര പോലീസുകാരുടെ പ്രവര്‍ത്തന”പരിധി”. ഷഹീദ് ബാവയെ പലരും മറന്നു പോയേക്കാം.

പൂര്‍ണമായും സ്ത്രീയുമായി മാത്രം ബന്ധിപ്പിച്ചു നില്‍ക്കുന്ന ഇത്തരം സദാചാര നിയമങ്ങള്‍ നടപ്പിലാക്കാന്‍ പോലീസിനെന്നല്ല ആര്‍ക്കും അധികാരമില്ല. അവരവരുടെ ആണ്‍കൊയ്മയെ തൃപ്തിപ്പെടുത്താന്‍  കൂടി ഉപയോഗിക്കുന്നതാണ് സദാചാര അതിക്രമത്തോട് ബന്ധപ്പെട്ടു നില്‍ക്കുന്ന ചെയ്തികള്‍. മറ്റുള്ളവരുടെ സ്വകാര്യതയില്‍ നുഴഞ്ഞു കയറി, സ്വാതന്ത്ര്യത്തെയും അഭിമാനത്തെയും ഹനിക്കുന്നത് എന്ത് കാര്യത്തിന്റെ പേരിലാണെങ്കിലും അത് ആക്രമണം മാത്രമാണ്.

അടുത്ത പേജില്‍ തുടരുന്നു


സ്ത്രീയുടെ അടുത്തിരിക്കുന്നതും അവളോട് സംസാരിക്കുന്നതും സംവദിക്കുന്നതും ലൈംഗികതയുടെ അളവുകോലില്‍ മാത്രം ദര്‍ശിക്കാനേ ഈ ആണ്‍കൊയ്മാ ബോധത്തിനാവൂ. എന്നാല്‍ മാത്രമേ പൊതുഇടങ്ങളില്‍ നിന്ന് അടുക്കളയുടെ നാല് ചുമരുകള്‍ക്കുള്ളിലാക്കിയും, അടിമയാക്കി സ്വകാര്യ വസ്തുവാക്കിയും കൊണ്ട് നടക്കാനാവൂ.


“ജനമൈത്രി”യെന്ന ഓമനപ്പേരിട്ട് പോലീസ് സേനയുടെ പേരില്‍ മാത്രം മാറ്റം വരുത്തിയിട്ട് കാര്യമില്ല. സ്ത്രീകളോടുള്ള കാഴ്ചപ്പാട് മാറാതെ ഒരിക്കലും ഒരു ജനമൈത്രി പോലീസിനും സദാചാര സമീപനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാനാവില്ല. പൊതുബോധം മുക്കാലും സ്ത്രീ വിരുദ്ധമെന്നിരിക്കെ, അതിന്റെ തന്നെ പരിഛേദമായ പോലീസില്‍ നിന്നും മാത്രം സ്ത്രീ സൗഹൃദ ഇടപെടലുകള്‍ എങ്ങനെയാണ് പ്രതീക്ഷിക്കാനാവുക? (വിനയയുടെ പോരാട്ടങ്ങള്‍ നമുക്കും അറിയാവുന്നതാണല്ലോ).

എന്നാല്‍ സാധാരണ  ആളുകള്‍ നടത്തുന്ന സദാചാര ഇടപെടലുകളെക്കാള്‍ കുറ്റമേറിയതും ക്രൂരവുമാണ് പോലീസിന്റെ ഭാഗത്തു നിന്നുതന്നെ ഉണ്ടാവുന്ന ഇത്തരം പ്രവര്‍ത്തികള്‍. കാരണം അവര്‍ക്ക് ഭരണകൂടാധികാരത്തിന്റെ പിന്‍ബലവും ഹിംസയുമുണ്ട്.

സ്ത്രീകള്‍ക്ക് നേരെയുള്ള വിവേചനം നിറഞ്ഞ ആക്രമണങ്ങള്‍ സദാചാര ആക്രമികളില്‍ നിന്നും വരുന്ന പശ്ചാത്തലത്തില്‍ കര്‍ശനമായ നടപടികളാണ് “പബ്ലിക് സെര്‍വന്റ്” എന്ന പരിധിയില്‍ നിന്നുകൊണ്ട് നിയമപാലകര്‍ നടത്തുന്ന ഇത്തരം സദാചാര ആക്രമങ്ങള്‍ക്ക് ലഭിക്കേണ്ടത്.  കാരണം വേലി തന്നെ വിളവു തിന്നുന്ന അവസ്ഥയാണിത്.) ആര്‍ക്കൊപ്പവുമുള്ള സ്ത്രീയുടെ സഞ്ചാര സ്വാതന്ത്ര്യമാണ് സംരക്ഷിക്കപ്പെടേണ്ടത്, അല്ലാതെ അവളുടെ സഞ്ചാര സ്വാതന്ത്ര്യത്തെ സദാചാരത്തിന്റെ വിധി വിലക്കുകള്‍ക്കുള്ളില്‍ തളച്ചിടുകയല്ല.

പൊതുഇടങ്ങളൊക്കെയും തന്റേതുകൂടെയാക്കി ആണിന്റെ തോളോടു തോള്‍ ചേര്‍ന്ന് രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ സ്ത്രീകള്‍ തങ്ങളുടെ വിജയ ഗാഥകള്‍ പാടുമ്പോള്‍, നമ്മുടെ സമൂഹത്തില്‍ ഇപ്പോഴും പറ്റിപ്പിടിച്ചിരിക്കുന്ന “ആണ്‍കോയ്മാ ഇത്തിളുകളെ” ചുരണ്ടിയെറിഞ്ഞില്ലെങ്കില്‍ അത് കാര്‍ന്നു തിന്നുക സമൂഹത്തിന്റെ പകുതിയിലധികം വരുന്ന മനുഷ്യജീവികളുടെ, സ്തീകളുടെ അവകാശങ്ങളെയായിരിക്കും.

[]  ആണധികാര സുഖങ്ങളില്‍ നിന്നുമുള്ള വീഴ്ച്ച അത്രവേഗം പുരുഷധികാരബോധം അംഗീകരിച്ചു തരില്ലല്ലോ. ബോധ പൂര്‍വ്വമായ ആണ്‍-പെണ്‍ ഇടപെടലുകള്‍ക്ക് മാത്രമേ സ്ത്രീകളെ തുല്യവ്യക്തിത്വങ്ങളായി, സഹജീവികളായി കാണാന്‍ കഴിയുന്ന വ്യവസ്ഥയ്ക്ക് സംജാതമാക്കാന്‍ കഴിയൂ.

ആണും പെണ്ണും തമ്മിലെന്ത് എന്ന ചോദ്യത്തെ നമുക്ക് അവഗണിച്ചേ മതിയാവൂ. ലോകവും ഇവിടത്തെ എല്ലാമെല്ലാം എല്ലാവരുടെയുമാണ്. ആണിനോ പെണ്ണിനോ മാത്രമായി ഒന്നുമില്ല. ഒരുമിച്ചും കൂട്ടായും സമൂഹത്തില്‍ ഇടപെടുമ്പോഴേ വിവേചനത്തിന്റെയും ചൂഷണത്തിന്റെയും തലത്തില്‍ നിന്നും ലിംഗസമത്വമുള്ള വ്യവസ്ഥയിലേക്കു വഴി തുറക്കൂ.

ഇതിനിടയില്‍ സദാചാരം പഠിപ്പിക്കാന്‍ വരുന്നവര്‍ക്കെതിരെ പുരോഗമന കൂട്ടായ്മകള്‍ ഒന്നിച്ചു നില്ക്കട്ടെ. ആണും പെണ്ണും തമ്മിലോ, അല്ലെങ്കില്‍ പെണ്ണിന് സ്വന്തം ഇഷ്ട പ്രകാരമോ ജീവിക്കാനുള്ള, അനുഭവങ്ങള്‍ ആര്‍ജിക്കാനുള്ള, സാമൂഹിക വ്യക്തിത്വങ്ങള്‍ ആകാനുള്ള എല്ലാ അവകാശങ്ങളും, സ്വയം തീരുമാനങ്ങളെടുക്കാനുള്ള സ്ത്രീകളുടെ അവകാശങ്ങളിലാണെന്നിരിക്കെ, എല്ലാ തരം ജനാധിപത്യമര്യാദകളെയും ലംഘിച്ചുകൊണ്ടുള്ള, തികച്ചും മനുഷ്യത്വ വിരുദ്ധമായ സദാചാര “പോലീസുകാരെ”  ചെറുക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യേണ്ടത് എല്ലാവരുടെയും ഉത്തരവാദിതമായി മാറേണ്ടിയിരിക്കുന്നു.

സ്ത്രീവിരുദ്ധ മൂല്യങ്ങളും മാമൂലുകളും ആരുടെ മുന്‍കയ്യില്‍ വന്നാലും അതിനെ എതിര്‍ക്കാനും തള്ളിക്കളയാനുമുള്ള ആര്‍ജവത്തില്‍ നിന്ന് മാത്രമേ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമണങ്ങള്‍ക്കറുതി വരുത്താനാവൂ. എന്നാല്‍ മാത്രമേ ജനാധിപത്യസമൂഹത്തിനുള്ള വഴിയൊരുക്കലാവൂ.

We use cookies to give you the best possible experience. Learn more