ബസ് സ്റ്റോപ്പില്‍ ഒരുമിച്ചിരുന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരെ സദാചാര ആക്രമണം
പാലക്കാട്: ബസ് സ്റ്റോപ്പില്‍ ഒരുമിച്ചിരുന്നതിന് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ സദാചാര ആക്രമണം. മണ്ണാര്‍ക്കാട് കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് മര്‍ദനമേറ്റത്.
സ്‌കൂളിന് സമീപത്തെ ബസ് സ്റ്റോപ്പില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരുന്നു എന്ന് ആരോപിച്ചാണ് സദാചാരവാദികളുടെ മര്‍ദനം ഉണ്ടായത്. മുഖത്തിനും കൈക്കും പരിക്കേറ്റ വിദ്യാര്‍ത്ഥികള്‍ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.
സ്‌കൂള്‍ വിട്ടതിന് ശേഷം സ്‌കൂളിന് സമീപത്തുള്ള പനയംപാടത്തെ സ്റ്റോപ്പില്‍ ബസ് കാത്തിരിക്കുമ്പോഴായിരുന്നു സംഭവം. ഈ സമയത്ത് ബസ് സ്റ്റോപ്പില്‍ അഞ്ച് ആണ്‍കുട്ടികളും അഞ്ച് പെണ്‍കുട്ടികളുമാണ് ഉണ്ടായിരുന്നത്.
അവിടേക്കെത്തിയ ഒരു നാട്ടുകാരന്‍ തങ്ങള്‍ ഒരുമിച്ചിരിക്കുന്നത് ചോദ്യം ചെയ്തെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. വിദ്യാര്‍ത്ഥിനികളെ അസഭ്യം പറയുകയും മര്‍ദ്ദിക്കാനൊരുങ്ങുകയും ചെയ്തെന്നും പരാതിയില്‍ പറയുന്നു. ഇത് ചോദ്യം ചെയ്തപ്പോള്‍ നാട്ടുകാര്‍ കൂട്ടം ചേര്‍ന്ന് തങ്ങളെ മര്‍ദിച്ചെന്നാണ് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്.
എന്നാല്‍ ഏറെ വൈകിയും വിദ്യാര്‍ത്ഥികള്‍ ബസ് സ്റ്റോപ്പില്‍ ഇരിക്കാറുണ്ടെന്നും ഇത് ചോദ്യം ചെയ്യുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്നും പ്രദേശവാസികള്‍ പറയുന്നു. വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ കല്ലടിക്കോട് പൊലീസ് കേസെടുത്തു.
കഴിഞ്ഞ ദിവസം തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജിന് (സി.ഇ.ടി ) സമീപം ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിക്കുന്നുവെന്ന് ആരോപിച്ച് നാട്ടുകാര്‍ ബസ് സ്റ്റോപ്പലെ ബെഞ്ച് വെട്ടിപ്പൊളിച്ച് ഒരാള്‍ക്ക് മാത്രം ഇരിക്കാന്‍ പറ്റുന്ന രീതിയിലാക്കിയിരുന്നു.
ഇതിന് മറുപടിയായി സദാചാരവാദികളായ നാട്ടുകാര്‍ തകര്‍ത്ത ബെഞ്ചില്‍ പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളുടെ മടിയില്‍ ഇരിക്കുന്ന ചിത്രവും വിദ്യാര്‍ത്ഥികള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.
Content Highlights: Moral Policing against students at Palakkad