കോഴിക്കോട്: കാപ്പാട് വിനോദ സഞ്ചാര കേന്ദ്രത്തില്‍ ദമ്പതികള്‍ക്ക് നേരെ സദാചാര ഗുണ്ടകളുടെ ആക്രമം. പ്രദേശ വാസിയും സാമൂഹ്യപ്രവര്‍ത്തകയും അധ്യാപികയുമായ മജ്‌നി തിരുവങ്ങൂരിനും ഭര്‍ത്താവിനും സുഹൃത്തിനും നേരെയാണ് കപട സദാചാരവാദികളുടെ അതിക്രമം.
ഇന്നലെ വൈകിട്ട് ഏഴുമണിയോടെ താനും ഭര്‍ത്താവ് ലനീഷ് കൃഷ്ണനും സുഹൃത്ത് ഷാഫിയും കാപ്പാട് കടപ്പുറത്ത് റിനൈസന്‍സ് റിസോര്‍ട്ടിന് സമീപം റോഡരികില്‍ സംസാരിച്ചിരുന്ന സമയത്ത് രണ്ടു അപരിചിതരായ മധ്യവയസ്‌കര്‍ വന്ന് വളരെ മോശമായി സംസാരിച്ചു… അവര്‍ പോലീസാണന്ന് പറഞ്ഞാണ് വന്നതെന്നും മജ്‌നി ഡൂള്‍ ന്യൂസിനോട് പറഞ്ഞു.
“ഞാന്‍ ഐ ഡി ചോദിച്ചതോടെ ചീത്ത വിളിയായി. ഞങ്ങള്‍ ഭാര്യയും ഭര്‍ത്താവുമാണെന്ന് പറഞ്ഞിട്ട് അവര്‍ക്ക് സമ്മതിക്കാന്‍ പറ്റില്ല പോലും.. അതിനിടയിലൊരുത്തന്‍ ഷാഫിയെ ചോദ്യം ചെയ്യുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു.. ഞങ്ങള്‍ മൂന്നു പേരും നല്ല സ്‌ട്രോങ്ങായി നിന്നതോടെ അതിലൊരാള്‍ സോറി പറയാന്‍ തുടങ്ങി.” മജ്‌നി പറയുന്നു.
ബഹളം ആയതോടെ സ്ഥലത്തേക്ക് ആളുകള്‍ എത്തി തുടങ്ങിയെന്നും അതോടെ അവര്‍ സ്ഥലത്തു നിന്നും പിന്‍മാറിയെന്നും മജ്‌നി പറയുന്നു. സംഭവത്തെ തുടര്‍ന്ന് സ്ഥലത്തെ എയ്ഡ് പോസ്റ്റിലെത്തി പരാതി നല്‍കിയെന്നും മജ്‌നി ഡൂള്‍ ന്യൂസിനോട് പറഞ്ഞു.
സമീപവാസിയായിരുന്നിട്ടു കൂടി തനിക്കും ഭര്‍ത്താവിനുമെതിരെ അസഭ്യവര്‍ഷം നടത്തിയ സദാചാര ഗുണ്ടകള്‍ കാപ്പാടെത്തുന്ന സഞ്ചാരികളോട് ഇതിലും മോശമായിട്ടായിരിക്കും പ്രതികരിക്കുകയെന്നും അവര്‍ പറയുന്നു.
കാപ്പാട് പൊലീസ് എയ്ഡ് പോസ്റ്റിന് മീറ്ററുകള്‍ മാത്രം അകലെയാണ് തങ്ങള്‍ക്ക് ദുരനുഭവമുണ്ടായതെന്നും മജ്‌നി പറയുന്നു. ഭര്‍ത്താവിനേയും സുഹൃത്ത് ഷാഫിയേയും കയ്യേറ്റം ചെയ്യാനും സദാചാരഗുണ്ടകള്‍ ശ്രമിച്ചതായും മജ്‌നി പറയുന്നു.
മജ്‌നിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരുപം
ഇന്ന് വൈകിട്ട് ഏഴുമണിയോടെ ഞാനും എന്റെ ജീവിത സഖാവ് ലനീഷ് കൃഷ്ണനും ഞങ്ങളുടെ പ്രിയപ്പെട്ട കൂട്ടുകാരന്‍ ഷാഫിയും കാപ്പാട് കടപ്പുറത്ത് റിനൈസന്‍സ് റിസോര്‍ട്ടിന് സമീപം റോഡരികില്‍ സംസാരിച്ചിരുന്ന സമയത്ത് രണ്ടു അപരിചിതരായ മധ്യവയസ്‌കര്‍ വന്ന് വളരെ മോശമായി സംസാരിച്ചു… അവര്‍ പോലീസാണന്ന് പറഞ്ഞാണ് വന്നത്. ഞാന്‍ ഐ ഡി ചോദിച്ചതോടെ ചീത്ത വിളിയായി. അവന്‍മാരുടെ മറ്റെടത്തെ മോറല്‍ പോലീസിങ്ങ്…. ഞങ്ങള്‍ ഭാര്യയും ഭര്‍ത്താവുമാണെന്ന് പറഞ്ഞിട്ട് അവന്‍ മാര്‍ക്ക് സമ്മതിക്കാന്‍ പറ്റില്ല പോലും.. അതിനിടയിലൊരുത്തന്‍ ഷാഫിയെ ചോദ്യം ചെയ്യുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു.. ഞങ്ങള്‍ മൂന്നു പേരും നല്ല സ്‌ട്രോങ്ങായി നിന്നതോടെ അതിലൊരാള്‍ സോറി പറയാന്‍ തുടങ്ങി.. ഞങ്ങള്‍ മൂന്നുപേരുമീ നാട്ടുകാരാണ്… സദാചാര മറ്റവന്‍മാര്‍ നാട്ടുകാരായവര്‍ക്ക് നേരെ ഇത്ര മര്യാദകെട്ട ഭാഷ ഉപയോഗി്ക്കുകയാണങ്കില്‍ ആ വിനോദ സഞ്ചാര കേന്ദ്രത്തില്‍ വരുന്ന മറ്റു നാട്ടുകാരുടെ കഥ എന്താകും???? സ്വതന്ത്രരായ മനുഷ്യര്‍ക്ക് സ്വാതന്ത്രമായി ഇരുന്ന് സംസാരിക്കാന്‍ പറ്റില്ലങ്കില്‍ അവിടെ എന്തിനാണ് പോലീസ് സ്റ്റേഷനും എയ്ഡ് പോസ്റ്റും??