വീണ്ടും സദാചാര ഗുണ്ടായിസം; മലപ്പുറത്ത് ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായ യുവാവ് തൂങ്ങിമരിച്ച നിലയില്‍
Kerala News
വീണ്ടും സദാചാര ഗുണ്ടായിസം; മലപ്പുറത്ത് ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായ യുവാവ് തൂങ്ങിമരിച്ച നിലയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 1st September 2018, 11:59 am

മലപ്പുറം: സദാചാര പൊലീസ് ചമഞ്ഞ് ആള്‍ക്കൂട്ടം അക്രമിച്ച യുവാവ് തൂങ്ങിമരിച്ച നിലയില്‍. മലപ്പുറം കുറ്റിപ്പാല സ്വദേശി മുഹമ്മദ് സാജിദിനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

രാത്രി സംശയാസ്പതമായ സാഹചര്യത്തില്‍ കണ്ടെന്നാരോപിച്ചായിരുന്നു യുവാവിനെ ആക്രമിച്ചത്.

ബലപ്രയോഗത്തിലുടെ സാജിദിനെ കെട്ടിയിട്ട ശേഷം ആക്രമിക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം ദൃശ്യങ്ങള്‍ വാട്‌സ് ആപ്പില്‍ പ്രചരിപ്പിച്ചു. ഇതില്‍ മനം നൊന്താണ് യുവാവ് ആത്മഹത്യചെയ്തത്.


Read Also : ആര്‍.എസ്.എസ് മണ്ഡല്‍ കാര്യവാഹകിനെ പോപ്പുലര്‍ ഫ്രണ്ടുകാര്‍ വധിക്കാന്‍ ശ്രമിച്ച കേസ് ഒത്തുതീര്‍ത്തു


 

ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ഈ മാസം 24നാണ് സാജിദിന് ഒരു സംഘം ആളുകളുടെ മര്‍ദ്ദനമേറ്റത്. സാജിദ് താസമിക്കുന്ന പണിക്കര്‍പ്പടി എന്ന സ്ഥലത്ത് നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയുള്ള മമ്മാലിപ്പടി എന്ന സ്ഥലത്തെ വീടിന് സമീപത്ത് സംശയകരമായ സാഹചര്യത്തില്‍ കണ്ടെന്നാരോപിച്ചാണ് ഒരു സംഘം യുവാവിനെ മര്‍ദ്ദിച്ചത്. കയറു കൊണ്ട് കൈകാലുകള്‍ കെട്ടിയിട്ട ശേഷമായിരുന്നു മര്‍ദ്ദനം.

മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. പിന്നീട് പൊലീസെത്തിയാണ് സാജിദിനെ മോചിപ്പിച്ചത്. എന്നാല്‍, ആര്‍ക്കെതിരെയും കേസെടുത്തിരുന്നില്ല. സാജിദിന് പരിക്കേറ്റില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.

സാജിദിനെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇന്നലെ രാവിലെ മുതലാണ് വാട്‌സ് ആപ്പിലും മറ്റും പ്രചരിച്ച് തുടങ്ങിയത്.