Rifa Mehnu | ഈമാനില്ലാതെ ലൈക്കും ഷെയറുമെന്തിനാ? | Trollodu Troll
അനുഷ ആന്‍ഡ്രൂസ്

മുസ്ലിം സ്ത്രീകള്‍ വീട് വിട്ട് പുറത്തിറങ്ങിയ കാലം മുതല്‍, തട്ടമിട് പെണ്ണേ… അനക്ക് മരിക്കണ്ടേ പെണ്ണെ… എന്നുള്ള കമന്റുകള്‍ കേള്‍ക്കുന്നതാണ്. വര്‍ഷങ്ങള്‍ ഒരുപാട് കഴിഞ്ഞിട്ടും അതിനൊരു മാറ്റവും വന്നിട്ടില്ല.

ഇസ്ലാമിലെ ഒരു വിഭാഗം ആണ്‍ക്കൂട്ടങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത ചില കാര്യങ്ങളുണ്ട്. അതില്‍ മുസ്ലിം സ്ത്രീകള്‍ ഡാന്‍സ് കളിക്കുന്നത്, പാട്ട് പാടുന്നത്, സിനിമയില്‍ അഭിനയിക്കുന്നത് എന്ന് തുടങ്ങി ഒരുപാട് കാര്യങ്ങള്‍ ഉണ്ട്. അതില്‍ എന്തെങ്കിലുമൊക്കെ സ്ത്രീകള്‍ ചെയ്തു പോയാല്‍, ഉടന്‍ വിശ്വാസ സംരക്ഷണത്തിന്റെ പേരും പറഞ്ഞ് ദൈവത്തിന്റെ കയ്യില്‍ നിന്നും നേരിട്ട് അനുവാദമെടുത്ത ഇവര്‍, ഈ പെണ്‍കുട്ടികള്‍ക്ക് സ്വര്‍ഗത്തിലേക്ക് എങ്ങനെ പോകാം എന്ന് ക്ലാസെടുക്കാന്‍ ഇറങ്ങും.

കഴിഞ്ഞ ദിവസ്സം യൂറ്റിയൂബറും ആല്‍ബം താരവുമായ ഒരു മുസ്ലിം യുവതി മരണപ്പെട്ടതിനെ തുടര്‍ന്ന് അവര്‍ സ്വര്‍ഗത്തില്‍ പോകുമോ നരകത്തില്‍ പോകുമോ എന്ന ടെന്‍ഷനായിരുന്നു ഈ പറഞ്ഞ കൂട്ടര്‍ക്ക്. ആളുകള്‍ക്ക് ഒരു സ്വാധീനമാകാവുന്ന തരത്തിലേക്ക് വളരുന്ന സ്ത്രീകളെയെല്ലാം വളരെ ടോക്‌സിക്ക് ആയ രീതിയില്‍ മാത്രം സമീപിക്കുന്ന തരത്തിലുള്ള നിരവധി കമന്റുകള്‍ ഈ മരണവാര്‍ത്തയുടെ താഴെ വന്നിരുന്നു.

ഒരു സ്ത്രീയുടെ മരണത്തെ പോലും വെറുതെ വിടാതെ, സ്വര്‍ഗത്തെകുറിച്ചും സമുദായത്തിലെ സ്ത്രീകളുടെ ഈമാനിനെകുറിച്ചും അമിതമായി ടെന്‍ഷന്‍ അടിച്ച് ചുറ്റി തിരിയുകയാണ് ഒരു വിഭാഗം മുസ്‌ലിം സഹോദരങ്ങള്‍.

ഇത് സോഷ്യല്‍ മീഡിയയില്‍ മാത്രമല്ല. മറിച്ച് പൊതുസമൂഹത്തില്‍, പ്രത്യേകിച്ചും രാഷ്ട്രീയ-സാമൂഹിക-കലാരംഗങ്ങളിലെല്ലാം സ്ത്രീകള്‍ പ്രശസ്തരാകുന്നതും, പേരുണ്ടാക്കുന്നതും, അവര്‍ക്ക് ആരാധകരുണ്ടാകുന്നതും, അവര്‍ നാട് ഭരിക്കുന്നതും, പലരിലും കല്ലുകടി ഉണ്ടാക്കുന്നത് നമ്മുക്ക് കാണാന്‍ കണിയും.

സ്ത്രീകള്‍ അല്‍പ്പം തലയുയര്‍ത്തിയാല്‍ ആ തല ആണി അടിച്ച് താഴ്ത്താതെ ഇവര്‍ക്ക് ഉറക്കമില്ല.

സമുഹത്തില്‍ ആളുകളെ സ്വാധീനിക്കാന്‍ കഴിവുള്ള തരത്തിലേക്ക് വളര്‍ന്ന ഒരു സ്ത്രീയുടെ ജീവിതത്തിലുണ്ടാകുന്ന വീഴ്ച്ചകളെ, പാളിച്ചകളെ, മരണത്തെ വരെ മതത്തിന്റെ പേരില്‍ അവരെ താഴ്ത്തിക്കെട്ടാനുളള ടൂളാക്കി മാറ്റുകയാണ് ഈ പറഞ്ഞവര്‍

സോഷ്യല്‍ മീഡിയയിലും പുറത്തുമൊക്കെയുള്ള ആ ആണ്‍ ആങ്ങളമാര്‍ കാരണം അനുഭവിക്കേണ്ടി വരുന്നത് ഈ സമുദായത്തിലെ തന്നെ സ്ത്രീകളും ലൈംഗിക ന്യൂനപക്ഷങ്ങളുമാണ്. ഇന്ത്യന്‍ സാഹചര്യത്തില്‍ വലിയ അടിച്ചമര്‍ത്തല്‍ നേരിടുന്ന ഒരു സാമൂഹ്യവിഭാഗത്തിലെ പ്രബലര്‍ അവര്‍ക്കിടയിലെ ദുര്‍ബലരെ ഇങ്ങനെ അടിച്ചമര്‍ത്തുന്നത്, തങ്ങള്‍ ഇരിക്കുന്ന ചില്ല വെട്ടുന്ന തരം പരിപാടിയാണ് എന്ന് എത്ര പറഞ്ഞാലും മനസ്സിലാകില്ല എന്ന പോലെയാണ്. ഇതുകൊണ്ട് ഉപകാരം ഉണ്ടാക്കുന്നത് സംഘപരിവാര്‍ മാത്രം.


Content Highlight: Moral cyber hate and attack following the death of vlogger and album star Rifa Mehnu

അനുഷ ആന്‍ഡ്രൂസ്
ഡൂള്‍ന്യൂസില്‍ മള്‍ട്ടിമീഡിയ ജേണലിസ്റ്റ്. ചെന്നൈ എസ്.ആര്‍.എം. യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദം.