'ഈ പരിപാടി നിര്‍ത്തണം, കേസുമായി ശക്തമായി മുന്നോട്ടുപോകും'; മണ്ണാര്‍ക്കാട് സദാചാര ആക്രമണത്തില്‍ രക്ഷിതാക്കള്‍
Kerala News
'ഈ പരിപാടി നിര്‍ത്തണം, കേസുമായി ശക്തമായി മുന്നോട്ടുപോകും'; മണ്ണാര്‍ക്കാട് സദാചാര ആക്രമണത്തില്‍ രക്ഷിതാക്കള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 24th July 2022, 8:08 am

പാലക്കാട്: മണ്ണാര്‍ക്കാട് കരിമ്പയില്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ സദാചാര അക്രമണം നടന്ന സംഭവത്തില്‍ കേസുമായി ശക്തമായി മുന്നോട്ടുപോകുമെന്ന് രക്ഷിതാക്കള്‍. ഇപ്പോഴുള്ള കേസ് മാത്രമല്ല പല കുട്ടികള്‍ക്കും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ടെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു രക്ഷിതാക്കളുടെ പ്രതികരണം.

കുട്ടികളെ ദേഹോദ്രോപവമാണ് ഏല്‍പ്പിച്ചിരിക്കുന്നത്. അത് അനുവദിച്ചുകൊടുക്കാന്‍ സാധിക്കുന്ന ഒന്നല്ല. നടപടി സ്വീകരിച്ചില്ലെങ്കില്‍ ഇനിയും ഇത്തരത്തിലുള്ള അതിക്രമങ്ങള്‍ തുടരും. ഈ പരിപാടി നിര്‍ത്തണം. ഈ കുട്ടികള്‍ ഇനിയും ഒരു വര്‍ഷം അവടെ പഠിക്കേണ്ടതാണ്. നാളെ ഇതുപോലുള്ള അനുഭവം ഉണ്ടായാല്‍ അത് ബുദ്ധിമുട്ടാണ്. കുട്ടികളുടെ ദേഹത്ത് കൈവെക്കാനുള്ള അവകാശം ആര്‍ക്കുമില്ലെന്നും രക്ഷിതാക്കള്‍ പ്രതികരിച്ചു. തുടക്കത്തില്‍ ഒത്തുതീര്‍പ്പിന് ശ്രമം നടന്നെങ്കിലും നിലവില്‍ പൊലീസ് അന്വേഷണം നടക്കുന്നുണ്ടെന്നും ഇവര്‍ പറഞ്ഞു.

ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരുന്നതിന്റെ പേരില്‍ വിദ്യാര്‍ത്ഥികളെ നാട്ടുകാര്‍ മര്‍ദിച്ചതിന്‍െ പേരില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ബസ് സറ്റോപ്പില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇടകലര്‍ന്നിരുന്ന് വിദ്യാര്‍ഥികള്‍ പ്രതീകാത്മക പ്രതിഷേധം സംഘടിപ്പിച്ചിച്ചിരുന്നു. പ്രദേശത്ത് എസ്.എഫ്.ഐയുടെ നേതൃത്യത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.

സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റിലായിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കരിമ്പ സ്വദേശികളായ സിദ്ദിഖ്, ഹരീഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രദേശത്തെ കടകളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു വരികയാണ്.

സ്‌കൂളിന് സമീപത്തെ ബസ് സ്റ്റോപ്പില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരുന്നു എന്ന് ആരോപിച്ചാണ് സദാചാരവാദികളുടെ മര്‍ദനം ഉണ്ടായത്. മുഖത്തിനും കൈക്കും പരിക്കേറ്റ വിദ്യാര്‍ത്ഥികള്‍ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

സ്‌കൂള്‍ വിട്ടതിന് ശേഷം സ്‌കൂളിന് സമീപത്തുള്ള പനയംപാടത്തെ സ്റ്റോപ്പില്‍ ബസ് കാത്തിരിക്കുമ്പോഴായിരുന്നു സംഭവം. ഈ സമയത്ത് ബസ് സ്റ്റോപ്പില്‍ അഞ്ച് ആണ്‍കുട്ടികളും അഞ്ച് പെണ്‍കുട്ടികളുമാണ് ഉണ്ടായിരുന്നത്.

അവിടേക്കെത്തിയ ഒരു നാട്ടുകാരന്‍ തങ്ങള്‍ ഒരുമിച്ചിരിക്കുന്നത് ചോദ്യം ചെയ്‌തെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. വിദ്യാര്‍ത്ഥിനികളെ അസഭ്യം പറയുകയും മര്‍ദ്ദിക്കാനൊരുങ്ങുകയും ചെയ്‌തെന്നും പരാതിയില്‍ പറയുന്നു. ഇത് ചോദ്യം ചെയ്തപ്പോള്‍ നാട്ടുകാര്‍ കൂട്ടം ചേര്‍ന്ന് തങ്ങളെ മര്‍ദിച്ചെന്നാണ് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്.