കാസര്‍ഗോഡ്: കാസര്‍ഗോഡ് മേല്‍പ്പറമ്പില്‍ പിറന്നാള്‍ ആഘോഷത്തിന് എത്തിയ യുവതീ യുവാക്കള്‍ക്ക് നേരെ സദാചാര ആക്രമണം. വാഹനത്തില്‍ ഏറെ നേരം ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരുന്നെന്ന് ആരോപിച്ച് നാട്ടുകാര്‍ യുവതിയെയെും യുവാവിനെയും ആക്രമിക്കുകയായിരുന്നു. വാഹനത്തില്‍ നിന്നും ഇറങ്ങാന്‍ അനുവദിക്കാതെ തടഞ്ഞുവെച്ചു എന്നാണ് യുവാക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ ഒരാളെ മേല്‍പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇന്നലെ വൈകിട്ടായിരുന്നു സംഭവം നടന്നത്. പിറന്നാള്‍ ആഘോഷിക്കാനായി മൂന്ന് യുവതികളും മൂന്ന് യുവാക്കളും ചേര്‍ന്ന് കാറില്‍ സഞ്ചരിക്കുകയായിരുന്നു. തുടര്‍ന്ന് ഭക്ഷണം കഴിക്കാനായി ഇവര്‍ മേല്‍പ്പറമ്പില്‍ എത്തുകയായിരുന്നു. എന്നാല്‍ മഴയായതിനാല്‍ ഇവര്‍ കാറില്‍ തന്നെ ഇരിക്കവെ നാട്ടുകാര്‍ വന്ന് ചോദ്യം ചെയ്യുകയായിരുന്നു. ഇതിനെതിരെ സംസാരിച്ച യുവാവിനെ നാട്ടുകാര്‍ മര്‍ദിച്ചു. മുന്‍സീറ്റില്‍ ഇരിക്കുകയായിരുന്ന യുവതിക്കും മര്‍ദനമേറ്റു. മണിക്കൂറുകളോളം തടഞ്ഞുവെച്ചുവെന്നാണ് ഇവര്‍ പൊലീസില്‍ നല്‍കിയിരിക്കുന്ന പരാതിയില്‍ പറയുന്നത്.
തടഞ്ഞുവെച്ചതിന് ശേഷം നാട്ടുകാര്‍ തന്നെ പൊലീസിനെ വിളിച്ചുവരുത്തിയിരുന്നു. തുടര്‍ന്ന് പൊലീസ് എത്തി ഇവരെ സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും തടഞ്ഞുവെച്ചവരെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.
സ്റ്റേഷനില്‍ നിന്നും യുവതി യുവാക്കളെ രക്ഷിതാക്കളോടൊപ്പം വിട്ടു. തടഞ്ഞുവെച്ചവരില്‍ ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടെന്നും ഇവരെയെല്ലാം അറസ്റ്റ് ചെയ്യുമെന്നും കാസര്‍ഗോഡ് ഡി.വൈ.എസ്.പി അറിയിച്ചു. പത്തോളം പ്രതികള്‍ സംഭവത്തില്‍ ഉണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
Content Highlight: Moral attack in kasargod