മമ്മൂട്ടിയോടൊപ്പം അഭിനയച്ചതിന്റെ അനുഭവം പങ്കുവെക്കുകയാണ് യുവനടന്‍ മൂര്‍. എം.ടിയുടെ നാല് കഥകളെ ആസ്പദമാക്കി തയ്യാറാക്കുന്ന ആന്തോളജി ചിത്രത്തില്‍ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന സിനിമയിലാണ് മമ്മൂട്ടിയോടൊപ്പം മൂര്‍ അഭിനയിച്ചത്.
മമ്മൂക്കയൊടൊപ്പമുള്ള സീനുകള്‍ ചെയ്യുമ്പോള്‍ വലിയ ടെന്‍ഷന്‍ അനുഭവിച്ചെന്നും എന്നാല്‍ ആ ഓരോ നിമിഷവും തനിക്ക് ഏറെ വിലപ്പെട്ടതാണെന്നും മൂര്‍ പറഞ്ഞു. മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മൂര്‍. ലൊക്കേഷനിലും ഷൂട്ടിന്റെ സമയത്തുമുണ്ടായ തനിക്ക് ഏറെ പ്രിയപ്പെട്ട നിമിഷങ്ങളെ കുറിച്ചാണ് അഭിമുഖത്തില്‍ മൂര്‍ സംസാരിക്കുന്നത്.
‘ആ സിനിമ ചെയ്യുന്ന ഓരോ നിമിഷവും എനിക്ക് വലിയ അഭിമാനമൊക്കെ തോന്നിയിരുന്നു. മമ്മൂക്കയെ കണ്ടുകൊണ്ടിരുന്ന എല്ലാ മൊമന്റും വളരെ വിലപ്പെട്ടതാണ്. ഷൂട്ട് നടക്കുന്ന സ്ഥലത്തെ നാട്ടുകാരുമായി ഞാന്‍ നല്ല ബന്ധത്തിലായിരുന്നു. ഈ ബീഡി ബന്ധം എന്ന് പറയുന്നത് നല്ലൊരു ബന്ധമാണ്. എനിക്ക് അവിടെ നിന്നും കരിക്ക് കേറി പറിക്കാം. അങ്ങനെയായിരുന്നു.
അങ്ങനെ ഞങ്ങള്‍ ഒരു ദിവസം കരിക്ക് പറിച്ച് കഴിക്കുകയായിരുന്നു. കരിക്കുമായി രഞ്ജിത്ത് സാറിനെ കാണാന്‍ പോയി. ആള്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ സീനിയറാണ്. ഞാന്‍ കരിക്കുമായി ചെല്ലുമ്പോള്‍ മമ്മൂക്കയും അവിടെയുണ്ടായിരുന്നു. പുള്ളിക്കും കൊടുത്തു.
അപ്പോ ആരാണ് പറിച്ചതെന്ന് ചോദിച്ചു. ഞാനാണെന്ന് പറഞ്ഞു. എങ്ങനെ പറിച്ചെന്ന് ചോദിച്ചപ്പോള്‍ ഏണിയുണ്ടായിരുന്നുവെന്ന് ഞാന്‍ പറഞ്ഞത് പുള്ളി കേട്ടില്ല. ‘സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് തെങ്ങ് കയറാനാണോ അതോ അഭിനയമാണോ പഠിച്ചതെന്ന് ചോദിച്ചു. നിങ്ങളൊക്കെ കള്ള് മോട്ടിക്കാന്‍ കേറി പഠിച്ചതായിരിക്കുമല്ലേയെന്ന് രഞ്ജിത്ത് സാറിനോടും ചോദിച്ചു.
മമ്മൂക്കയോടൊപ്പം അഭിനയിക്കുമ്പോള്‍ വാക്ക് പോലും മറന്നുപോകുമെന്ന് പലരും പറഞ്ഞ് ഞാനും കേട്ടിട്ടുണ്ടായിരുന്നു. അതൊക്കെ കേള്‍ക്കുമ്പോള്‍ ഓപ്പോസിറ്റ് നില്‍ക്കുന്നത് ഒരു നടനല്ലേ, ഇങ്ങനെയൊക്കെ ഉണ്ടാവുമോയെന്നായിരുന്നു എന്റെ തോന്നല്‍.
സ്വയം അനുഭവിച്ചപ്പോള്‍ എനിക്കത് മനസിലായി. ഡയലോഗൊക്കെ മറന്നുപോയി. അതും മലയാളത്തില്‍ പോലുമല്ല ഡയലോഗ്, സിംഹളഭാഷയിലാണ്. അതുകൊണ്ട് എന്തെങ്കിലും പറഞ്ഞൊപ്പിക്കാനും പറ്റില്ല. കൃത്യമായി തന്നെ പറയണം.
ഷൂട്ട് തുടങ്ങിയാല്‍ ആദ്യ വാക്ക് തന്നെ മറന്നുപോകുമെന്ന് എനിക്ക് കുറച്ച് കഴിഞ്ഞപ്പോള്‍ മനസിലായി. അതുകൊണ്ട് ഡയലോഗിന്റെ ആദ്യ വാക്കും അക്ഷരവുമൊക്കെ കാണാന്‍ പാകത്തില്‍ പലയിടത്തും എഴുതിവെക്കാന്‍ തുടങ്ങി.
ചിത്രത്തിന്റെ ക്യാമറമാനായ സുജിത്ത് വാസുദേവന്‍ എന്റെ ടെന്‍ഷന്‍ കണ്ട് എന്നോട് സംസാരിച്ചു. എന്തിനാണ് നീ ഇങ്ങനെ ടെന്‍ഷനടിക്കുന്നതെന്ന് ചോദിച്ചു. സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ പഠിച്ചവനല്ലേ, കളയൊക്കെ ചെയ്തവനല്ലേയെന്ന് ചോദിച്ചു. പക്ഷെ ഇതൊന്നും ഞാന്‍ കേള്‍ക്കുന്നേയില്ല.
മമ്മൂക്കയുടെ ക്യാരക്ടര്‍ ഓപ്പസിറ്റ് നില്‍ക്കുന്ന സീനുണ്ടായിരുന്നു. ഷൂട്ട് സമയത്ത് എനിക്ക് സജഷന്‍ നില്‍ക്കാന്‍ ഡ്യൂപ്പിനെയൊക്കെ നിര്‍ത്തിയാല്‍ മതി. പക്ഷെ മമ്മൂക്ക തന്നെയായിരുന്നു നിന്നത്. അതുകൊണ്ട് ഓരോ തവണ തെറ്റിക്കുമ്പോഴും എനിക്ക് വലിയ ടെന്‍ഷനായിരുന്നു. ഞാന്‍ തെറ്റിച്ചാല്‍ മമ്മൂക്ക പോസ്റ്റാണ്. ഞാനും ഒരു സാധാരണ മനുഷ്യനാണെന്നൊക്കെ മമ്മൂക്ക പറയുന്നുണ്ട്. പക്ഷെ എനിക്കതൊന്നും കേള്‍ക്കാനേ പറ്റുന്നുണ്ടായിരുന്നില്ല.
അതിനകത്ത് ഒരു ഡയലോഗ് പറയാനുണ്ടായിരുന്നു. അത് പറയാന്‍ പഠിപ്പിച്ച് തന്നത് മമ്മൂക്കയായിരുന്നു. മമ്മൂക്കയില്‍ നിന്നും എന്ത് പഠിച്ചെന്ന് ചോദിച്ചാല്‍, കണ്ടു പഠിക്കലല്ല, കണ്ടു കൊതിക്കലാണന്നേ എനിക്ക് പറയാന്‍ പറ്റു. ദുല്‍ഖര്‍ സല്‍മാനൊക്കെയാണെങ്കില്‍ കണ്ടു പഠിക്കാം. നമുക്ക് കണ്ടു കൊതി തീര്‍ന്നിട്ടല്ലേ പഠിക്കാന്‍ പറ്റു,’ മൂര്‍ പറയുന്നു.
കളയിലെ പയ്യന്‍ എന്ന നായക കഥാപാത്രത്തിലൂടെയാണ് മൂര്‍ പ്രേക്ഷകശ്രദ്ധ നേടുന്നത്. ജിയോ ബേബി സംവിധാനം ചെയ്ത് ശ്രീധന്യ കാറ്ററിങ്ങാണ് മൂറിന്റെ അവസാനമിറങ്ങിയ ചിത്രം.
Content Highlight: Moor about acting with Mammootty